പൊതുപണം ഉപയോഗിച്ച് നേതാക്കളെ മഹത്വവത്ക്കരിക്കണ്ട; കരുണാനിധിയുടെ പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തമിഴ്‌നാടിന്റെ ഹരജി തള്ളി സുപ്രീം കോടതി
Supreme Court
പൊതുപണം ഉപയോഗിച്ച് നേതാക്കളെ മഹത്വവത്ക്കരിക്കണ്ട; കരുണാനിധിയുടെ പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തമിഴ്‌നാടിന്റെ ഹരജി തള്ളി സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd September 2025, 1:46 pm

ന്യൂദല്‍ഹി: പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് മുന്‍നേതാക്കളുടെ പ്രതിമകള്‍ സ്ഥാപിക്കുന്നതിനെ വിമര്‍ശിച്ച് സുപ്രീംകോടതി. തമിഴ്‌നാട് സര്‍ക്കാരിന്റെ ഹരജി പരിഗണിക്കവെയായിരുന്നു പരമോന്നത കോടതിയുടെ വിമര്‍ശനം.

തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായിരുന്ന കരുണാനിധിയുടെ പ്രതിമ സ്ഥാപിക്കുന്നതിനായി അനുമതി തേടിയാണ് എം.കെ സ്റ്റാലിന്‍ സര്‍ക്കാര്‍ ഹരജി സമര്‍പ്പിച്ചത്.

ഇതിനെ എതിര്‍ത്ത സുപ്രീംകോടതി, എന്തിനാണ് പൊതുജനങ്ങളുടെ പണം ചെലവിട്ട് നിങ്ങളുടെ മുന്‍നേതാക്കളെ മഹത്വവത്കരിക്കുന്നതെന്ന് ചോദിച്ചു. ജസ്റ്റിസുമാരായ വിക്രം നാഥും പ്രശാന്ത് കുമാര്‍ മിശ്രയും അടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

തിരുനെല്‍വേലി ജില്ലയിലെ വള്ളിയൂര്‍ മാര്‍ക്കറ്റിന് മുന്നിലായി റോഡരികില്‍ മുന്‍മുഖ്യമന്ത്രി എം. കരുണാനിധിയുടെ വെങ്കലപ്രതിമ സ്ഥാപിക്കാനായിരുന്നു തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കം. എന്നാല്‍ ഈ പ്രതിമ സ്ഥാപിക്കാന്‍ മദ്രാസ് ഹൈക്കോടതി അനുമതി നിഷേധിച്ചിരുന്നു. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടും ഗതാഗത തടസവും ചൂണ്ടിക്കാട്ടിയാണ് നേരത്തെ മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് സര്‍ക്കാരിന് പ്രതിമ സ്ഥാപിക്കാനുള്ള അനുമതി നിഷേധിച്ചത്.

ഈ ഉത്തരവിനെതിരെയാണ് സുപ്രീംകോടതിയില്‍ തമിഴ്‌നാട് അപ്പീല്‍ നല്‍കിയത്. അതേസമയം, മദ്രാസ് ഹൈക്കോടതിയുടെ വിധി ശരിവെച്ചാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. പൊതുജനങ്ങളുടെ പണം പ്രതിമകള്‍ സ്ഥാപിക്കാനായി ചെലവഴിക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് സുപ്രീംകോടതി അനുമതി നിഷേധിക്കുകയായിരുന്നു.

സുപ്രീംകോടതിയില്‍ തമിഴ്‌നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍(എസ്.പി.എല്‍) പിന്‍വലിക്കാനും ആവശ്യമെങ്കില്‍ ഹൈക്കോടതിയെ തന്നെ സമീപിക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. തമിഴ്‌നാട് സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പി. വില്‍സണാണ് ഹാജരായത്.

Content Highlight: Leaders should not be glorified using public fund; Supreme Court dismisses Tamil Nadu’s plea