വനിതാ ടി-20യില്‍ വേഗമേറിയ അര്‍ധ സെഞ്ച്വറിയുടെ റെക്കോഡ് സ്വന്തമാക്കി ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ലോറ ഹാരിസ്. ന്യൂസിലാന്‍ഡ് ടി-20 ലീഗായ സൂപ്പര്‍ സ്മാഷില്‍ ഒട്ടാഗോയ്ക്ക് വേണ്ടിയാണ് ലോറ വേഗമേറിയ അര്‍ധ സെഞ്ച്വറിയുമായി ചരിത്രമെഴുതിയത്.

അലക്‌സാന്‍ഡ്രയില്‍ നടന്ന മത്സരത്തില്‍ കാന്റര്‍ബറിക്കെതിരെ നേരിട്ട 15ാം പന്തില്‍ ഫിഫ്റ്റിയടിച്ചാണ് ലോറ ഹാരിസ് ചരിത്രമെഴുതിയത്. 2022ല്‍ വാര്‍വിക്‌ഷെയറിനായി മേരി കെല്ലി നേടിയ റെക്കോഡിനൊപ്പമെത്തിയാണ് ലോറ ഹാരിസ് റെക്കോഡ് ബുക്കില്‍ തന്റെ പേരും എഴുതിച്ചേര്‍ത്തത്.