ന്യൂദൽഹി: സുപ്രീംകോടതിക്കുള്ളിൽവെച്ച് ചീഫ് ജസ്റ്റിസ് ബി.ആർ ഗവായിക്ക് നേരെ നടന്ന അതിക്രമത്തെ ന്യായീകരിച്ച് പ്രതിയായ അഭിഭാഷകൻ രാകേഷ് കിഷോർ. ഖജുരാഹോയിലെ വിഷ്ണു വിഗ്രഹത്തിന്റെ വിധിക്കു ശേഷം തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ലെന്ന് പ്രതി പറഞ്ഞു.
വിഷ്ണുവിഗ്രഹത്തെ കുറിച്ചുള്ള പരാമർശം മാത്രമല്ല ഈ ആക്രമണത്തിന് തന്നെ പ്രേരിപ്പിച്ചതെന്നും മൗറീഷ്യസിൽ ചീഫ് ജസ്റ്റിസ് നടത്തിയ പ്രസംഗത്തിലും തനിക്ക് അതൃപ്തിയുണ്ടായിരുന്നെന്നും അഭിഭാഷകൻ പറഞ്ഞു.
‘ആ വിധിക്ക് ശേഷം എനിക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇത്തരമൊരു അപമാനത്തിനു ശേഷം എനിക്ക് എങ്ങനെ വിശ്രമിക്കാൻ കഴിയുന്നെന്ന് ദൈവം എല്ലാ രാത്രിയും എന്നോട് ചോദിച്ചുകൊണ്ടിരുന്നു,’ അഭിഭാഷകൻ പറഞ്ഞു.
ജയിൽ പോകാൻ തയ്യാറാണ്. താൻ ജയിലിലായിരുന്നെങ്കിൽ നന്നായിരുന്നു. തന്റെ പ്രവൃത്തിയിൽ കുടുംബം അസന്തുഷ്ടരാണ്. അവർക്ക് തന്നെ മനസിലാക്കാൻ കഴിയുന്നില്ലെന്നും ഇയാൾ കൂട്ടിച്ചേർത്തു.
പൊലീസ് ചോദ്യം ചെയ്യലിൽ രാകേഷ് കിഷോർ യാതൊരു പശ്ചാത്താപവും പ്രകടിപ്പിച്ചിരുന്നില്ല. തനിക്ക് ഒരു കുറ്റബോധവുമില്ലെന്നും ഒരു രാഷ്ട്രീയ പാർട്ടിയുമായും തനിക്ക് ബന്ധമില്ലെന്നും അഭിഭാഷകൻ പറഞ്ഞു.
ഖജുരാഹോയിലെ വിഷ്ണുവിന്റെ വിഗ്രഹം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജിയിൽ ചീഫ് ജസ്റ്റിസിന്റെ സമീപകാല പരാമർശങ്ങൾ ഉദ്ധരിച്ചു കൊണ്ടായിരുന്നു പ്രതിയായ അഭിഭാഷകന്റെ പരാക്രമം. സനാതനത്തെ അപമാനിക്കുന്നത് സമ്മതിക്കില്ല എന്നും അഭിഭാഷകൻ വിളിച്ചു പറഞ്ഞിരുന്നു.
ഇന്ത്യയുടെ നിയമവ്യവസ്ഥ ബുൾഡോസർ ഭരണത്തിൻ കീഴിലല്ല നിയമവാഴ്ചയ്ക്ക് കീഴിലാണ് പ്രവർത്തിക്കുന്നതെന്ന് മൗറീഷ്യസ് യൂണിവേഴ്സിറ്റിയിൽ നടന്ന പരിപാടിയിൽ ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. ഒരു കാര്യം നിയമപരമാക്കിയത് കൊണ്ട് മാത്രം നീതിയുക്തമാണെന്ന് അര്‍ത്ഥമാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മധ്യപ്രദേശിലെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഖജുരാഹോ ക്ഷേത്രത്തിന്റെ ഭാഗമായ ജവാരി ക്ഷേത്രത്തിലെ ഏഴടി ഉയരമുള്ള വിഗ്രഹം പുനർനിർമിക്കുന്നതിനായി നൽകിയ ഹരജി സെപ്റ്റംബർ 16 ന് സുപ്രീം കോടതി തള്ളിയിരുന്നു.
ഇതൊരു പൊതു താല്പര്യ ഹരജിയാണെന്നും ദൈവത്തോടുതന്നെ എന്തെങ്കിലും ചെയ്ത് തരാൻ ആവശ്യപ്പെടൂയെന്നും ഹരജിക്കാരനോട് ചീഫ് ജസ്റ്റിസ് ചോദിച്ചിരുന്നു. നിങ്ങൾ യഥാർത്ഥ വിഷ്ണു ഭക്തനാണെങ്കിൽ പ്രാർത്ഥിക്കുകയും ധ്യാനിക്കുകയും ചെയ്യുയെന്ന് ഹാസ്യരൂപേണ അദ്ദേഹം പറഞ്ഞിരുന്നു.
Content Highlight: Lawyer Rakesh Kumar, accused of defending the assault on Chief Justice BR Gavai inside the Supreme Court