കേരളത്തിൽ വീണ്ടും മഴയെത്തുന്നു; ഞായറാഴ്ച നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Latest weather Updates
കേരളത്തിൽ വീണ്ടും മഴയെത്തുന്നു; ഞായറാഴ്ച നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd August 2025, 5:22 pm

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. ശക്തമായ മഴ കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ (ഞായര്‍) നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. ഈ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറില്‍ 115.6mm മുതല്‍ 204.4mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

വരും ദിവസങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

04/08/2025: ഇടുക്കി, എറണാകുളം, തൃശൂര്‍
05/08/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം
06/08/2025: ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്

അതേസമയം നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂര്‍ പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച (04/08/2025) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ്.

കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് അനുസരിച്ച് തെക്കന്‍ തമിഴ്നാടിനും മന്നാര്‍ കടലിടുക്കിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇക്കാരണത്താല്‍ കേരളത്തില്‍ വരുന്ന അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നിലവില്‍ മത്സ്യബന്ധനത്തിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കേരള-കര്‍ണാടക തീരങ്ങളില്‍ 04/08/2025, 06/08/2025 തീയതികളിലും ലക്ഷദ്വീപ് തീരത്ത് ഇന്നും (02/08/2025), 04/08/2025, 06/08/2025 തീയതികളിലും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്നും നാളെയും മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍, തെക്കുപടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് മറ്റൊരു അറിയിപ്പ്.

Content Highlight: latest weather updates in kerala, Orange alert in four districts on Sunday