ഗണ്‍മാന്‍ പണം വാങ്ങി മയക്കുമരുന്ന് കേസ് ഒതുക്കി; ടി. സിദ്ദീഖ് രാജിവെക്കണമെന്ന് എല്‍.ഡി.എഫ്
Kerala News
ഗണ്‍മാന്‍ പണം വാങ്ങി മയക്കുമരുന്ന് കേസ് ഒതുക്കി; ടി. സിദ്ദീഖ് രാജിവെക്കണമെന്ന് എല്‍.ഡി.എഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th July 2025, 8:07 am

 

കല്‍പ്പറ്റ: മയക്കുമരുന്ന് ലോബിക്ക് ഒത്താശ ചെയ്യുന്ന കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദീഖ് എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്ന് എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി.

വാഹനാപകടത്തില്‍ പരിക്കേറ്റയാളില്‍നിന്ന് മയക്കുമരുന്ന് കണ്ടെത്തിയ സംഭവം എം.എല്‍.എയുടെ മുന്‍ ഗണ്‍മാന്‍ ഒതുക്കിത്തീര്‍ത്തതോടെയാണ് എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി രംഗത്തെത്തിയത്. സംഭവത്തില്‍ ഗണ്‍മാന്‍ കെ.വി. സ്മിബിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

മാനന്തവാടി ഡി.വൈ.എസ്.പി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വയനാട് ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരിയാണ് നടപടിയെടുത്തത്. സ്മിബിനെ വൈത്തിരി സ്റ്റേഷനില്‍ നിന്ന് എ.ആര്‍ ക്യാമ്പിലേക്ക് നേരത്തേ സ്ഥലംമാറ്റിയിരുന്നു.

മാര്‍ച്ച് മാസം ലക്കിടിയില്‍ ബസും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ് വൈത്തിരി താലൂക്ക് ആശുപത്രിയിലെത്തിച്ച കാര്‍ യാത്രികന്റെ പക്കല്‍ നിന്നും കഞ്ചാവും 29 മോര്‍ഫിന്‍ ഗുളികകളും കണ്ടെത്തിയിരുന്നു. വൈത്തിരി പൊലീസെത്തി കഞ്ചാവ് ഉള്‍പ്പെടെയുള്ളവ കൊണ്ടുപോയെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല.

സ്മിബിന്‍ പണം വാങ്ങി കേസ് ഒഴിവാക്കുകയായിരുന്നു. കാര്‍ യാത്രികന്റെ സുഹൃത്തില്‍നിന്ന് മൂന്നുതവണയായി ഒന്നരലക്ഷം രൂപയും ഇയാള്‍ ഭീഷണിപ്പെടുത്തി വാങ്ങിയിരുന്നു.

എം.എല്‍.എയുടെ സ്റ്റാഫിന് നല്‍കാനാണെന്ന് പറഞ്ഞ് പിന്നീട് രണ്ടര ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു. ഇതിന്റെ ഫോണ്‍ സംഭാഷണവും കേസ് ഒതുക്കാന്‍ നടത്തിയ വാട്സാപ്പ് ചാറ്റുകളും വോയ്സ് മെസേജുകളും ലഭിച്ചിരുന്നു.

മുമ്പ് കല്‍പ്പറ്റയിലെ സംഘര്‍ഷത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്തതിന് സ്മിബിന്‍ ദീര്‍ഘകാലം സസ്‌പെന്‍ഷനിലായിരുന്നു.

അതേസമയം, എല്‍.ഡി.എഫിനെതിരെ യു.ഡി.എഫ് രംഗത്തെത്തി. കള്ളം ആവര്‍ത്തിച്ച് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് എല്‍.ഡി.എഫും സി.പി.ഐ.എമ്മും നടത്തുന്നതെന്ന് യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റി പറഞ്ഞു.

ആരോപണ വിധേയമായ കേസ് ഒതുക്കിത്തീര്‍ക്കാന്‍ ഇടപെട്ടത് മുഖ്യമന്ത്രി നിയന്ത്രിക്കുന്ന ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥരാണ്. അതില്‍ എം.എല്‍.എയോ ഓഫീസോ ഒരുതരത്തിലും ബന്ധപ്പെട്ടിട്ടില്ല. മാത്രമല്ല, ഒരു ഉദ്യോഗസ്ഥനെ പോലും വിളിച്ചിട്ടുപോലുമില്ല. എന്നിട്ടും പുലബന്ധമില്ലാത്ത വിഷയത്തില്‍ ആരോപണം ഉയര്‍ത്തുന്നത് മയക്കുമരുന്ന് കേസ് അട്ടിമറിക്കാന്‍ നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്താനും എം.എല്‍.എ ഓഫീസിനെ വിഷയത്തിലേക്ക് വലിച്ചിഴച്ച് താറടിക്കാന്‍ ശ്രമിക്കുന്നതിന്റെയും ഭാഗമാണെന്നും ഈ ശ്രമത്തെ ചെറുക്കുമെന്നും യു.ഡി.എഫ് പറഞ്ഞു.

കേസില്‍ ആരോപണം നേരിടുന്ന വ്യക്തി കേസ് നടക്കുമ്പോള്‍ എം.എല്‍.എയുടെ ഗണ്‍മാനല്ലെന്നും ഓഫിസുമായി ഒരു ബന്ധവുമില്ലെന്നും വ്യക്തമാക്കിയ യു.ഡി.എഫ് 2022ല്‍ കേവലം അഞ്ച് മാസമാണ് ഗണ്‍മാനായി പ്രവര്‍ത്തിച്ചതെന്നും പറഞ്ഞു.

 

Content Highlight: LDF demands resignation of T Siddique MLA over gunman’s drug case settlement