ലൈംഗിക തൊഴില്‍ ക്രിമിനല്‍ കുറ്റമല്ല, സംഘടിത ബിസിനസാക്കുന്നതിനെ തടയുകയാണ് നിയമത്തിന്റെ ലക്ഷ്യം : സുപ്രീം കോടതി
India
ലൈംഗിക തൊഴില്‍ ക്രിമിനല്‍ കുറ്റമല്ല, സംഘടിത ബിസിനസാക്കുന്നതിനെ തടയുകയാണ് നിയമത്തിന്റെ ലക്ഷ്യം : സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st June 2026, 10:16 am

ന്യൂദല്‍ഹി: രാജ്യത്ത് നിലവിലുള്ള 70 വര്‍ഷം പഴക്കമുള്ള ഇമ്മോറല്‍ ട്രാഫിക് പ്രിവന്‍ഷന്‍ ആക്ടിന്റെ (ഐ.ടി.പി.എ) പ്രധാന ലക്ഷ്യം വേശ്യാവൃത്തി നിര്‍ത്തലാക്കുകയോ അതിനെ ക്രിമിനല്‍ കുറ്റമാക്കുകയോ അല്ലെന്ന് സുപ്രീം കോടതി.

മറിച്ച്, ലൈംഗിക തൊഴിലിനെ ഒരു സംഘടിത ബിസിനസ് എന്ന നിലയില്‍ വാണിജ്യവത്ക്കരിക്കുന്നത് തടയുക മാത്രമാണ് നിയമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യമെന്ന് ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

വേശ്യാലയങ്ങളില്‍ നിന്ന് മോചിപ്പിക്കപ്പെടുന്ന സ്ത്രീകളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കുന്നതിനിടയിലാണ് സുപ്രീം കോടതി 1956ലെ ഈ നിയമത്തെക്കുറിച്ച് വിശകലനം നടത്തിയത്.

വാണിജ്യവത്ക്കരണത്തിന് എതിരെയാണ് നിയമമെന്നും ലൈംഗിക തൊഴില്‍ എടുക്കുന്ന സ്ത്രീകള്‍ക്കെതിരെയല്ലെന്നുമായിരുന്നു നിയമത്തിന്റെ യഥാര്‍ത്ഥ അന്തസ്സത്ത വ്യക്തമാക്കിക്കൊണ്ട് സുപ്രീം കോടതി ബെഞ്ച് പറഞ്ഞത്.

‘ലൈംഗിക തൊഴില്‍ പൂര്‍ണമായി നിര്‍ത്തലാക്കുകയോ അതില്‍ ഏര്‍പ്പെടുന്നത് ഒരു ക്രിമിനല്‍ കുറ്റമാക്കുകയോ ചെയ്യുക എന്നതല്ല ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം എന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.

മറിച്ച്, അതിന്റെ വാണിജ്യവത്ക്കരണം, അതായത് ഒരു സംഘടിത ജീവിതമാര്‍ഗമെന്ന നിലയില്‍ ഇതിനെ മാറ്റുന്നത് തടയുകയോ നിര്‍ത്തലാക്കുകയോ ചെയ്യുക എന്നതാണ് നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ നിയമം പ്രധാനമായും കൊണ്ടുവന്നത് ലൈംഗിക തൊഴിലാളികളെ ശിക്ഷിക്കാനല്ല, മറിച്ച് ഇതിന് പിന്നിലെ യഥാര്‍ത്ഥ കുറ്റവാളികളെയും ചൂഷകരെയും ശിക്ഷിക്കാനാണ്.’ കോടതി പറഞ്ഞു.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍, വേശ്യാവൃത്തിക്കായി സ്ത്രീകളെ വലിയ തോതില്‍ കടത്തുന്നത് സാധാരണമായിരുന്നുവെന്നും, അക്കാലത്ത് അത് അധാര്‍മ്മികമായി കണക്കാക്കപ്പെട്ടിരുന്നതിനാലാണ് നിയമത്തില്‍ ‘ഇമ്മോറല്‍’ (അധാര്‍മ്മികം) എന്ന വാക്ക് ചേര്‍ത്തതെന്നും കോടതി പറഞ്ഞു.

സുപ്രീം കോടതി പുറപ്പെടുവിച്ച 298 പേജുകളുള്ള വിധിന്യായത്തില്‍, ജസ്റ്റിസ് പര്‍ദിവാല നിയമത്തിലെ ചില പ്രത്യേക വകുപ്പുകളെക്കുറിച്ചും വിശദീകരിച്ചു. വ്യക്തിഗത വേശ്യാവൃത്തിക്ക് ശിക്ഷ നല്‍കാന്‍ ഉതകുന്ന നിയമത്തിലെ 7, 8 വകുപ്പുകള്‍ പൊതുവായ നിയമത്തിന് അപവാദമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

സെക്ഷന്‍ 7 പ്രകാരം പൊതുയിടങ്ങള്‍ പൊതു സ്ഥാപനങ്ങള്‍ (സ്‌കൂളുകള്‍, ആശുപത്രികള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവ) എന്നിവയ്ക്ക് സമീപം വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്ന ആരെയും ശിക്ഷിക്കാം. സെക്ഷന്‍ 8 പ്രകാരം പൊതു സ്ഥലങ്ങളില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതും പ്രകോപിപ്പിക്കുന്നതുമായ പെരുമാറ്റങ്ങള്‍ കുറ്റകരമാക്കുന്നതുമാണ്.

പൊതുജന ശല്യം തടയുന്നതിനും പൊതു മാന്യതയും സാമൂഹിക ധാര്‍മ്മികതയും ഉറപ്പുവരുത്തുന്നതിനുമാണ് ഈ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വ്യക്തിപരമായ വേശ്യാവൃത്തികളെ നേരിട്ട് ഒഴിവാക്കണമെന്നില്ലെങ്കിലും, പൊതു സ്ഥാപനങ്ങള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ അനുവദിക്കാനാകില്ല.

ഒരു വശത്ത് വേശ്യാവൃത്തിയെ ഒരു വ്യാപാരമായി പൂര്‍ണമായി ക്രിമിനല്‍ വല്‍ക്കരിക്കുന്നതിനോ, മറുവശത്ത് ഇതിന്മേലുള്ള നിയന്ത്രണങ്ങള്‍ പൂര്‍ണമായി അസാധുവാക്കുന്നതിനോ കോടതി ശ്രമിക്കുന്നില്ലെന്നും വിധിന്യായത്തില്‍ പറയുന്നുണ്ട്.

എല്ലാ വേശ്യാവൃത്തികളെയും ഒരേപോലെ അപലപിക്കുക എന്നത് നിയമനിര്‍മാണ ലക്ഷ്യമല്ല. എന്നാല്‍, ഈ നിയമത്തിന്റെ നിര്‍വചനത്തില്‍ ചില മാനദണ്ഡപരമായ അവ്യക്തതകള്‍ നിലനില്‍ക്കുന്നുണ്ടെന്നും, അത് ലൈംഗികത്തൊഴിലാളികളെ ദുരുപയോഗം ചെയ്യുന്നതിനോ ചൂഷണം ചെയ്യുന്നതിനോ മാത്രമായി ചിത്രീകരിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.

നിയമത്തിലെ സെക്ഷന്‍ 2ല്‍ പറയുന്ന വേശ്യാലയം എന്ന വാക്കിന്റെ നിര്‍വചനത്തെക്കുറിച്ചും കോടതി വ്യക്തത വരുത്തിയിട്ടുണ്ട്.

ഒരു സ്ത്രീ സ്വന്തം ഉപജീവനത്തിനായി മാത്രം വ്യക്തിപരമായി വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്നുവെങ്കില്‍, അവള്‍ താമസിക്കുന്ന സ്ഥലം ഒരു വേശ്യാലയമായി കണക്കാക്കാന്‍ കഴിയില്ല.

എന്നാല്‍, അവിടെ മറ്റൊരു ലൈംഗിക തൊഴിലാളിയോ അല്ലെങ്കില്‍ ആ സ്ഥലത്തിന്റെ പരിപാലനത്തിലോ നടത്തിപ്പിലോ മറ്റ് ഇടനിലക്കാരോ (മാന്യന്മാരോ/ബ്രോക്കര്‍മാരോ) ഉള്‍പ്പെട്ടിട്ടുണ്ടാകരുത്.

മറ്റാരുടെയും ചൂഷണമില്ലാതെ സ്വന്തം നിലയില്‍ ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുന്ന സ്ത്രീകളെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്ന് പീഡിപ്പിക്കരുതെന്ന കര്‍ശനമായ സന്ദേശമാണ് സുപ്രീം കോടതി ഈ വിധിയിലൂടെ നല്‍കുന്നത്.

Content Higfhlight:  law is against commercialisation of prostitution does not intend to ban or criminalise it says SC