കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി-മുജാഹിദ് താത്പര്യങ്ങള്‍ക്ക് അനുസൃതമായി സമസ്തയില്‍ ഭിന്നതയുണ്ടാക്കി മുതലെടുപ്പിന് ശ്രമിക്കുന്ന മുസ്‌ലിം ലീഗിലെ ഒരു വിഭാഗത്തിന്റെ നീക്കം തീക്കൊള്ളികൊണ്ട് തലചൊറിയലാണെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് തിക്കോടി. ഇത് അവസാനിപ്പിച്ചില്ലെങ്കില്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും നൗഷാദ് തിക്കോടി മുന്നറിയിപ്പ് നല്‍കി.
സമസ്തയുടെ മുഷാവറ അംഗം മുക്കം ഉമര്‍ ഫൈസിയെ കായികമായി നേരിടുമെന്ന ലീഗ് നേതാവ് ഷാഫി ചാലിയത്തിന്റെ ഭീഷണി കേരള സുന്നി സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും നൗഷാദ് തിക്കോടി പറഞ്ഞു.
സുന്നി പിളര്‍പ്പിന്റെ പശ്ചാത്തലത്തില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരെ ലീഗ് വേട്ടയാടിയതും സുന്നി പണ്ഡിതന്മാരെ ഉള്‍പ്പെടെ തലയലില്‍ ഇരുമ്പ് കമ്പി അടിച്ചിറക്കി കൊലപ്പെടുത്തിയതും കേരളീയ സുന്നി സമൂഹം മറന്നിട്ടില്ല. അന്ന് കാന്തപുരം ഉസ്താദിന്റെ കൈ വെട്ടാന്‍ നടന്നവര്‍ ഇന്ന് കാന്തപുരം ഉസ്താദിന്റെ കൈ മുത്താന്‍ മത്സരിക്കുകയാണെന്നും നൗഷാദ് തിക്കോടി പറഞ്ഞു.
പാണക്കാട് പൂക്കോയ തങ്ങള്‍ മുതല്‍ ഹൈദരലി ശിഹാബ് തങ്ങള്‍ വരെയുള്ള മരണപ്പെട്ട ബഹുമാന്യതങ്ങന്‍മാരുടെ പേര് കേള്‍ക്കുമ്പോള്‍ പ്രാര്‍ത്ഥിക്കുന്നവരാണ് കേരളത്തിലെ മുഴുവന്‍ സുന്നികളും. ഇന്ന് ജീവിച്ചിരിക്കുന്ന പാണക്കാട് സയ്യിദന്‍മാരുടെ ആഫിയത്തിനും ദീര്‍ഘായുസിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നവരുമാണ് സുന്നി സമൂഹം.
ഐ.എന്‍.എല്ലില്‍ ആയിരുന്നപ്പോള്‍ ലീഗ് പിരിച്ചുവിടണമെന്നാവശ്യപ്പെട്ട പി.എം.എ സലാം ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായതിന് ശേഷമാണ് സമസ്തയില്‍ കുത്തി തിരുപ്പുണ്ടാക്കുന്നതും പണ്ഡിതന്‍മാരെ ആക്ഷേപിക്കുന്നതും പതിവായിരിക്കുന്നതെന്നും നൗഷാദ് തിക്കോടി ആരോപിച്ചു.
ജമാഅത്തെ ഇസ്‌ലാമിയുടെയും മുജാഹിദിന്റെയും നിയന്ത്രണത്തില്‍ രാഷ്ട്രീയം മുന്നോട്ട് കൊണ്ടുപോകാനാണ് ലീഗ് ശ്രമിക്കുന്നത്. കേരളീയ സുന്നി സമൂഹം നെഞ്ചോട് ചേര്‍ത്തുവെക്കുന്ന പാണക്കാട് കുടുംബവുമായുള്ള ആത്മബന്ധത്തില്‍ വിള്ളലുണ്ടാക്കാനുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ ഗൂഡപദ്ധതി നടപ്പിലാക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് പി.എം.എ സലാമിന്റെ നേതൃത്വത്തിലുള്ള ലീഗ് നേതാക്കളെന്നും പരാമര്‍ശമുണ്ട്.
പ്രമുഖ സുന്നി പണ്ഡിതനും ഉജ്ജ്വല പ്രഭാഷകനുമായ അബ്ദുന്നാസിര്‍ മഅ്ദനി ഫാസിസത്തിനെതിരെ ശബ്ദമുയര്‍ത്തി പൊതുരംഗത്തേക്ക് കടന്നുവന്നപ്പോള്‍ മഅ്ദനിയെ ഭീകരവാദിയും തീവ്രവാദിയുമാക്കി മുദ്രകുത്താന്‍ മുന്നില്‍ നിന്നത് ലീഗ് നേതാക്കള്‍ ആയിരുന്നു. ഇന്നും കഠിനമായ രോഗങ്ങളോട് മല്ലടിച്ചു കൊണ്ടിരിക്കുന്ന മഅ്ദനിയെ കുത്തി നോവിക്കുന്നത് മറന്ന് പോവാതിരിക്കാന്‍ ലീഗ് നേതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്നും നൗഷാദ് തിക്കോടി പറഞ്ഞു.
ഫാസിസത്തിനെതിരെ ശബ്ദമുയര്‍ത്താതെ സുന്നി പണ്ഡിതന്മാരെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നതും അധിക്ഷേപിക്കുന്നതും ലീഗ് നേതാക്കള്‍ക്ക് ഒരു പ്രത്യേക താല്‍പര്യമാണ്. ഇന്നും നാഴികക്ക് നാല്‍പത് വട്ടം മഅ്ദനിയെ ആക്ഷേപിക്കാന്‍, പൊന്നാനി ഓര്‍മയില്ലേ എന്ന് ചോദിച്ച് ലീഗ് നേതാക്കള്‍ അട്ടഹസിക്കുമ്പോള്‍ തോന്നും ഒന്നാം ലോകമഹായുദ്ധം നടന്ന സ്ഥലമാണ് പൊന്നാനിയെന്ന്. 2009ല്‍ പിണറായി വിജയനും മഅ്ദനിയും ഒരേ വേദിയില്‍ ഇരുന്നതിനെയാണ് ഇന്നും ലീഗ് നേതാക്കള്‍ വിമര്‍ശക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാണക്കാട് സയ്യിദന്‍മാരും മുന്‍ മുഖ്യമന്ത്രിമാരുള്‍പ്പെടെ ഇന്ന് ജീവിച്ചിരിക്കുന്നവരും മരണപ്പെട്ടവരുമുള്‍പ്പെടെ യു.ഡി.എഫ് നേതാക്കള്‍ മഅ്ദനിയുമായി വേദി പങ്കിടുകയും രാഷ്ട്രീയ തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്.
2001ല്‍ നിയസഭാ തെരഞ്ഞെടുപ്പില്‍ പി.ഡി.പിയുമായി ഉണ്ടാക്കിയ തെരഞ്ഞെടുപ്പ് ധാരണയുടെ അടിസ്ഥാനത്തില്‍ കുന്ദമംഗലം, കഴക്കൂട്ടം എന്നീ രണ്ട് നിയമസഭാ സീറ്റുകള്‍ പി.ഡി.പിക്ക് മത്സരിക്കാന്‍ നല്‍കിയത് പി.കെ കുഞ്ഞാലികുട്ടിയുടെ നേതൃത്വത്തിലായിരുന്നു. ഇത് നിഷേധിക്കാന്‍ കുഞ്ഞാലികുട്ടിയെ വെല്ലുവിളിക്കുകയാണെന്നും നൗഷാദ് തിക്കോടി പറഞ്ഞു.
Content Highlight: League leader’s threat to fight Mukkam Umar Faizi in a physical fight; A challenge to the Kerala Sunni community: PDP