എഡിറ്റര്‍
എഡിറ്റര്‍
എന്ത് കഷ്ടാണ് ബോസ് ഈ ലവകുശ…..
എഡിറ്റര്‍
Thursday 12th October 2017 7:58pm

ഡൂള്‍ ന്യൂസ് സ്റ്റാര്‍ റേറ്റിംഗ് : 1/5
ചിത്രം       : ലവകുശ
സംവിധാനം : ഗിരീഷ് മനോ
കഥ,തിരക്കഥ :നീരജ് മാധവ്
നിര്‍മ്മാണം : ജെയ്‌സണ്‍ എളംങ്കുളം
ഛായാഗ്രഹണം : പ്രകാശ് വേലായുധന്‍

നീരജ് മാധവന്‍ കഥയും തിരക്കഥയും രചിക്കുന്ന സിനിമ കൂടെ അജു വര്‍ഗീസ്, ബിജു മേനോന്‍, നിര്‍മ്മല്‍ പാലാഴി, വിജയ്ബാബു, ദിപ്തി സതി, പിന്നെ ടീസര്‍ ഇത് മുന്നില്‍ വെച്ച് കൊണ്ടായിരുന്നു ഒരു മികച്ച എന്റര്‍ടെയിനര്‍ പ്രതീക്ഷിച്ച് നീ.കോ.ഞാ.ച ക്ക് ശേഷം ഗിരീഷ് മനോ സംവിധാനം ചെയ്ത ലവകുശക്ക് കയറിയത്. പക്ഷേ പടം കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ തോന്നിയത് സിനിമയിലെ പാട്ടിന്റെ വാരികള്‍ പോലെ തന്നെ എന്ത് കഷ്ടാണ് ബോസ് ഈ ലവകുശ എന്നാണ്

നാടോടികാറ്റില്‍ ശങ്കാരാടി പറയുമ്പോലെ ഇത്തിരി നാടോടി കാറ്റ്, ഇത്തിരി പട്ടണപ്രവേശം,ഇത്തിരി തമിഴിലെ ധനുഷിന്റെ വി.ഐ.പി, പിന്നെ കണ്ട് മറന്ന ഒരുപാട് സിനിമകളിലെ ക്ലീഷേ രംഗങ്ങള്‍ എല്ലാം കൂട്ടി ചേര്‍ത്താല്‍ ലവകുശയായി എന്ന്  പറയാം.

മലയാളസിനിമ മൊത്തത്തില്‍ മാറുന്നതിന്റെ ചില ശുഭ സൂചനകള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നമുക്ക് ലഭിക്കുന്നുണ്ട്. സ്ഥിരം ക്ലീഷേകളില്‍ നിന്ന് മാറി പുതിയ ചിന്തകള്‍ക്കും രീതികള്‍ക്കും മലയാളസിനിമയുടെ പുത്തന്‍ തലമുറ തുടക്കമിട്ടിരിക്കുകയാണ് അവിടെ നിന്ന് വീണ്ടും പഴയകാല സിനിമാരീതികളിലേക്ക് തിരിച്ച് പോകാന്‍ ശ്രമിക്കുക്കുന്ന ഒന്നാണ് നീരജ് കഥയെഴുതിയ ‘ലവകുശ’ എന്ന് പറയേണ്ടി വരും. ഒരു ത്രില്ലര്‍ കോമഡി എന്ന നിലയില്‍ അവതരിപ്പിക്കപ്പെട്ട സിനിമ എത്രത്തോളം ആത്മാര്‍ത്ഥത പുലര്‍ത്തുന്നുണ്ട് എന്നത് ഒരു ചോദ്യമാണ്. സാധാരണ കോമഡി സിനിമകളില്‍ അല്‍പം സ്വല്‍പം ബുദ്ധിമാനായ നായകനും മണ്ടനായ കൂട്ടൂകാരനുമാണങ്കില്‍ ഇതില്‍ നീരജും അജു മത്സരിച്ച് മണ്ടനായി അഭിനയിച്ച് കഷ്ടപ്പെടുകയാണ് എന്ന് പറയേണ്ടി വരും.

സിനിമ തുടങ്ങി അദ്യ പത്ത് മിനിറ്റില്‍ തന്നെ ധനുഷിന്റെ ഹിറ്റ് മൂവിയായ വി.ഐ.പിയെ ഓര്‍മ്മിപ്പിക്കുന്ന സംഭാഷണവും പാട്ടുമാണുള്ളത്. സിനിമാ താരങ്ങളുടെ ഫേസ്ബുക്ക് പേജുകള്‍ നിയന്ത്രിക്കുന്ന അജുവിന്റെ കഥാപാത്രവും സിനിമയിലെ ടച്ചിംഗ് ബോയ് ആയ നീരജിന്റെ കഥാപാത്രവും ചെന്നെയില്‍ വെച്ച് കണ്ട് മുട്ടുകയും അവിടെ നിന്ന പരിചയപ്പെട്ട ഇവര്‍ കേരളത്തില്‍ തമിഴ് സിനിമയിലേക്ക് താരങ്ങളെ കണ്ടെത്തുന്ന പുതിയ കാസ്റ്റിംഗ് കമ്പനി തുടങ്ങുന്നതിനായി ചെന്നൈയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കേരളത്തിലേക്ക് വരുന്നതും യാത്രയുടെ ഇടക്ക് വെച്ച് ബിജുമേനോന്റെ കഥാപാത്രമായ വെങ്കിയുമായി പരിചയപ്പെടുകയും പിന്നീട് അവര്‍ ആ യാത്രയില്‍ ഒരു പ്രശ്‌നത്തില്‍ പെടുകയും ചെയ്യുന്നതാണ് കഥയുടെ ഇതിവൃത്തം.

സിനിമയില്‍ ഉടനീളം ബോസ് എന്ന് പരസ്പരം വിളിക്കുന്ന നീരജും അജുവും ഒരു പ്രത്യേക സ്ഥലത്ത് വെച്ച് ‘ലവ’ ‘കുശ’ എന്നീപേരുകള്‍ സ്ഥീകരിക്കുകയാണ്. സ്ഥിരം സിനിമാ ക്ലീഷേകളില്‍ പെട്ട ‘സസ്‌പെന്‍സ്’ പൊലീസ് ഉദ്യോഗസ്ഥരും കള്ളകടത്തും തൊഴില്‍രഹിതരായ ചെറുപ്പക്കാര്‍ വില്ലനെ പൂട്ടി അവസാനം പൊലീസ് ഉദ്യോഗസ്ഥരാകുന്നതുമെല്ലാം ഈ സിനിമയിലൂം ആവര്‍ത്തിക്കുകയാണ്. അജു വര്‍ഗീസും നീരജും ബിജുമേനോനും തമ്മില്‍ ചേരുമ്പോള്‍ ഉണ്ടാകുമെന്ന് കരുതുന്ന തമാശകള്‍ ഒന്നും ഈ ചിത്രത്തില്‍ ഇല്ല.

കുറച്ചെങ്കിലും പ്രേക്ഷകനെ ചിരിപ്പിച്ചത് നിര്‍മ്മല്‍ പാലാഴിയുടെ ഹൗസ് ഓണറുടെ കഥാപാത്രമാണെന്ന് പറയേണ്ടി വരും. മറ്റ് കഥാപാത്രങ്ങള്‍ക്കൊന്നും കാര്യമായിട്ട് ഒന്നും ചെയ്യാനില്ലായിരുന്നു എന്ന് തന്നെ പറയാം. സസ്‌പെന്‍സും ട്വിസ്റ്റും ഒക്കെയായി അവതരിപ്പിച്ച സീനുകളില്‍ പലതും പ്രേക്ഷകന് മുന്‍കൂട്ടി മനസ്സിലാക്കാന്‍ കഴിയുന്നതായിരുന്നു. എടുത്ത് പറയേണ്ട് ഒന്ന് ബിജുമേനോന്റെയും മറ്റും സ്റ്റൈലന്‍ ഇന്‍ട്രോകളായിരുന്നു.

നീരജ്മാധവന്‍ വളരെ പ്രതീക്ഷയുള്ള ഒരു യുവ നടനാണ് പല ഇന്റര്‍വ്യൂകളിലും സിനിമയോടുള്ള തന്റെ അടങ്ങാത്ത ആവേശം അദ്ദേഹം തുറന്ന് പറഞ്ഞതുമാണ് അതായിരിക്കാം കുറഞ്ഞ കാലം കൊണ്ട് തന്നെ സിനിമയുടെ സകലമേഖലകളിലും തന്റെ വ്യക്തി മുദ്ര പതിപ്പിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നത്. കുറഞ്ഞ കാലം കൊണ്ട് തന്നെ അഭിനേതാവ് എന്നതിന് ഉപരിയായി ഡാന്‍സിലും കൊറിയോഗ്രാഫിയിലും ഇപ്പോള്‍ പാട്ടിലും തിരക്കഥയിലും ഒക്കെ കൈവെച്ചത്. പക്ഷേ പറയാതിരിക്കാന്‍ കഴിയില്ല ഒരു രചയിതാവ് എന്ന നിലയില്‍ താങ്കളുടെ ആദ്യ പരിശ്രമം പരാജയമാണ്.

Advertisement