വോട്ടര്‍ പട്ടിക പ്രവര്‍ത്തനം സുതാര്യമായി നടത്തണം; എസ്.ഐ.ആറില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് എല്‍.ഡി.എഫിന്റെ ബഹുജന മാര്‍ച്ച്
Kerala
വോട്ടര്‍ പട്ടിക പ്രവര്‍ത്തനം സുതാര്യമായി നടത്തണം; എസ്.ഐ.ആറില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് എല്‍.ഡി.എഫിന്റെ ബഹുജന മാര്‍ച്ച്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd February 2026, 6:51 am

തിരുവനന്തപുരം: എസ്.ഐ.ആര്‍ നടപടിക്രമങ്ങളിലെ വീഴ്ചകളില്‍ പ്രതിഷേധിച്ച് ഇന്ന് (തിങ്കള്‍) തിരുവനന്തപുരത്തെ ചീഫ് ഇലക്ഷന്‍ ഓഫീസിലേക്ക് എല്‍.ഡി.എഫിന്റെ ബഹുജന മാര്‍ച്ച്. ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും സമാനമായി മാര്‍ച്ച് നടക്കും.

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കുന്നതെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.

എസ്.ഐ.ആര്‍ പൗരത്വ രജിസ്ട്രര്‍ വളഞ്ഞ വഴിയിലൂടെ തയ്യാറാക്കാനുള്ള ഗൂഢപദ്ധതിയാണെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നുവെന്നും ടി.പി. രാമകൃഷ്ണന്‍ ഔദ്യോഗിക പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി.

ഈ ആക്ഷേപങ്ങള്‍ ശരിവെക്കും വിധത്തിലാണ് കേരളത്തിലെ എസ്.ഐ.ആര്‍ പ്രവര്‍ത്തനങ്ങള്‍. 24 ലക്ഷം വോട്ടര്‍മാരുടെ പേരുകള്‍ നിലവിലുള്ള പട്ടികയില്‍ നിന്ന് നീക്കം ചെയ്തിരുന്നു. 19.32 ലക്ഷം വോട്ടര്‍മാര്‍ പൗരത്വം പരിശോധിക്കണമെന്ന കാഴ്ചപ്പാടോടെ രേഖകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയുണ്ടായി.

കഴിഞ്ഞ അഞ്ച് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും നാല് നിയമസഭാ തെരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്തവര്‍ക്ക് അടക്കമാണ് രേഖകള്‍ ഹാജരാക്കാന്‍ വേണ്ടിയുള്ള നോട്ടീസ് അയച്ചത്. അത്തരം നോട്ടീസ് ലഭിച്ചവരുടെ ഹിയറിങ് പോലും പൂര്‍ണമായും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും എൽ.ഡി.എഫ് ചൂണ്ടിക്കാട്ടി.

ജനന സ്ഥലവും ജനന തീയതിയും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ വോട്ടര്‍മാര്‍ മാത്രം കൊടുത്താല്‍ പോരാ. വോട്ടര്‍മാരുടെ മാതാപിതാക്കന്മാരുടേത് ഉള്‍പ്പെടെ കൊടുക്കേണ്ടിവരുന്നു എന്നത് മൂലം അത്തരം രേഖകള്‍ നല്‍കാന്‍ കഴിയാത്ത വോട്ടര്‍മാര്‍ക്ക് അവര്‍ ഇവിടെ ജീവിച്ചിരിക്കുന്നവരാണെങ്കില്‍ പോലും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നില്ല.

എന്നാല്‍ അനര്‍ഹരായ വോട്ടര്‍മാര്‍ക്ക് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള അവസരം ലഭിക്കുകയും ചെയ്യുന്നു. ഇലക്ഷന്‍ കമ്മീഷന്റെ സോഫ്റ്റ് വെയറും സിസ്റ്റവും അപാകതകള്‍ നിറഞ്ഞതാണെന്ന് പരാതികളുണ്ടെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.

കേരളത്തിലുള്ള ആളുകള്‍ വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്താന്‍ ഓണ്‍ലൈനായി അപേക്ഷ കൊടുത്താല്‍ ഇതര സംസ്ഥാനങ്ങളില്‍ ഉള്ളവരുടെ പേരാണ് സക്സസ് ഫുള്‍ എന്ന് പറഞ്ഞുകൊണ്ട് വരുന്നത്. മാത്രമല്ല ഒരു മണ്ഡലത്തില്‍ നിന്ന് മറ്റൊരു മണ്ഡലത്തിലേക്ക് വോട്ട് മാറ്റാനായി അപേക്ഷ കൊടുക്കുമ്പോള്‍ ആവശ്യമായ രേഖകള്‍ ഇല്ലെങ്കിലും പട്ടികയില്‍ ഉള്‍പ്പെടുത്തുകയാണെന്നും എല്‍.ഡി.എഫ് പറയുന്നു.

എല്ലാ അപേക്ഷകളും ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ പരിശോധനയ്ക്ക് വിധേയമാക്കാതെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. അത് തെരഞ്ഞെടുപ്പ് ചട്ടത്തിന് ഏതിരാണ്. മാത്രമല്ല രാഷ്ട്രീയ പാര്‍ടികള്‍ക്ക് അപേക്ഷകരുടെ പേര് വിവരങ്ങള്‍ അടങ്ങുന്ന പട്ടിക പല ഇടങ്ങളിലും നല്‍കുന്നുമില്ല. നിരവധി തവണ ചീഫ് ഇലക്ട്രറല്‍ ഓഫീസര്‍ക്ക് പരാതി കൊടുത്തെങ്കിലും ഈ പട്ടിക ഭൂരിപക്ഷം അസംബ്ലി മണ്ഡലം രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ തങ്ങളുടെ ഓഫീസുകളില്‍ പ്രസിദ്ധീകരിക്കുകയോ കോപ്പി രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ക്ക് നല്‍ക്കുകയോ ചെയ്തില്ല.

രേഖകളോടൊപ്പം അപേക്ഷകള്‍ നല്‍കിയാല്‍ ബി.എല്‍.ഒമാരും ബൂത്ത് ലെവല്‍ ഓഫീസര്‍മാരും അത് സ്വീകരിക്കണമെന്ന വ്യവസ്ഥ ഉണ്ടെങ്കിലും, പല ബൂത്ത് ലെവല്‍ ഓഫീസര്‍മാരും അപേക്ഷ സ്വീകരിക്കുന്നില്ല. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ അതത് പോളിങ് സ്റ്റേഷനുകളിലെ പട്ടികയില്‍ ഉള്‍പ്പെടുത്താനും ഒഴിവാക്കാനും മണ്ഡലം മാറാനും അപേക്ഷ കൊടുത്താല്‍ പ്രസ്തുത അപേക്ഷകരുടെ വിശദാംശങ്ങള്‍ രാഷ്ട്രീയ പാര്‍ടികളുടെ ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്ക് നല്‍കണമെന്ന വ്യവസ്ഥയും ഉണ്ട് അതും പാലിക്കുന്നില്ല.

വോട്ടര്‍ പട്ടികയില്‍ അതത് സമയം ആക്ഷേപങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ അവസരം നിഷേധിച്ചു. അത് വഴി വോട്ടര്‍ പട്ടിക സംബന്ധിച്ച ആക്ഷേപങ്ങള്‍ കൊടുക്കാന്‍ അവസരം നിഷേധിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് അപാകതകള്‍ നിറഞ്ഞ വോട്ടര്‍ പട്ടികയിന്മേല്‍ പട്ടിക പ്രസിദ്ധീകരിച്ചാല്‍ രണ്ട് ആഴ്ചക്കാലം പരാതി നല്‍കാനുള്ള അവസരം നല്‍കണമെന്ന് എല്‍.ഡി.എഫ് ആവശ്യപ്പെടുന്നതെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.

വോട്ടര്‍ പട്ടിക പ്രവര്‍ത്തനം സുതാര്യമായി നടത്തേണ്ട ഒന്നാണ്. സ്വകാര്യമായോ രഹസ്യമായോ തയ്യാറാക്കേണ്ട ഒന്നല്ല. ഇപ്പോള്‍ അപാകതകള്‍ നിറഞ്ഞ പട്ടികയാണ് പ്രസിദ്ധീകരിക്കാന്‍ പോകുന്നത്. അത് പരിഹരിക്കണം. വോട്ടര്‍ പട്ടിക കുറ്റമറ്റതാകാതെ തെരഞ്ഞെടുപ്പ് നടന്നാല്‍ നീതി പൂര്‍വമാകില്ലെന്നും എല്‍.ഡി.എഫ് നേതൃത്വം പ്രതികരിച്ചു.

ഫെബ്രുവരി 21ന് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചാല്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കാന്‍ സമയം അനുവദിക്കണം. ആ പരാതി പരിശോധിച്ച ശേഷം മാത്രമേ അന്തിമ പട്ടിക പ്രസിദ്ധീകരിക്കാന്‍ പാടുള്ളൂവെന്നും എല്‍.ഡി.എഫ് ആവശ്യപ്പെട്ടു.

Content Highlight: LDF mass march to Chief Election Office in Thiruvananthapuram to protest against lapses in SIR procedures