പാലത്തായി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത് ലീഗും എസ്.ഡി.പി.ഐയും; ഈ വിധിയില്‍ പൊലീസിന് അഭിനന്ദനം: കെ.കെ. ഷൈലജ
Kerala
പാലത്തായി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത് ലീഗും എസ്.ഡി.പി.ഐയും; ഈ വിധിയില്‍ പൊലീസിന് അഭിനന്ദനം: കെ.കെ. ഷൈലജ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th November 2025, 5:52 pm

കണ്ണൂര്‍: പാലത്തായിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതി കുനിയല്‍ പത്മരാജന് പരമാവധി ശിക്ഷ ലഭിച്ച സംഭവത്തില്‍ സന്തോഷമുണ്ടെന്ന് മുന്‍മന്ത്രി കെ.കെ. ഷൈലജ. കേസില്‍ താനും പാര്‍ട്ടിയും ഒട്ടേറെ അപവാദ പ്രചാരണത്തിന് ഇരയായിരുന്നെന്നും അവര്‍ പ്രതികരിച്ചു.

കേസ് അട്ടിമറിക്കാന്‍ മുസ്‌ലിം ലീഗും എസ്.ഡി.പി.ഐയും ശ്രമിച്ചിരുന്നെന്നും കെ.കെ. ഷൈലജ പറഞ്ഞു.

കേസ് അന്വേഷണത്തില്‍ ഇടപെട്ടത് ശരിയായ രീതിയില്‍ അന്വേഷണം നടത്തുന്നതിന് വേണ്ടിയായിരുന്നു. പ്രതിക്ക് കൃത്യമായ ശിക്ഷ ഉറപ്പുവരുത്തുന്ന രീതിയില്‍ ചാര്‍ജ് ഷീറ്റ് തയ്യാറാക്കിയ കേരള പോലീസ് അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും അവര്‍ പറഞ്ഞു.സര്‍ക്കാര്‍ അഭിഭാഷകരെയും ഷൈലജ അഭിനന്ദിച്ചു.

താന്‍ ആരോഗ്യ, വനിതാ-ശിശു സംരക്ഷണ വകുപ്പ് മന്ത്രിയായിരിക്കെയായിരുന്നു ഈ സംഭവം നടന്നത്. പരാതിയുമായി കുടുംബം പൊലീസിനെ സമീപിച്ച സമയത്ത് തന്നെ താന്‍ തലശേരി ഡി.വൈ.എസ്.പിയെ വിളിച്ച് കുറ്റമറ്റ രീതിയില്‍ കേസ് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിരുന്നു.

ഒരു അധ്യാപകന്‍ തന്നെ കുട്ടിയെ പീഡിപ്പിക്കുക എന്ന് പറഞ്ഞാല്‍ അത് ഭയാനകമാണ്. വീട് കഴിഞ്ഞാല്‍ ഒരു കുട്ടിക്ക് ഏറ്റവും സുരക്ഷ നല്‍കേണ്ടത് സ്‌കൂളുകളാണ്.

ബി.ജെ.പി നേതാവാണ് പ്രതി എന്നതിനാല്‍ തന്നെ കേസില്‍ ഇടപെടലുകളുണ്ടാകാന്‍ സാധ്യതയുണ്ടായിരുന്നു. ബി.ജെ.പിയെ എതിര്‍ക്കുന്നെന്ന് പറയുന്ന എസ്.ഡി.പി.ഐയും മുസ്‌ലിം ലീഗ് പ്രവര്‍ത്തകരും തുടക്കം മുതല്‍ കേസ് അട്ടിമറിക്കാനാണ് ശ്രമിച്ചിരുന്നത്.

അത്തരം ഇടപെടലുണ്ടാകാതിരിക്കാന്‍ മുഖ്യമന്ത്രിയുടെ മുന്നില്‍ കേസ് അവതരിപ്പിചച്ചു. അദ്ദേഹമാണ് കേസ് ക്രൈം ബ്രാഞ്ചിന് വിട്ടതെന്നും കെ.കെ ഷൈലജ പറഞ്ഞു.

അന്വേഷണസംഘം കൃത്യമായ അന്വേഷണം നടത്തി. ഇതിനിടെ സ്ഥലം എം.എല്‍.എ കൂടിയായ തനിക്കെതിരെ ലീഗ്, എസ്.ഡി.പി.ഐ, ബി.ജെ.പി നേതാക്കളടക്കം അപവാദ പ്രചാരണങ്ങള്‍ നടത്തിയിരുന്നെന്നും ഷൈലജ പറഞ്ഞു

എന്നാല്‍ അതിനെയെല്ലാം അസ്ഥാനത്താക്കിക്കൊണ്ട് പൊലീസ് ഫലപ്രദമായി അന്വേഷണം നടത്തിയെന്നും ഒളിവിലായിരുന്ന പ്രതിയെ പൊലീസ് കൃത്യമായ കുറ്റം ചുമത്തി പിടികൂടിയെന്നതും അഭിനന്ദനാര്‍ഹമാണെന്നും അവര്‍ പറഞ്ഞു.

ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ആദ്യം കുറ്റപത്രം നല്‍കിയത്. അതേ തുടര്‍ന്ന് പ്രതിക്ക് ജാമ്യം ലഭിച്ചു. പിന്നീട് പോക്‌സോ കേസ് ഉള്‍പ്പെടുത്തി കുറ്റപത്രം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചത് കേരളാ പോലീസാണ്. അത്തരത്തില്‍ കുറ്റങ്ങള്‍ ചുമത്തിയതോടെ പ്രതിക്കെതിരെ ശക്തമായ കേസ് അന്വേഷണം നടത്താനായി. കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനും ഈ നീക്കം സഹായിച്ചു.

പൊലീസിനൊപ്പം തന്നെ കേസ് കൈകാര്യം ചെയ്ത സര്‍ക്കാര്‍ അഭിഭാഷകരെയാണ്. തുടക്കത്തില്‍ പി.പി ശശീന്ദ്രന്‍, അഡ്വ. അജിത്, അഡ്വ. ഭാസുരി തുടങ്ങിയവര്‍ സമര്‍ത്ഥമായി കേസ് പഠിച്ച് വാദിച്ചതോടെയാണ് അനുകൂലമായ വിധിയുണ്ടായതെന്നും കെ.കെ. ഷൈലജ പറഞ്ഞു.

ഈ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ തന്നെയാണ് തങ്ങള്‍ക്കെതിരെ മോശമായ പ്രചാരണങ്ങള്‍ നടത്തുന്നതെന്നും അവര് വിശദീകരിച്ചു. കുട്ടിയെ തെറ്റായ മൊഴികള്‍ നല്‍കാന്‍ ചിലര്‍ പ്രേരിപ്പിച്ചിരുന്നു. എന്നാല്‍ ശരിയായ മൊഴി നല്‍കാന്‍ സര്‍ക്കാര്‍ ഇടപെട്ടെന്നും പീഡനത്തിനിരയായ കുഞ്ഞിനെയും കുടുംബത്തെയും പലതവണ നേരിട്ടെത്തി ആശ്വസിപ്പിച്ചിരുന്നെന്നും കെ.കെ. ഷൈലജ വ്യക്തമാക്കി.

പാലത്തായി പീഡനക്കേസിലെ വിധിയില്‍ സന്തോഷമെന്ന് പ്രോസിക്യൂട്ടഷനും കുട്ടിയുടെ കുടുംബവും പ്രതികരിച്ചിരുന്നു.

ഏറെ സന്തോഷകരമായ വിധിയാണ് ഉണ്ടായത്. പ്രതിയായ പത്മരാജന്‍ ആദ്യം പോക്‌സോ കുറ്റത്തില്‍ തടവ് അനുഭവിക്കണമെന്നും പ്രതിഭാഗത്തിന്റെ കെട്ടിച്ചമച്ച കേസെന്ന വാദത്തില്‍ കഴമ്പില്ലെന്നും പ്രോസിക്യൂട്ടറായ ഭാസുരി പറഞ്ഞു.

അതേസമയം, പാലത്തായി കേസില്‍ പ്രതിയും ബി.ജെ.പി നേതാവും അധ്യാപകനുമായ കുനിയില്‍ പത്മരാജന് മരണം വരെ ജീവപര്യന്തം ശിക്ഷയും രണ്ട് ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. തലശേരി അതിവേഗ പോക്സോ കോടതിയുടേതാണ് വിധി. രണ്ട് പോക്സോ കേസുകളിലായി 20 വര്‍ഷം വീതം പത്മരാജന് ശിക്ഷ വിധിച്ചു.

പത്തുവയസുകാരിയായ വിദ്യാര്‍ത്ഥിനിയെ അധ്യാപകനായ പത്മരാജന്‍ പീഡനത്തിനിരയാക്കി എന്നാണ് കേസ്. 2020 ഫെബ്രുവരിയിലാണ് പത്മരാജനെതിരെ പരാതി ഉയര്‍ന്നത്.

2020 ജനുവരി മുതല്‍ ഫെബ്രുവരി വരെയുള്ള സമയങ്ങളില്‍ മൂന്ന് തവണ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ശുചിമുറിയിലെത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയെന്നായിരുന്നു കേസ്.

പീഡനത്തെ കുറിച്ച് വിദ്യാര്‍ത്ഥിനി തന്നെയാണ് ചൈല്‍ഡ്ലൈനിനോട് വെളിപ്പെടുത്തിയത്. പിന്നീട് പരാതിയുമായി കുട്ടിയുടെ കുടുംബം പൊലീസിനെ സമീപിച്ചതോടെ ഒട്ടേറെ രാഷ്ട്രീയ വിവാദങ്ങളുള്‍പ്പെടെ കേസിനെ ചൊല്ലി ഉയര്‍ന്നുകേട്ടിരുന്നു.

2020 മാര്‍ച്ച് 17ന് പാനൂര്‍ പൊലീസ് കേസെടുക്കുകയും ഏപ്രില്‍ 15ന് കേസിലെ പ്രതിയായ പത്മരാജനെ പൊയിലൂര്‍ വിളക്കോട്ടൂരില്‍ നിന്നും അറസ്റ്റ് ചെയ്യുകയും ചെയ്തു.

കുട്ടിയുടെ അമ്മയുടെ ആവശ്യപ്രകാരം 2020 ഏപ്രില്‍ 24ന് ഡി.ജി.പി കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി. പിന്നീട് കേസില്‍ പ്രതിക്ക് ജാമ്യം ലഭിച്ചതോടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് നാര്‍ക്കോട്ടിക് സെല്‍ എ.എസ്.പി രേഷ്മ രമേശ് ഉള്‍പ്പെട്ട സംഘം അന്വേഷണം ഏറ്റെടുത്തു.2024 ഫെബ്രുവരിയില്‍ കേസിന്റെ വിചാരണ ആരംഭിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി.എം ഭാസുരിയും പ്രതിഭാഗത്തിനായി അഡ്വ. പി. പ്രേമരാജനും ഹാജരായി.

പീഡനത്തിനിരയായ കുട്ടി, കുട്ടിയുടെ സുഹൃത്തായ വിദ്യാര്‍ത്ഥി, നാല് അധ്യാപകര്‍ തുടങ്ങി 40 സാക്ഷികളെയാണ് പ്രോസിക്യൂഷന്‍ വിസ്തരിച്ചത്.

Content Highlight: League and SDPI tried to sabotage the Palathai case; Congratulations to the police for this verdict: KK Shailaja