അപരാജിതരായി ബ്രസീല്‍, അര്‍ജന്റീന ടീമുകള്‍; ലാറ്റിനമേരിക്കന്‍ കരുത്തറിഞ്ഞ് ക്ലബ്ബ് ലോകകപ്പ്
Sports News
അപരാജിതരായി ബ്രസീല്‍, അര്‍ജന്റീന ടീമുകള്‍; ലാറ്റിനമേരിക്കന്‍ കരുത്തറിഞ്ഞ് ക്ലബ്ബ് ലോകകപ്പ്
ആദര്‍ശ് എം.കെ.
Friday, 20th June 2025, 2:49 pm

ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പില്‍ ലാറ്റിനമേരിക്കന്‍ ടീമുകളുടെ കുതിപ്പിനാണ് ഫുട്‌ബോള്‍ ലോകം സാക്ഷിയാകുന്നത്. യൂറോപ്യന്‍ കൊമ്പന്‍മാരെയടക്കം മുട്ടുകുത്തിച്ചാണ് ബ്രസീല്‍, അര്‍ജന്റൈന്‍ ടീമുകള്‍ തങ്ങളുടെ സാന്നിധ്യമറിയിക്കുന്നത്.

സ്‌ക്വാഡ് ഡെപ്ത് കൊണ്ടും പണക്കൊഴുപ്പുകൊണ്ടും സൂപ്പര്‍ ടീമുകളോട് മത്സരിക്കാനാകാതെ വരുമ്പോള്‍ ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിന്റെ വശ്യത കാലുകളിലാവാഹിച്ചാണ് ഇവര്‍ പൊരുതുന്നത്.

ആറ് ലാറ്റിനമേരിക്കന്‍ ടീമുകളാണ് ക്ലബ്ബ് വേള്‍ഡ് കപ്പിന്റെ ഭാഗമാകുന്നത്. ബ്രസീലില്‍ നിന്ന് നാല് ടീമുകളും അര്‍ജന്റീനയില്‍ നിന്ന് രണ്ടും. പാല്‍മീറസ്, ബൊട്ടാഫോഗോ, ഫ്‌ളമിംഗോ, ഫ്‌ളുമിനന്‍സ് എന്നീ ക്ലബ്ബുകള്‍ ജോഗോ ബൊണീറ്റയുമായി കളം വാഴുമ്പോള്‍ ഫുട്‌ബോളിലെ ഏറ്റവും വലിയ രണ്ട് റൈവല്‍ ക്ലബ്ബുകളായ റിവര്‍പ്ലേറ്റും ബോക്ക ജൂനിയേഴ്‌സുമാണ് അര്‍ജന്റീനയുടെ കരുത്ത് കളത്തില്‍ തെളിയിക്കുന്നത്.

വിവിധ ഗ്രൂപ്പുകളിലെ ഈ ആറ് ടീമുകളും ഇതുവരെ തോല്‍വിയറിഞ്ഞിട്ടില്ല എന്നതാണ് ഇവരെ സ്‌പെഷ്യലാക്കുന്നത്. യൂറോപ്യന്‍ കിരീടമുയര്‍ത്തിയ ടീമുകളെ പോലും തടുത്തുനിര്‍ത്താന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്.

ഗ്രൂപ്പ് എ-യില്‍ ബ്രസീലിയന്‍ ടീമായ പാല്‍മീറസാണ് നിലവില്‍ ഒന്നാമത്. മെസിയുടെ ഇന്റര്‍ മയാമിയാണ് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാര്‍. രണ്ട് മത്സരത്തില്‍ നിന്നും ഒരു ജയവും ഒരു സമനിലയുമായി മൂന്ന് പോയിന്റാണ് ടീമിനുള്ളത്. മുന്‍ യൂറോപ്യന്‍ ചാമ്പ്യന്‍മാരായ പോര്‍ട്ടോയോട് ഗോളില്ലാ സമനില വഴങ്ങിയ പാല്‍മീറസ് ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ ട്രോഫി കളക്ടേഴ്‌സായ ഈജിപ്ഷ്യന്‍ വമ്പന്‍മാര്‍ അല്‍ ആഹ്‌ലിയെ രണ്ട് ഗോളിനും ടീം പരാജയപ്പെടുത്തി.

ഗ്രൂപ്പ് ബി-യിലും ബ്രസീലിയന്‍ ടീം ബൊട്ടാഫോഗോയാണ് ലാറ്റിനമേരിക്കന്‍ കരുത്തറിയിക്കുന്നത്. കളിച്ച രണ്ട് മത്സരത്തിലും വിജയിച്ച ബൊട്ടാഫോഗോ നിലവില്‍ ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാമതാണ്. സിയാറ്റില്‍ സൗണ്ടേഴ്‌സിനെയും നിലവിലെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ പി.എസ്.ജിയെയുമാണ് ബൊട്ടാഫോഗോ തകര്‍ത്തുവിട്ടത്.

ഗ്രൂപ്പ് സി-യില്‍ അര്‍ജന്റൈന്‍ സൂപ്പര്‍ ടീം ബോക്ക ജൂനിയേഴ്‌സാണുള്ളത്. ഒരു മത്സരത്തില്‍ നിന്നും സമനിലയുമായാണ് ബോക്ക ജൂനിയേഴ്‌സ് ടൂര്‍ണമെന്റിലെ ബാക്കി മത്സരങ്ങള്‍ക്കുള്ള കച്ച മുറുക്കുന്നത്. ബെന്‍ഫിക്കയോടാണ് ആദ്യ മത്സരത്തില്‍ ടീം സമനില വഴങ്ങിയത്. ബയേണ്‍ മ്യൂണിക്, ഓക്‌ലന്‍ഡ് സിറ്റി എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

 

ബ്രസീലിയന്‍ ടീം ഫ്‌ളമെംഗോ ഗ്രൂപ്പ് ഡി-യിലാണ് ഇടം പിടിച്ചിരിക്കുന്നത്. നിലവില്‍ ഒരു മത്സരം കളിച്ച ടീം വിജയവുമായി ഗ്രൂപ്പില്‍ ഒന്നാമതാണ്. ടുണീഷ്യന്‍ ക്ലബ്ബായ ഇ.എസ്. ടുണീസിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് ഫ്‌ളമെംഗോ ക്യാമ്പെയ്ന്‍ ആരംഭിച്ചത്. നിലവിലെ കോണ്‍ഫെഡറേഷന്‍ ചാമ്പ്യന്‍മാരായ ചെല്‍സിയും മേജര്‍ ലീഗ് സൂപ്പര്‍ ടീം എല്‍.എ എഫ്.സിയുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

ഇറ്റാലിയന്‍ വമ്പന്‍മാരായ ഇന്റര്‍ മിലാന്‍ അടങ്ങുന്ന ഗ്രൂപ്പ് ഇ-യില്‍ നിലവില്‍ ഒന്നാം സ്ഥാനത്തുള്ളത് അര്‍ജന്റൈന്‍ വമ്പന്‍മാരായ റിവര്‍പ്ലേറ്റാണ്. ജപ്പാന്‍ സൂപ്പര്‍ ടീം യുറാവ റെഡ് ഡയമണ്ട്‌സിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് റിവര്‍പ്ലേറ്റ് ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നത്. സെര്‍ജിയോ റാമോസിന്റെ മോണ്ടറെറിയാണ് ഗ്രൂപ്പിലെ നാലാം ടീം.

ബ്രസീല്‍ സൂപ്പര്‍ ടീം ഫ്‌ളുമിനെന്‍സ് ഗ്രൂപ്പ് എഫ്-ല്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ സമനിലയില്‍ തളച്ച് നിലവില്‍ രണ്ടാം സ്ഥാനത്താണ്. ഒരു മത്സരത്തില്‍ നിന്നും ഒരു പോയിന്റാണ് തിയാഗോ സില്‍വയുടെ കരുത്തര്‍ക്കുള്ളത്. സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ ടീം മാമെലോഡി സണ്‍ഡൗണ്‍സ്, കൊറിയന്‍ ടീമായ അല്‍സാന്‍ എച്ച്.ഡി. എഫ്.സിയാണ് ഗ്രൂപ്പില്‍ നാലാമത്.

 

2012ല്‍ ചെല്‍സിയെ പരാജയപ്പെടുത്തി കോറിന്തിയന്‍സ് കിരീടമുയര്‍ത്തിയതിന് ശേഷം യൂറോപ്യന്‍ ക്ലബ്ബുകളുടെ ആധിപത്യത്തിനാണ് ക്ലബ്ബ് വേള്‍ഡ് കപ്പ് കപ്പ് സാക്ഷ്യം വഹിച്ചത്. 2012 മുതല്‍ ഇതുവരെ റയല്‍ മാഡ്രിഡ് അഞ്ച് തവണയും ബയേണ്‍ മ്യൂണിക് രണ്ട് തവണയും കിരീടമണിഞ്ഞപ്പോള്‍ ബാഴ്‌സലോണ, ലിവര്‍പൂള്‍, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി എന്നീ ടീമുകള്‍ ഓരോ തവണയും കപ്പുയര്‍ത്തി.

ഇത്തവണ യൂറോപ്യന്‍ ആധിപത്യം അവസാനിപ്പിച്ച് ക്ലബ്ബ് ലോകകപ്പ് കിരീടം ഒരിക്കല്‍ക്കൂടി ലാറ്റിനമേരിക്കയുടെ മണ്ണിലെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

 

Content Highlight: Latin American teams’ best perform in the Club World Cup

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.