പഞ്ചായത്ത് ഓഫീസിന് മുന്നിലെ 'ശുദ്ധികലശം'; ലീഗ് പ്രവര്‍ത്തകര്‍ ദലിത് ജനവിഭാഗത്തെയും ഭരണഘടനയെയുമാണ് അപമാനിച്ചത്: ടി.എസ്. ശ്യാം കുമാര്‍
Kerala
പഞ്ചായത്ത് ഓഫീസിന് മുന്നിലെ 'ശുദ്ധികലശം'; ലീഗ് പ്രവര്‍ത്തകര്‍ ദലിത് ജനവിഭാഗത്തെയും ഭരണഘടനയെയുമാണ് അപമാനിച്ചത്: ടി.എസ്. ശ്യാം കുമാര്‍
അനിത സി
Wednesday, 17th December 2025, 4:14 pm

കോഴിക്കോട്: പാലക്കാട് ജില്ലയിലെ വിളയൂര്‍ ഗ്രാമപഞ്ചായത്തിന് മുന്നിലും കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് പഞ്ചായത്തിന് മുന്നിലും ദളിത് പ്രസിഡന്റുമാര്‍ സ്ഥാനത്തിരുന്നതിന്റെ പേരില്‍ ‘ശുദ്ധികലശം’ നടത്തിയ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ സംസ്‌കൃത പണ്ഡതിനും ഗവേഷകനുമായ ടി.എസ്. ശ്യാം കുമാര്‍.

ഈ പ്രവൃത്തിയിലൂടെ ലീഗ് പ്രവര്‍ത്തകര്‍ ഇന്ത്യയിലെ ദലിത് ജനവിഭാഗത്തെയും ഇന്ത്യന്‍ ഭരണഘടനയെയുമാണ് അപമാനിച്ചിരിക്കുന്നതെന്ന് ശ്യാം കുമാര്‍ വിമര്‍ശിച്ചു.

ജാതിവ്യവസ്ഥയുടെ പുറന്തള്ളല്‍ ഹിംസ ഇന്ത്യയിലെ മറ്റിതര മതവിഭാഗങ്ങളിലുള്‍പ്പെട്ടവരും സ്വാംശീകരിച്ചിട്ടുള്ളതിന്റെ അനന്തരഫലം കൂടിയായി മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുടെ ശുദ്ധികലശത്തെ വിലയിരുത്താമെന്ന് ശ്യാം കുമാര്‍ ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടു.

പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ ‘ശുദ്ധികലശം’ നടത്തിയവരുടെ രാഷ്ട്രീയം അയിത്തവും സവര്‍ണതയും അങ്ങേയറ്റത്തെ ഹിംസയും പുലര്‍ത്തുന്ന രാഷ്ട്രീയം തന്നെയാണെന്നും കാലങ്ങളായി ജാതി ഹിന്ദുക്കള്‍ കീഴോര്‍ മനുഷ്യരോട് വെച്ചു പുലര്‍ത്തുന്ന വെറുപ്പിന്റെയും പുറന്തള്ളലിന്റെയും സാംസ്‌കാരിക രാഷ്ട്രീയമാണ് ശുദ്ധികലശം നടത്തിയവര്‍ പിന്‍പറ്റുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദളിത് പ്രസിഡന്റ് ഭരിച്ചിരുന്ന പാലക്കാട് വിളയൂര്‍ ഗ്രാമപഞ്ചായത്തിന് മുമ്പില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ പുണ്യാഹം തളിച്ചാണ് ‘ശുദ്ധീകരണ പ്രവൃത്തി’ നടത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയായിരുന്നു നടപടി.

എല്‍.ഡി.എഫിന്റെ കയ്യില്‍ നിന്നും യു.ഡി.എഫ് പിടിച്ചെടുത്തതോടെയാണ് കഴിഞ്ഞ ടേമില്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ള സി.പി.ഐ.എം ലോക്കല്‍ കമ്മറ്റി അംഗം ബേബി ഗിരിജ ഭരണം നടത്തിയിരുന്ന പഞ്ചായത്ത് ഓഫീസിന് മുന്നിലെത്തി ലീഗ് പ്രവര്‍ത്തകര്‍ പുണ്യാഹം തളിച്ച് ശുദ്ധിവരുത്തിയത്.

വിളയൂര്‍ ഗ്രാമപഞ്ചായത്തില്‍ ആകെയുള്ള 17 വാര്‍ഡുകളില്‍ 14 സീറ്റുകളിലും എല്‍.ഡി.എഫിനെ പരാജയപ്പെടുത്തിയാണ് യു.ഡി.എഫ് അധികാരത്തിലെത്തിയത്.

കോഴിക്കോട് ചങ്ങോരത്ത് ലീഗ് പ്രവര്‍ത്തകര്‍ ദളിത് പ്രസിഡന്റ് ഭരിച്ച പഞ്ചായത്തിന് മുമ്പില്‍ ചാണകവെള്ളം തളിച്ചായിരുന്നു ‘ശുദ്ധീകരണം’ നടത്തിയത്.

എസ്.സി വിഭാഗത്തില്‍പ്പെടുന്ന പേരാമ്പ്രയിലെ സി.പി.ഐ.എം മുതിര്‍ന്ന നേതാവായ ഉണ്ണി വേങ്ങേരിയായിരുന്നു കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം ചങ്ങരോത്തിലെ പഞ്ചായത്ത് പ്രസിഡന്റ്.

പിന്നീട്, തങ്ങള്‍ ചാണകവെള്ളമല്ല, വെറും പച്ചവെള്ളമാണ് തളിച്ചതെന്നും മുസ്ലിം ലീഗ് നേതൃത്വം വിശദീകരിച്ചിരുന്നു. ഇത്തരത്തില്‍ ഒരു ആഘോഷം യു.ഡി.എഫിന്റെ അറിവോടെ ആയിരുന്നില്ലെന്നും ലീഗ് നേതൃത്വം പ്രതികരിച്ചിരുന്നു.

Content Highlight: League workers insulted the Dalit community and the Constitution: TS Syam Kumar

അനിത സി
ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍