2021ൽ വടകരയും കൊടുവള്ളിയും നഷ്ടപ്പെട്ടത് തലനാരിഴയ്ക്ക്; കോഴിക്കോടിൽ പതിമൂന്നിൽ പതിമൂന്നും പിടിക്കും: മുഹമ്മദ് റിയാസ്
Kerala
2021ൽ വടകരയും കൊടുവള്ളിയും നഷ്ടപ്പെട്ടത് തലനാരിഴയ്ക്ക്; കോഴിക്കോടിൽ പതിമൂന്നിൽ പതിമൂന്നും പിടിക്കും: മുഹമ്മദ് റിയാസ്
ശ്രീലക്ഷ്മി എ.വി.
Thursday, 8th January 2026, 1:19 pm

തിരുവനന്തപുരം: സംസ്ഥാനത്തെ 110 സീറ്റും നേടുമെന്നും കോഴിക്കോട് ജില്ലയിലെ 13 സീറ്റിൽ 13 സീറ്റിലും എൽ.ഡി.എഫ് വിജയിക്കുമെന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്.

കോഴിക്കോട് 13 സീറ്റിലും എൽ.ഡി.എഫ് വിജയിച്ച ചരിത്രമുണ്ടായിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ 110 സീറ്റില്‍ എല്‍.ഡി.എഫ് വിജയിക്കുമെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇന്നലെ നടന്ന പ്രത്യേക മന്ത്രിസഭ യോഗത്തിലായിരുന്നു വിലയിരുത്തൽ. കോഴിക്കോട് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

2021 ലെ തെരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാൽ, 2016 ൽ യു.ഡി.എഫ് വിജയിച്ച രണ്ട് സീറ്റുകൾ 2021ൽ എൽ.ഡി.എഫ് പിടിച്ചെടുത്തിട്ടുണ്ട്. കോഴിക്കോട് സൗത്തും കുറ്റ്യാടിയുമായിരുന്നു എൽ.ഡി.എഫ് പിടിച്ചെടുത്ത സീറ്റുകളെന്നും അദ്ദേഹം പറഞ്ഞു.

2016 ൽ വടകരയിലെയും കൊടുവള്ളിയിലെയും സിറ്റിങ് സീറ്റുകൾ നഷ്ടമായി. ചെറിയ വോട്ടുകളുടെ വ്യത്യാസത്തിനാണ് നഷ്ടമായത്. ഈ രണ്ട് സീറ്റും പിടിച്ചിരുന്നെങ്കിൽ എൽ.ഡി.എഫ് നൂറുശതമാനം വിജയം ജില്ലയിൽ കൈവരിക്കുമായിരുന്നെന്നും മന്ത്രി പറഞ്ഞു.

എന്നാൽ 2016 ൽ നിന്നും 2021 ലേക്ക് എത്തിയപ്പോൾ എൽ.ഡി.എഫിന്റെ സീറ്റ് വർധിച്ചു, വോട്ട് ഷെയർ വർധിച്ചു, ഇത്തവണ തെരഞ്ഞെടുപ്പിന്റെ കാര്യങ്ങൾ പരിശോധിച്ചപ്പോൾ 13 സീറ്റിലും വിജയിക്കാനുള്ള സാധ്യത ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഓരോ ജില്ലയിലെയും നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങൾ, പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതുകാര്യങ്ങൾ, എന്നിവ പരിശോധിച്ച് ഓരോ മന്ത്രിമാരും അവരുടെ അനുഭവങ്ങൾ പങ്കുവെച്ചെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.

മന്ത്രിയെന്നുള്ള നിലയിൽ അതാത് ജില്ലകളിൽ നടത്തേണ്ട പ്രവർത്തനങ്ങൾ പരിശോധിച്ചെന്നും കോഴിക്കോട് ജില്ലയിലുൾപ്പെടെ എല്ലാ ജില്ലകളിലും മുന്നോട്ട് പോകേണ്ടതെങ്ങനെയാണെന്ന കൃത്യമായ ചിത്രം ലഭിച്ചെന്നും മന്ത്രി വ്യക്തമാക്കി.

അതിലൂടെ സംസ്ഥാനത്തെ 110 സീറ്റും എൽ.ഡി.എഫ് നേടുമെന്ന് കരുതുന്നുണ്ടെന്നും കോഴിക്കോട് ജില്ലയിലെ 13 സീറ്റിലും വിജയിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ ജനങ്ങൾ പ്രതീക്ഷിക്കുന്ന വികസനവും വികസനവുമായി ബന്ധപ്പെട്ട രാഷ്ട്രീയവും മന്ത്രിമാർ പറയണമെന്നും റിസൾട്ട് അടിസ്ഥാനമാക്കി പ്രവർത്തിക്കേണ്ട ഏറ്റവും നിർണായകമായ സമയമാണ് വരുന്ന ആറുമാസമെന്നും അദ്ദേഹം പറഞ്ഞു.

ഭരണവിരുദ്ധ വികാരമില്ലെന്നും ഉണ്ടായിരുന്നെങ്കിൽ സ്ഥിതി ഇതിലും അപകടത്തിലായേനെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

156 കുടുംബയോഗങ്ങളിൽ താൻ പങ്കെടുത്തിട്ടും ഭരണത്തിനെതിരെയോ വികസനത്തിനെതിരെയോ ക്ഷേമപ്രവർത്തനങ്ങൾക്കെതിരെയോ ചോദ്യങ്ങളോ വിമർശനങ്ങളോ ഉണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വികസന പ്രവർത്തനങ്ങളും ക്ഷേമപ്രവർത്തനങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ പാളിയത് എവിടെയാണെന്ന് പരിശോധിക്കണം. പുതിയ കാലത്തിനനുസരിച്ച് കൃത്യമായി വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞാൽ ഇപ്പോഴുള്ളതിൽ നിന്നും വോട്ടുകൾ വർധിക്കുമെന്നും മന്ത്രി പറഞ്ഞു.

‘കനകോലുവിന്റെ റിപ്പോർട്ടിൽ കോഴിക്കോടിൽ ഇത്ര സീറ്റ് കിട്ടും എന്ന പ്രതീക്ഷയിലാണ് പലരും നിൽക്കുന്നതെങ്കിൽ, ജനങ്ങളുമായി ഇടപെട്ടതിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ 13 സീറ്റിലും എൽ.ഡി.എഫ് ജയിക്കുമെന്ന് ഞങ്ങൾ പറയുന്നു,’ അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: LDF will win 110 seats in the assembly elections: Muhammad Riyaz

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.