പവിത്രമായ ദൈവ പാരമ്പര്യത്തെ പരിഹസിച്ചു; കാന്താര വിവാദത്തില്‍ രണ്‍വീര്‍ സിങ്ങിനെതിരെ പരാതിയുമായി അഭിഭാഷകന്‍
Indian Cinema
പവിത്രമായ ദൈവ പാരമ്പര്യത്തെ പരിഹസിച്ചു; കാന്താര വിവാദത്തില്‍ രണ്‍വീര്‍ സിങ്ങിനെതിരെ പരാതിയുമായി അഭിഭാഷകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 3rd December 2025, 9:20 pm

കാന്താര ചാപ്റ്റര്‍ വണ്ണിലെ റിഷബ് ഷെട്ടിയുടെ പ്രകടനത്തെ അനാദരിച്ചുവെന്ന് ആരോപിച്ച് ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങിന് നേരെ പരാതിയുമായി അഭിഭാഷകന്‍. ബെംഗളൂരു സ്വദേശിയായ പ്രശാന്ത് മേത്തലാണ് പരാതി നല്‍കിയത്.

രണ്‍വീര്‍ പവിത്രമായ ദൈവ പാരമ്പര്യത്തെ പരിഹസിച്ചുവെന്ന് ആരോപിച്ച് അഭിഭാഷകന്‍ ഹൈഗ്രൗണ്ട്‌സ്  പൊലീസ് സ്റ്റേഷനില്‍ രേഖാമൂലം പരാതി നല്‍കിയതായി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

നവംബര്‍ 28ന് ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലാണ് രണ്‍വീര്‍ കാന്താരയിലെ ഒരു രംഗം അനുകരിച്ചത്. വേദിയിലിരുന്ന റിഷബിനെ ആലിംഗനം ചെയ്യുകയും കാന്താരയുടെ ക്ലൈമാക്‌സ് അനുകരിക്കുകയും ചെയ്താണ് രണ്‍വീര്‍ തന്റെ അഭിനന്ദനം അറിയിച്ചത്. പിന്നാല താരത്തിന് നേരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

പരാതിയില്‍ ഉന്നയിക്കപ്പെട്ട മറ്റൊരു കാര്യം, രണ്‍വീര്‍ ദൈവത്തെ ‘സ്ത്രീ പ്രേതം’ എന്ന് പരാമര്‍ശിച്ചതാണ്. ഇതിനെ ‘ദൈവനിന്ദ’ എന്നും ‘മനപ്പൂര്‍വ്വമായ അനാദരവ്’ എന്നുമാണ് അഭിഭാഷകന്‍ മുദ്രകുത്തിയത്. നടനെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം പൊലീസിനോട് ആവശ്യപ്പെട്ടു.

രണ്‍വീര്‍ സിങ്ങിന്റെ ഈ പ്രവര്‍ത്തി ഹിന്ദുക്കളുടെ, പ്രത്യേകിച്ച് തുളു സമുദായത്തില്‍പ്പെട്ടവരുടെ വികാരങ്ങളെ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നതാണെന്ന് പരാതിയില്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

അതേസമയം രണ്‍വീര്‍ ഈ വിഷയത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ തുറന്ന മാപ്പ് പറച്ചില്‍ നടത്തിയിരുന്നു. റിഷബ് ഷെട്ടി കാന്താരയില്‍ കാഴ്ചവെച്ച അസാമാന്യ പ്രകടനത്തെ എടുത്തു കാണിക്കുക എന്ന ഉദ്ദേശം മാത്രമെ തനിക്കുണ്ടായിരുന്നുള്ളുവെന്നും ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും രണ്‍വീര്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരുന്നു.

Content Highlight:  lawyer  filed a complaint against Ranveer Singh, accusing him of disrespecting Rishabh Shetty’s performance in Kantara