ന്യൂയോര്‍ക്ക് പ്രൈമറിയില്‍ മംദാനി പിന്തുണച്ചവര്‍ക്ക് വന്‍ വിജയം; ഇടതുപക്ഷത്തേക്ക് ചരിഞ്ഞ് ഡെമോക്രാറ്റിക് പാര്‍ട്ടി
World News
ന്യൂയോര്‍ക്ക് പ്രൈമറിയില്‍ മംദാനി പിന്തുണച്ചവര്‍ക്ക് വന്‍ വിജയം; ഇടതുപക്ഷത്തേക്ക് ചരിഞ്ഞ് ഡെമോക്രാറ്റിക് പാര്‍ട്ടി
ആദര്‍ശ് എം.കെ.
Friday, 26th June 2026, 7:18 am

ന്യൂയോര്‍ക്ക്: യു.എസ് പ്രൈമറി തെരഞ്ഞെടുപ്പില്‍ തന്റെ രാഷ്ട്രീയ സ്വാധീനം ഒരിക്കല്‍ അരക്കിട്ടുറപ്പിച്ച് ന്യൂയോര്‍ക് മേയര്‍ സോഹ്‌റാന്‍ മംദാനി. മേയര്‍ പിന്തുണച്ച മൂന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും ഉജ്ജ്വല വിജയം സ്വന്തമാക്കി. ഇതോടെ നിലവിലുണ്ടായിരുന്ന രണ്ട് പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധികള്‍ക്ക് സ്ഥാനം നഷ്ടപ്പെടുകയും ചെയ്തു.

ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര അധികാര സമവാക്യങ്ങളെ മാറ്റിമറിക്കുന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലം.

സെവന്‍ത്, ടെന്‍ത്, തെര്‍ട്ടീന്‍ത് ഡിസ്ട്രിക്ടുകളിലാണ് മംദാനി പിന്തുണച്ച നേതാക്കള്‍ മികച്ച വിജയം നേടിയത്. സെവന്‍ത് ഡിസ്ട്രിക്ടില്‍ സ്റ്റേറ്റ് അസംബ്ലി അംഗം ക്ലെയര്‍ വാല്‍ഡെസ്, ബ്രൂക്ക്‌ലിന്‍ ബോറോ പ്രസിഡന്റ് അന്റോണിയോ റെയ്നോസോയെ പരാജയപ്പെടുത്തിയപ്പോള്‍ ടെന്‍ത് ഡിസ്ട്രിക്ടില്‍ മുന്‍ സിറ്റി കോംപ്ട്രോളര്‍ ബ്രാഡ് ലാന്‍ഡര്‍, നിലവിലെ ജനപ്രതിനിധിയായ ഡാന്‍ ഗോള്‍ഡ്മാനെയും തോല്‍പ്പിച്ചു.

കമ്മ്യൂണിറ്റി ആക്ടിവിസ്റ്റ് ഡാരിയലിസ ആവില ഷെവലിയര്‍, അഞ്ചുതവണ പ്രതിനിധിയായിരുന്ന മുതിര്‍ന്ന നേതാവ് അഡ്രിയാനോ എസ്പയിലാറ്റിനെ അട്ടിമറിച്ചാണ് തെര്‍ട്ടീന്‍ത് ഡിസ്ട്രിക്ട് പിടിച്ചെടുത്തത്.

34 വയസ്സുകാരനായ മേയര്‍ മംദാനിയുടെ ഈ തകര്‍പ്പന്‍ വിജയം ന്യൂയോര്‍ക്കിലെ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ വലിയ പ്രത്യയശാസ്ത്രപരമായ മാറ്റങ്ങള്‍ക്ക് വഴിവെക്കും.

ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ഓഫ് അമേരിക്കയുമായി (ഡി.എസ്.എ) അടുത്ത ബന്ധമുള്ള ഈ സ്ഥാനാര്‍ത്ഥികള്‍ ഇസ്രഈല്‍, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളില്‍ നിലവിലെ പാര്‍ട്ടി നേതൃത്വത്തേക്കാള്‍ കൂടുതല്‍ കടുത്ത ഇടത് നിലപാടുകളുള്ളവരാണ്. ഇത് ഹൗസ് ഡെമോക്രാറ്റിക് ലീഡര്‍ ഹക്കീം ജെഫ്രീസിന്റെ ഭാവി നീക്കങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കിയേക്കാം.

വിജയത്തില്‍ കമ്പാല മുതല്‍ ദല്‍ഹി വരെയുള്ള കുടുംബത്തിന് മംദാനി നന്ദി പറയുകയും, തന്റെ വരാനിരിക്കുന്ന ഭരണം വിപുലവും ധീരവുമായിരിക്കും എന്ന് ഉറപ്പുനല്‍കുകയും ചെയ്തു.

‘ഡെമോക്രാറ്റിക് എസ്റ്റാബ്ലിഷ്മെന്റ് ഔദ്യോഗികമായി സൊഹ്റാന്‍ മംദാനിക്ക് മുന്നിലും പാര്‍ട്ടിയുടെ സോഷ്യലിസ്റ്റ് വിഭാഗത്തിന് മുന്നിലും കീഴടങ്ങിയ രാത്രിയാണിത്,’ എന്നാണ് ഈ വിജയത്തെ കുറിച്ച് ഹൗസ് റിപ്പബ്ലിക്കന്‍ ക്യാമ്പയിന്‍ വക്താവ് മൈക്ക് മാരിനല്ല പറഞ്ഞത്.

അതേസമയം, ഈ സീസണിലെ ഏറ്റവും പണം ചെലവഴിച്ച മത്സരങ്ങളിലൊന്നില്‍ അസംബ്ലി അംഗം മൈക്ക ലാഷര്‍ ട്വല്‍ത് ഡിസ്ട്രിക്ടില്‍ വിജയിച്ചു. മുന്‍ മേയര്‍ മൈക്കല്‍ ബ്ലൂംബെര്‍ഗിന്റെ ഫണ്ട് ഉപയോഗിക്കുന്ന ‘സ്റ്റാന്‍ഡ് ഫോര്‍ ന്യൂയോര്‍ക്ക് പി.എ.സി’ ലാഷറിനായി 10 മില്യണ്‍ ഡോളറിലധികം തുകയാണ് ഇവിടെ ചെലവഴിച്ചത്.

17ാം ഡിസ്ട്രിക്ടില്‍ മുന്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഡയറക്ടര്‍ കെയ്റ്റ് കോണ്‍ലി ഡെമോക്രാറ്റിക് പ്രൈമറിയില്‍ വിജയം നേടി. നവംബറില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഇവര്‍ റിപ്പബ്ലിക്കന്‍ പ്രതിനിധി മൈക്ക് ലാലറെ നേരിടും.

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി ഡൊണാള്‍ഡ് ട്രംപ് പിന്തുണച്ച പ്രമുഖ ബിസിനസുകാരന്‍ ആന്തണി കോണ്‍സ്റ്റാന്റിനോ 21ാം ഡിസ്ട്രിക്ടില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു.

ന്യൂയോര്‍ക്കിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലും ശക്തമായ മത്സരങ്ങളാണ് നടന്നത്. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നിയന്ത്രണം ആര്‍ക്കായിരിക്കുമെന്നതില്‍ ഈ ഫലങ്ങള്‍ നിര്‍ണായകമാകും.

സൗത്ത് കരോലിനയില്‍ ഗവര്‍ണര്‍ റണ്ണോഫ് മത്സരത്തില്‍ അറ്റോര്‍ണി ജനറല്‍ അലന്‍ വില്‍സണ്‍ വിജയിച്ചു. ലഫ്റ്റനന്റ് ഗവര്‍ണര്‍ പാമെല എവെറ്റും വില്‍സണും തമ്മിലുള്ള മത്സരത്തില്‍ ഡൊണാള്‍ഡ് ട്രംപ് രണ്ടുപേരെയും പിന്തുണച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്.

‘ഇവര്‍ രണ്ടുപേരും റണ്ണോഫില്‍ എത്തണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു, അത് സംഭവിക്കുകയും ചെയ്തു. ഒരാളെ മാത്രം പിന്തുണച്ച് മറ്റൊരാളെ വേദനിപ്പിക്കാന്‍ എനിക്ക് കഴിയില്ല,’ എന്നായിരുന്നു ഇതില്‍ ട്രംപ് പ്രതികരിച്ചത്.

മേരിലാന്‍ഡില്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് വെസ് മൂറും, 5-ാം ഡിസ്ട്രിക്റ്റില്‍ അഡ്രിയാന്‍ ബോഫോയും ഡെമോക്രാറ്റിക് പ്രൈമറിയില്‍ വിജയം ഉറപ്പിച്ചു.

യൂട്ടാ ഫസ്റ്റ് ഡിസ്ട്രിക്റ്റില്‍ മുന്‍ യു.എസ് പ്രതിനിധി ബെന്‍ മക്ആഡംസ് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

 

Content Highlight: Leaders supported by New York Mayor ohran Mamdani win big in New York primary

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.