കുട്ടികളെ വഴിതെറ്റിക്കുന്ന കഥാപാത്രങ്ങളായി ഇനി അഭിനയിക്കില്ലെന്ന് മലയാളത്തിലെ വാണിജ്യമൂല്യമുള്ള നായകന്‍മാര്‍ തീരുമാനിക്കണമെന്ന് സംവിധായകന്‍ കമല്‍. അവര്‍ക്ക് എല്ലാ സംവിധായകരോടും ഇക്കാര്യം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ അവരത് ചെയ്യില്ലെന്നും കമല്‍ പറഞ്ഞു. കേരളത്തില്‍ അടുത്ത കാലത്തായി വര്‍ധിച്ചു വരുന്ന കുറ്റകൃത്യങ്ങള്‍ക്ക് സിനിമകള്‍ കാരണമാകുന്നുണ്ടോ എന്നത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുമ്പ് സിനിമകളില്‍ നായകന്റെ ഭാഗത്ത് ശരിയുണ്ടാകുമായിരുന്നു എന്നും ഇന്ന് അതില്ലെന്നും കമല്‍ പറഞ്ഞു. നായകനെ നമ്മള്‍ ഇപ്പോള്‍ ന്യായീകരിക്കുന്നത് മറ്റു പല കാരണങ്ങള്‍ കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വില്ലനെ മാത്രമല്ല എല്ലാവരെയും കൊല്ലുന്നതാണ് ഇപ്പോഴുള്ള സിനിമകളെന്നും കമല്‍ പറഞ്ഞു. ഇത്തരത്തില്‍ ഒരു ന്യായീകരണവുമില്ലാതെ സ്‌ക്രീനില്‍ നായകന്‍ പെരുമാറുന്നത് വേണ്ടെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.
‘അഞ്ചാറ് നായകന്‍മാരേ നമുക്ക് വാണിജ്യ മൂല്യമുള്ള നായകന്‍മാരായുള്ളൂ. ഇവരെല്ലാവരും ഒരുമിച്ചിരുന്ന് തീരുമാനിച്ചാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂ. എത്ര കയ്യടി കിട്ടിയാലും എത്ര താരമൂല്യം ഉയര്‍ന്നാലും കുട്ടികളെ വഴി തെറ്റിക്കുന്ന കഥാപാത്രങ്ങളായി തങ്ങളിനി അഭിനയിക്കില്ല എന്ന് തീരുമാനിച്ചാല്‍ തീരുന്ന പ്രശ്‌നമേയുള്ളൂ ഇത്.
അവര്‍ക്കിത് എല്ലാ സംവിധായകരോടും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അത് ചെയ്യില്ല. കാരണം, അതിനി സിനിമ ഒരു വ്യവസായം എന്ന നിലയിലുള്ള വാണിജ്യപരമായ പ്രശ്‌നങ്ങളുണ്ട്. അത് വേറെ വിഷയാണ്.
മുന്‍പൊക്കെ സിനിമയുടെ അവസാനം നായകന്റെ ഭാഗത്ത് ശരിയുണ്ടാകുമായിരുന്നു. ഇന്ന് ആ ശരി കാണാന്‍ പറ്റില്ല. അടുത്ത കാലത്ത് ഹിറ്റായ സിനിമകളൊന്ന് ആലോചിച്ചു നോക്കൂ. അയാളെ നമ്മള്‍ ന്യായീകരിക്കുന്നത് വേറൊരു രീതിയിലാണ്. അല്ലാതെ അയാളുടെ ചെയ്തികളെ നമുക്കൊരിക്കലും ന്യായീകരിക്കാനാകില്ല.
വില്ലനെ മാത്രമല്ല, എല്ലാവരെയും കൊല്ലുകയാണ്. ഇരുന്നൂറും മുന്നൂറും പേരെയൊക്കെ ഒരുമിച്ച് കൊല്ലുകയാണ്. അത്തരം കാര്യങ്ങള്‍ക്ക് യാതൊരു സാംഗത്യവുമില്ല. ഇത്തരത്തില്‍ ഒരു ന്യായീകരണവുമില്ലാതെ നായകന്‍ സ്‌ക്രീനില്‍ പെരുമാറുന്നത് വേണ്ട,’ കമല്‍ പറഞ്ഞു.
content highlights: Leading heroes should decide not to play characters that lead children astray: kamal