എല്‍.ഡി.എഫിന് ഉറച്ച ആത്മവിശ്വാസം, മതനിരപേക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച് രാജ്യത്തെ വര്‍ഗീയ ശക്തികള്‍ക്കെതിരായ പോരാട്ടം: എം. സ്വരാജ്
Kerala News
എല്‍.ഡി.എഫിന് ഉറച്ച ആത്മവിശ്വാസം, മതനിരപേക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച് രാജ്യത്തെ വര്‍ഗീയ ശക്തികള്‍ക്കെതിരായ പോരാട്ടം: എം. സ്വരാജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th May 2025, 1:17 pm

തിരുവനന്തപുരം: ഉറച്ച മതനിരപേക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് രാജ്യത്തെ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ സി.പി.ഐ.എമ്മും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും സ്വീകരിക്കുന്ന ഉറച്ച നിലപാടും എല്ലാ മതനിരപേക്ഷ വാദികളെയും പ്രതീക്ഷ നല്‍കുന്ന നിലപാടുകളുമെല്ലാം ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുമെന്ന് എം. സ്വരാജ്. അതിനാല്‍ തന്നെ ഉറച്ച ആത്മവിശ്വാസം സി.പി.ഐ.എമ്മിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്താകെ കക്ഷി രാഷ്ട്രീയത്തിനപ്പുറത്തുള്ള ഒരഭിപ്രായം ശക്തിപ്പെട്ടുവരുന്നുണ്ടെന്നും ആ അഭിപ്രായം ഉയര്‍ത്തുന്നവര്‍ ഇടതുപക്ഷക്കാര്‍ മാത്രമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷത്തെ പലരും വിമര്‍ശിക്കുമ്പോഴും അതില്‍ പലരും കേരളം ഭരിക്കാന്‍ നല്ലത് ഇടതുപക്ഷമാണെന്നാണ് കരുതുന്നതെന്നും അതിന് കാരണം കഴിഞ്ഞ ഒമ്പത് വര്‍ഷമായുള്ള ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ തെരഞ്ഞെടുപ്പ് കേരളത്തില്‍ എല്‍.ഡി.എഫ് ഗവണ്‍മെന്റിന്റെ തുടര്‍ഭരണമാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ഇടതുപക്ഷ വിരുദ്ധ ശക്തികള്‍ക്കെതിരെയാണ് മത്സരമെന്നും അദ്ദേഹം പറഞ്ഞു.

അന്‍വറിനെ കുഴിയില്‍ ചാടിച്ചതിന് പിന്നില്‍ കോണ്‍ഗ്രസാണെന്നും അത് വ്യക്തമാണെന്നും അന്‍വറിനെ കുറ്റപ്പെടുത്താനില്ലെന്നും സ്വരാജ് പറഞ്ഞു. കേരളം കൂടുതല്‍ അഭിവൃദ്ധിപ്പെടാനുള്ള തീരുമാനത്തിലേക്ക് നിലമ്പൂരിലെ ജനങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര് മത്സരിക്കുമെന്ന് നോക്കിയല്ല എല്‍.ഡി.എഫ് നിലപാട് സ്വീകരിക്കുന്നതെന്നും നിലവില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത് വൈകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

താന്‍ മത്സരിക്കണമെന്ന് ഐക്യജനാധിപത്യ മുന്നണി ആവശ്യപ്പെടുന്നുവെന്ന വാര്‍ത്തയില്‍ സന്തോഷമുണ്ടെന്നും താന്‍ മത്സരിക്കാന്‍ കൊള്ളാവുന്ന ആളാണെന്നാണ് അവരും കരുതുന്നതെന്നും സ്വരാജ് പറഞ്ഞു.

Content Highlight: LDF has firm confidence and will fight against communal forces in the country by upholding secular stance: M. Swaraj