'ആചാരം പാലിച്ചുകൊണ്ട് ആര്‍ക്കു വേണമെങ്കിലും ശബരിമലയില്‍ പോകാം, ആചാരലംഘനത്തോട് യോജിപ്പില്ല'; നിലപാട് വ്യക്തമാക്കി മഞ്ചേശ്വരത്തെ ഇടതുസ്ഥാനാര്‍ഥിയും
KERALA BYPOLL
'ആചാരം പാലിച്ചുകൊണ്ട് ആര്‍ക്കു വേണമെങ്കിലും ശബരിമലയില്‍ പോകാം, ആചാരലംഘനത്തോട് യോജിപ്പില്ല'; നിലപാട് വ്യക്തമാക്കി മഞ്ചേശ്വരത്തെ ഇടതുസ്ഥാനാര്‍ഥിയും
ന്യൂസ് ഡെസ്‌ക്
Wednesday, 2nd October 2019, 3:32 pm

മഞ്ചേശ്വരം: ആചാരം പാലിച്ചുകൊണ്ട് ആര്‍ക്കു വേണമെങ്കിലും ശബരിമലയില്‍ പോകാമെന്നു മഞ്ചേശ്വരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ശങ്കര്‍ റെ. ശബരിമലയില്‍ ആചാരം ലംഘിക്കുന്നതിനോട് യോജിപ്പില്ലെന്നും വിശ്വാസമുള്ളവര്‍ക്ക് ആചാരങ്ങളനുസരിച്ച് പോകാമെന്നു പറയുന്ന ആളാണു താനെന്നും ശങ്കര്‍ പറഞ്ഞു.

കാസര്‍കോട് പ്രസ്സ് ക്ലബ്ബില്‍ സ്ഥാനാര്‍ഥികളുടെ മുഖാമുഖം പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ശബരിമലയില്‍ പോകേണ്ട എന്ന് ആരോടും പറയുന്നില്ല. പക്ഷേ, ശബരിമലയിലെ ആചാരമനുസരിച്ച് ചില ക്രമങ്ങളുണ്ട്. പോകുന്നവര്‍ അതു പാലിക്കണമെന്നാണു എന്റെ വിശ്വാസം. അതു പാലിക്കാതെ ആരു പോയാലും തെറ്റാണ്.

കോടതിവിധി നടപ്പാക്കേണ്ടതാണ്. അതിനെക്കുറിച്ച് സര്‍ക്കാരാണു പറയേണ്ടത്. നിലവിലുള്ള രീതി തുടരട്ടെയെന്നാണ് എന്റെ അഭിപ്രായം.’- അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തേ കോന്നിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പി. മോഹന്‍രാജും ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നു.

‘നവോത്ഥാനമെന്ന പേരിട്ടുകൊണ്ട്, വീട്ടില്‍പ്പോലും കയറ്റാത്ത, ഭര്‍ത്താവിനും അമ്മായി അമ്മയ്ക്കും മക്കള്‍ക്കും വേണ്ടാത്ത സ്ത്രീകളെ ഒരു ഐ.ജിയുടെ നേതൃത്വത്തില്‍ നാനൂറിലേറെ പൊലീസുകാരുടെ അകമ്പടിയോടെ ശബരിമലയിലെത്തിക്കുകയാണു സര്‍ക്കാര്‍ ചെയ്തത്.

ഈ സര്‍ക്കാരിനെതിരെ ജനവികാരം ഉണ്ടാകുമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല.

ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ കൈക്കൊണ്ട നീചമായ പ്രവൃത്തി സുവര്‍ണാവസരമായിട്ടാണ് ബി.ജെ.പി കരുതിയത്. പാര്‍ട്ടി ഫോറത്തില്‍ ബി.ജെ.പി സംസ്ഥാനാധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞതു പുറത്തുവന്നിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ശബരിമലയിലെ വിശ്വാസവും സമാധാനാന്തരീക്ഷവും തകര്‍ക്കാനാണ് സി.പി.ഐ.എമ്മും ബി.ജെ.പിയും ശ്രമിച്ചതെന്ന് വിശ്വാസി സമൂഹം തിരിച്ചറിയണം.’- അദ്ദേഹം പറഞ്ഞു.

കോന്നി ഉപതെരഞ്ഞെടുപ്പിലും ശബരിമല വിഷയം പ്രചാരണ വിഷയമാവുമെന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ നേരത്തേ പറഞ്ഞിരുന്നു.