ബെയ്‌റൂട്ട്: രാജ്യത്തെ 12 അഭയാര്‍ത്ഥി ക്യാമ്പുകളിലെ പലസ്തീന്‍ വിഭാഗങ്ങളെ നിരായുധരാക്കാനുള്ള ലെബനന്റെ നീക്കം വ്യാഴാഴ്ച ബെയ്റൂട്ടിലെ ബുര്‍ജ് അല്‍-ബരാജ്നെ ക്യാമ്പില്‍ ആരംഭിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മെയ് 21 ന് ലെബനന്‍ പ്രസിഡന്റ് ജോസഫ് ഔനും ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ലെബനന്‍ രാജ്യത്തിന് മാത്രമേ ആയുധങ്ങള്‍ വഹിക്കാനാകുള്ളൂ എന്ന് സമ്മതിച്ചതിനെ തുടര്‍ന്നാണ് ഈ നീക്കം.
ഇസ്രഈലിനെ നേരിട്ട് ഭീഷണിപ്പെടുത്തുന്ന ഹിസ്ബുള്ള പോലുള്ള ഗ്രൂപ്പുകളെ അകറ്റിനിര്‍ത്താനും എല്ലാ ആയുധങ്ങളും ലെബനന്‍ സായുധസേനയുടെ പരിധിയില്‍ കൊണ്ടുവരാനും വേണ്ടി യു.എസ് നടത്തിയ സമ്മര്‍ദത്തിന്റെ ഫലമാണ് ഇതെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
വെടിനിര്‍ത്തല്‍ ലംഘിച്ചുകൊണ്ട് ലെബനന്റെ തെക്കന്‍ പ്രവിശ്യല്‍ ഇസ്രഈല്‍ തുടര്‍ച്ചയായി ബോംബാക്രണം നടത്തുന്നതിനിടയിലും നവംബറില്‍ ലെബനനും ഇസ്രഈലും ഒപ്പുവെച്ച കരാറിലെ വ്യവസ്ഥയുടെ ഭാഗമായാണ് ഈ നീക്കമെന്നും റിപ്പോര്‍ട്ടുണ്ട്.
തന്റെ ആളുകള്‍ ശേഖരിച്ച നിയമവിരുദ്ധമായ ആയുധങ്ങളാണ് കൈമാറുന്നതെന്നും സ്വന്തം ആയുധങ്ങളല്ലെന്നും ബുര്‍ജ് അല്‍ ബരാജ്‌നെയിലെ ഫലസ്തീന്‍ ഫത്താ കമാന്‍ഡര്‍ സോബി അബു അറബ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അധിനിവേശ വെസ്റ്റ് ബാങ്കിലെ റാമല്ലയില്‍ ഫലസ്തീന്‍ അതോറിറ്റിയുടെ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള പാര്‍ട്ടിയാണ് ഫത്താ.
എവിടെ നിന്നാണ് ആയുധങ്ങള്‍ എന്ന ചോദ്യത്തിന് എല്ലായിടത്തുനിന്നും ലഭിക്കുന്നതാണ് ഇതെന്നും ഈ വിവരങ്ങള്‍ കൊണ്ട് നിങ്ങള്‍ക്ക് എന്താണ് പ്രയോജനമെന്നും സോബി അബു അറബ് ചോദിച്ചു. ക്യാമ്പിലെ ഫത്താ പോരാളികളെ നിരായുധീകരിക്കാന്‍ സ്‌റ്റേറ്റ് തങ്ങളോട് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ലെബനീസും ഫലസ്തീനികളും ഒന്നാണെന്ന് ലെബനനിലെ സാധാരണജനങ്ങള്‍ ഉറപ്പുവരുത്തണെന്നും അബു അറബ് ആവശ്യപ്പെട്ടു. ലെബനീസ് രഹസ്യാന്വേഷണ, സുരക്ഷാ സ്ഥാപനങ്ങളുമായി ആയുധ കൈമാറ്റം ഏകോപിപ്പിക്കാനുള്ള നടപടികള്‍ നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ മാസം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി പ്രധാന മന്ത്രി നവാസ് സലാം നടത്തിയ സന്ദര്‍ശനത്തിന് പിന്നാലെയാണ് ലെബനന്റെ സ്ഥിതി പലരും കരുതിയിരുന്നതിനെക്കാള്‍ അപകടമാണെന്ന് മനസിലായതെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹിസ്ബുള്ള പോലുള്ള രാഷ്ട്രീയേതര സംഘടനകളെ നിരായുധീകരണം പോലുള്ള പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാതെ ലെബനന്റെ രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ മധ്യസ്ഥത വഹിക്കുന്ന ഫ്രാന്‍സ് പോലുള്ള രാജ്യങ്ങള്‍ക്ക് ഇടപെടാനാകില്ലെന്ന് കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയിരുന്നു. യു.എന്‍. സമാധാന സേനയായ യൂണിഫിലിന് യു.എസിന്റെ ധനസഹായമില്ലാതെ ഒന്നും ചെയ്യാനാകില്ലെന്നും മുഴുവന്‍ ചെലവ് ഫ്രാന്‍സിന് താങ്ങാനാകില്ലെന്നും അറിയിച്ചതോടെ ഹിസ്ബുള്ളയെ നിരായുധീകരിക്കാന്‍ നവാസ് സലാം നിര്‍ബന്ധിതനാവുകയായിരുന്നു.
സന്ദര്‍ശനത്തിന് പിന്നാലെ ലെബനനിലെത്തിയ നവാസ് സലാം പ്രസിഡന്റെ ജോസഫ് ഔണുമായി കൂടിക്കാഴ്ച നടത്തി കാര്യങ്ങള്‍ വിശദീകരിച്ചു. ഹിസ്ബുള്ളയുടെ നിരായുധീകരണം ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചതിന് ശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടത്.