രാഷ്ട്രീയ പ്രവര്‍ത്തനം മതി, സൈനിക നീക്കം വേണ്ട; ഹിസ്ബുല്ലയുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് ലെബനന്‍ പ്രധാനമന്ത്രി
Hezbollah
രാഷ്ട്രീയ പ്രവര്‍ത്തനം മതി, സൈനിക നീക്കം വേണ്ട; ഹിസ്ബുല്ലയുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് ലെബനന്‍ പ്രധാനമന്ത്രി
അനിത സി
Monday, 2nd March 2026, 6:39 pm

ബെയ്‌റൂട്ട്: ഇറാന്‍-യു.എസ്-ഇസ്രഈല്‍ സംഘര്‍ഷത്തില്‍ സൈനികപരമായ ഇടപെടല്‍ നടത്തുന്നതില്‍ നിന്നും ഹിസ്ബുല്ലയെ വിലക്കി ലെബനന്‍ സര്‍ക്കാര്‍. ഹിസ്ബുല്ലയുടെ സൈനിക, സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുകയാണെന്ന് ലെബനന്‍ പ്രധാനമന്ത്രി നവാഫ് സലാം പറഞ്ഞു.

രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായാല്‍ മതിയെന്നും ആയുധമെടുക്കേണ്ടെന്നും നവാഫ് സലാം ആവശ്യപ്പെട്ടു. ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തുന്നതിനൊപ്പം ആയുധങ്ങള്‍ രാജ്യത്തിന് കൈമാറണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ലെബനന്റെ പ്രദേശത്ത് നടക്കുന്ന ഏതൊരു സൈനിക നടപടിയെയും രാജ്യം തള്ളിക്കളയുന്നു. നിയമപരമായ രാജ്യത്തിന്റെ സ്ഥാപനങ്ങള്‍ ഒഴികെയുള്ളവരുടെ ഏതൊരു തരത്തിലുള്ള സൈനിക പ്രവര്‍ത്തനങ്ങളും നിരോധിക്കും.

യുദ്ധവും സമാധാനവും സംബന്ധിച്ച തീരുമാനങ്ങള്‍ രാജ്യത്തിന്റേത് മാത്രമാണെന്നും ലെബനന്‍ പ്രസിഡന്റ് ജോസഫ് ഔണിന്റെ അധ്യക്ഷതയില്‍ നടന്ന മന്ത്രിസഭാ യോഗത്തിന് ശേഷം പ്രധാനമന്ത്രി പറഞ്ഞു.

ലിതാനി നദിയുടെ വടക്ക് ഭാഗത്തുള്ള സായുധ ആക്രമണങ്ങള്‍ സൈന്യത്തിന്റെ നിയന്ത്രണത്തില്‍ മാത്രമാക്കാനും മറ്റ് സംഘടനകളെ തടയാനും സര്‍ക്കാര്‍ സൈന്യത്തോട് നിര്‍ദേശിച്ചു.

ലെബനനില്‍ ഇസ്രഈല്‍ നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കുള്ള മറുപടിയായി തിങ്കളാഴ്ച പുലര്‍ച്ചെ വടക്കന്‍ ഇസ്രഈലിലെ സൈനിക കേന്ദ്രത്തില്‍ ആക്രമണം നടത്തിയതായി ഹിസ്ബുല്ല അവകാശപ്പെട്ടിരുന്നു.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖംനഇയുടെ കൊലപാതകത്തിനും ലെബനനിലെ ജനങ്ങള്‍ക്ക് വേണ്ടിയുമാണ് ആക്രമണമെന്ന് ഹിസ്ബുല്ല പ്രതികരിച്ചിരുന്നു.

ഹിസ്ബുല്ലയുടെ ആക്രമണത്തിന് പിന്നാലെ ലെബനനിലെ ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ ഇസ്രഈല്‍ നിരവധി തവണ വ്യോമാക്രമണവും നടത്തി. 31 പേര്‍ കൊല്ലപ്പെടുകയും 149 പേര്‍ക്ക് പരിക്കേറ്റെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Lebanese Prime Minister bans Hezbollah’s activities

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.