ദിലീപിന്റെ സഹോദരന്‍ അനൂപുമായി അഭിഭാഷകന്‍ രാമന്‍പിള്ള നടത്തിയ സംഭാഷണം പുറത്ത്
Kerala News
ദിലീപിന്റെ സഹോദരന്‍ അനൂപുമായി അഭിഭാഷകന്‍ രാമന്‍പിള്ള നടത്തിയ സംഭാഷണം പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th April 2022, 3:00 pm

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണയില്‍ സാക്ഷികളുടെ മൊഴി അട്ടിമറിക്കാന്‍ ശ്രമിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ദിലീപിന്റെ സഹോദരന്‍ അനൂപുമായി അഭിഭാഷകന്‍ ബി. രാമന്‍പിള്ള നടത്തിയ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്.

ജയിലില്‍ നിന്ന് പള്‍സര്‍ സുനി ദിലീപിനയച്ച കത്തിനെക്കുറിച്ച് എങ്ങനെ മൊഴി നല്‍കണമെന്ന് രാമന്‍പിള്ള അനൂപിനെ പഠിപ്പിക്കുന്നതാണ് ശബ്ദരേഖയിലുള്ളത്.

അനൂപിന്റെയും ദിലീപിന്റെ സുഹൃത്ത് നാദിര്‍ഷയുടെയും വാക്കുകളിലെ പൊരുത്തക്കേട് പരിഹരിക്കാന്‍ അഭിഭാഷകന്‍ ശ്രമിക്കുന്നതിന്റെ സംഭാഷണവും പുറത്തുവന്നിരുന്നു.

ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ വീടിരിക്കുന്ന സ്ഥലത്തെ കുറിച്ച് നാദിര്‍ഷ വ്യത്യസ്ത പ്രതികരണം നടത്തിയിരുന്നു. പറവൂര്‍ കവലയിലാണ് അനൂപിന്റെ വീടെന്നാണ് നാദിര്‍ഷ പറഞ്ഞതെന്ന് അഭിഭാഷകന്‍ പറയുന്നു.

അങ്ങനെ പറയുന്നതിന് പകരം കുറച്ചുകൂടി വ്യക്തമായി പറവൂര്‍ കവലയേയും വീടിരിക്കുന്ന വി.ഐ.പി ലെയിനേയും ബന്ധിപ്പിച്ച് പറയണമെന്നാണ് അഭിഭാഷകന്‍ അനൂപിനോട് ആവശ്യപ്പെടുന്നത്. പറവൂര്‍ കവലയിലാണോ എന്ന് ചോദിച്ചാല്‍ പറവൂര്‍ കവലയില്‍ നിന്ന് 300 മീറ്റര്‍ മാറി വി.ഐ.പി ലെയിനിലെന്ന് കൃത്യമായി പറയണമെന്നും അഭിഭാഷകന്‍ പറയുന്നുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ജയിലായ ശേഷം ആലുവയിലെ പത്മസരോവരം വീട്ടില്‍ നിന്ന് എല്ലാവരും പറവൂര്‍ കവല വി.ഐ.പി ലെയിനിലെ അനൂപിന്റെ വീട്ടിലേക്ക് താമസം മാറിയിരുന്നു. ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം ദിലീപ് എത്തിയതും ഈ വീട്ടിലേക്കാണ്.

ജയിലില്‍ നിന്നിറങ്ങി മൂന്നാം ദിവസം സംവിധായകന്‍ പി ബാലചന്ദ്രകുമാര്‍ ദിലീപിനെ കാണുന്നതും അനൂപിന്റെ വീട്ടില്‍ വെച്ചാണ്. അനൂപിന്റെ വീട്ടില്‍ വെച്ച് ദിലീപിന്റെ റൂമില്‍ തോക്ക് കണ്ടെന്ന് ബാലചന്ദ്രകുമാറിന്റെ മൊഴിയുണ്ട്. അന്വേഷണ സംഘം നടത്തിയ തെരച്ചിലില്‍ തോക്ക് കണ്ടെത്താനായിരുന്നില്ല.

ദിലീപ് ജയിലിലായ സമയത്ത് അനൂപിന്റെ ഈ വീടായിരുന്നു ആലോചനാ കേന്ദ്രം. ഈ വീട്ടില്‍ വെച്ചാണ് പല ഗൂഢാലോചനകളും നടന്നതെന്നും ബാലചന്ദ്രകുമാര്‍ ആരോപിച്ചിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ഹരജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ആവശ്യമാണ് കോടതി തള്ളിയത്. വധ ഗൂഢാലോചനാക്കേസ് തുടരാമെന്ന് കോടതി അറിയിച്ചു. ജസ്റ്റിസ് സിയാദ് റഹ്‌മാന്റെയാണ് ഉത്തരവ്.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.

Content Highlights: Lawyer Raman Pillai’s conversation with Dileep’s brother Anoop is out