ടി-20യിലെ ലോക ചരിത്രം തിരുത്തി ലോറ; ബ്രസീലിന്റെ സൂപ്പര്‍ താരം നേടിയത് വമ്പന്‍ റെക്കോഡ്
Cricket
ടി-20യിലെ ലോക ചരിത്രം തിരുത്തി ലോറ; ബ്രസീലിന്റെ സൂപ്പര്‍ താരം നേടിയത് വമ്പന്‍ റെക്കോഡ്
ശ്രീരാഗ് പാറക്കല്‍
Thursday, 9th April 2026, 8:34 pm

പുരുഷ – വനിതാ ടി-20 ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമെന്ന നേട്ടം സ്വന്തമാക്കി ബ്രസീലിന്റെ ഫാസ്റ്റ് ബൗളര്‍ ലോറ കാര്‍ഡോസോ. കലഹാരി വുമണ്‍സ് ക്രിക്കറ്റ് ടി-20ഐയില്‍ ലെസോതോ വുമണ്‍സിനെതിരെ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റ് നേടിയാണ് ലോറ ചരിത്ര നേട്ടം സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബ്രസീല്‍ വുമണ്‍സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലെസോതോ വുമണ്‍സിനെ 6.2 ഓവറില്‍ വെറും 13 റണ്‍സിന് ഓള്‍ ഔട്ട് ചെയ്താണ് ബ്രസീല്‍ വിജയിച്ചുകയറിയത്.

ലെസോതോയുടെ ആദ്യ ഒമ്പത് വിക്കറ്റും വീഴ്ത്തി മിന്നും പ്രകടനം നടത്തിയത് ലോറയായിരുന്നു. രണ്ട് മെയ്ഡന്‍ അടക്കം ലോറ ചെയ്ത മൂന്ന് ഓവറില്‍ നിന്നാണ് ഒമ്പത് വിക്കറ്റുകള്‍ സ്വന്തമാക്കാന്‍ സാധിച്ചത്. നാല് റണ്‍സ് മാത്രം വഴങ്ങിയ താരത്തിന്റെ എക്കോണമി 1.33ാണ്. മത്സരത്തില്‍ ശേഷിച്ച ഒരു വിക്കറ്റ് നേടിയത് മരിയാനിഓര്‍ട്ടറാണ് പുറത്താക്കിയത്. ടി-20ഐയില്‍ ആദ്യമായാണ് ഒരു താരം ഒമ്പത് വിക്കറ്റുകള്‍ നേടുന്നത്. മാത്രമല്ല എറിഞ്ഞ അഞ്ച് പന്തില്‍ അഞ്ച് വിക്കറ്റ് നേടിയും താരം റെക്കോഡിട്ടു.

2025ല്‍ മ്യാന്‍മറിനെതിരായ മത്സരത്തില്‍ ഭൂട്ടാന്റെ സോനം യെഷെ ഏഴ് റണ്‍സ് വഴങ്ങി എട്ട് വിക്കറ്റ് നേടിയിരുന്നു. ഈ റെക്കോഡ് തിരുത്തിക്കുറിച്ചാണ് ലോറ കാര്‍ഡോസോ തിളങ്ങിയത്. മാത്രമല്ല വനിതാ ടി-20യില്‍ മങ്കോളിയക്കെതിരെ ഇന്തോനേഷ്യയുടെ റോഹ്‌മാലിയ റണ്‍സൊന്നും വഴങ്ങാതെ നേടിയ ഏഴ് വിക്കറ്റിന്റെ റെക്കോഡും ലോറ മറികടന്നു.

അതേസമയം മത്സരത്തില്‍ ബ്രസീലിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് മോനിക്കി മച്ചാഡൊയാണ്. 41 പന്തില്‍ ഏഴ് ഫോറുള്‍പ്പെടെ 69 റണ്‍സാണ് താരം നേടിയത്. റോബര്‍ട്ടാ മോറട്ടി 48 റണ്‍സും ലോറ അഗാത 26 റണ്‍സും ബ്രസീലിനായി നേടി.

Content Highlight: Laura Cardoso In Great Record Achievement In T-20 Cricket

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ