അന്താരാഷ്ട്ര ക്രിക്കറ്റില്‍ 7,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ സൗത്ത് ആഫ്രിക്കന്‍ വനിതാ താരമായി ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡ്. ഐ.സി.സി വനിതാ ഏകദിന ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരായ മത്സരത്തിലാണ് വോള്‍വാര്‍ഡ് ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഈ റെക്കോഡിലെത്തുന്ന 14ാം വനിതാ താരം കൂടിയാണ് ലോറ.
ന്യൂസിലാന്‍ഡിനെതിരായ മത്സരത്തിന് മുമ്പ് 6,999 റണ്‍സാണ് ലോറയുടെ അക്കൗണ്ടിലുണ്ടായിരുന്നത്. വൈറ്റ് ഫേണ്‍സിനെതിരെ ഒറ്റ റണ്‍സ് കൂടി കണ്ടെത്തിയതോടെയാണ് ലോറ ഈ സൂപ്പര്‍ നേട്ടം സ്വന്തമാക്കിയത്.
ന്യൂസിലാന്‍ഡിനെതിരെ പത്ത് പന്തില്‍ 14 റണ്‍സ് നേടി ലോറ പുറത്തായിരുന്നു. നിലവില്‍ 7,013 റണ്‍സാണ് വോള്‍വാര്‍ഡിന്റെ പേരിലുള്ളത്.
ഏകദിന ഫോര്‍മാറ്റില്‍ തന്നെയാണ് ലോറയുടെ പേരില്‍ ഏറ്റവുമധികം റണ്‍സുള്ളത്. 111 ഇന്നിങ്‌സില്‍ നിന്നും 48.14 ശരാശരിയില്‍ 4,670 റണ്‍സ്. ഒമ്പത് സെഞ്ച്വറിയും 35 അര്‍ധ സെഞ്ച്വറിയും താരം അടിച്ചെടുത്തിട്ടുണ്ട്. 2024 ഏപ്രില്‍ 17ന് ശ്രീലങ്കയ്‌ക്കെതിരെ പുറത്താകാതെ നേടിയ 184 ആണ് ഉയര്‍ന്ന സ്‌കോര്‍.
അതേസമയം, ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 231 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്ക നിലവില്‍ 30 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 182 എന്ന നിലയിലാണ്.
Content Highlight: Laura Wolvaardt becomes the first South African women cricketer to complete 7000 international runs