ഹരിയാനയില്‍ കര്‍ഷക മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും; മുഖ്യമന്ത്രിയുടെ യോഗ സ്ഥലം കര്‍ഷകര്‍ കൈയ്യടക്കി
national news
ഹരിയാനയില്‍ കര്‍ഷക മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും; മുഖ്യമന്ത്രിയുടെ യോഗ സ്ഥലം കര്‍ഷകര്‍ കൈയ്യടക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th January 2021, 3:02 pm

ന്യൂദല്‍ഹി: ഹരിയാനയില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ റാലിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ കര്‍ഷകര്‍ക്ക് നേരെ പൊലീസ് അതിക്രമം. കര്‍ഷകര്‍ക്ക് നേരെ ലാത്തി വീശിയ പൊലീസ് കണ്ണീര്‍ വാതകവും പ്രയോഗിച്ചു.

ഹരിയാനയിലെ കര്‍ണാലിലെ മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്നിടത്തേക്കായിരുന്നു കര്‍ഷകരുടെ പ്രതിഷേധ മാര്‍ച്ച്. സംഘര്‍ഷത്തിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സന്ദര്‍ശനവും കര്‍ഷകരുമായുള്ള കൂടിക്കാഴ്ച്ചയും റദ്ദാക്കി.

മുഖ്യമന്ത്രിയുടെ സമ്മേളന സ്ഥലവും വന്നിറങ്ങാനായി നിര്‍മ്മിച്ച ഹെലിപ്പാഡും കര്‍ഷകര്‍ കൈയ്യടക്കി. ഗ്രാമത്തിലെ കര്‍ഷകരുടെ യോഗത്തില്‍ പങ്കെടുക്കാനും സെപ്റ്റംബറില്‍ പാസാക്കിയ കേന്ദ്രത്തിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങളെ കുറിച്ച് സംസാരിക്കാനുമായിരുന്നു മനോഹര്‍ ലാല്‍ ഖട്ടറിന്റെ തീരുമാനം.

പ്രദേശത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സമ്മേളനം തീരുമാനിച്ച ഗ്രാമത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. നേരത്തെ
കര്‍ഷക സമരത്തിന്റെ ഭാഗമായി കര്‍ഷകര്‍ നടത്താന്‍ തീരുമാനിച്ച ട്രാക്ടര്‍ റാലിക്ക് ഹരിയാന സര്‍ക്കാര്‍ ആദ്യം അനുമതി നിഷേധിച്ചിരുന്നു.

പിന്നീട് പ്രതിഷേധത്തിനെ തുടര്‍ന്ന് സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ നടത്തുന്ന റാലിയുടെ മുന്നോടിയായാണ് കഴിഞ്ഞ വ്യാഴാഴ്ച കര്‍ഷക റാലി സംഘടിപ്പിച്ചത്.

ജനുവരി 25, 26 തീയതികളില്‍ രാജ്യവ്യാപകമായി ട്രാക്ടര്‍ പരേഡ് നടത്തുമെന്ന് ക്രാന്തികാരി കിസാന്‍ യൂണിയന്‍ പ്രസിഡന്റ് ദര്‍ശന്‍ പാല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 18 ‘മഹിളാ കിസാന്‍ ദിവസ്’ ആയും, സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനമായി ജനുവരി 23 ‘ആസാദ് ഹിന്ദ് കിസാന്‍’ ആയും ആചരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹരിയാനയിലെ മിക്ക ടോള്‍ പ്ലാസകളും കര്‍ഷകര്‍ പിടിച്ചെടുത്തിരിക്കുകയാണ്. ടോള്‍ പ്ലാസകള്‍ക്ക് സമീപമാണ് സ്ത്രീകള്‍ ട്രാക്ടര്‍ പരിശീലനം നടത്തുന്നത്.

കര്‍ഷക പ്രക്ഷോഭകരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ വെള്ളിയാഴ്ചയാണ് അടുത്ത ഘട്ട ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കര്‍ഷകരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ഏഴുവട്ടം ചേര്‍ന്ന ചര്‍കളും പരാജയമായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Lathicharge and use of tear gas against farmers’ march in Haryana; Farmers take over CM’s meeting place