സംസ്ഥാനത്ത് അതിതീവ്ര മഴ; അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
Latest weather Updates
സംസ്ഥാനത്ത് അതിതീവ്ര മഴ; അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th May 2025, 7:56 am

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ. അഞ്ച് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലേര്‍ട്ട്.

അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു. നാളെ (തിങ്കള്‍) 11 ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പുള്ളത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്ത് മഴ കനത്തതോടെ പലയിടങ്ങളിലും വെള്ളക്കെട്ടും മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇന്നലെ (ശനി) കോഴിക്കോട് വിലങ്ങാട് മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. എന്നാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതിതീവ്രമായ മഴ കണക്കിലെടുത്ത് വയനാട്ടിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. ജില്ലയിലെ ക്വാറി പ്രവര്‍ത്തനങ്ങളും നിരോധിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ മലയോര മേഖലയില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തൃശൂര്‍ (ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ) ഇന്ന് രാത്രി 11.30 വരെ 0.8 മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചിട്ടുണ്ട്.

ശക്തമായ കാറ്റിലും മഴയിലും സംസ്ഥാനത്തെ വൈദ്യുതി വിതരണത്തില്‍ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. നിലവിലെ കണക്കുകള്‍ പ്രകാരം 257 ഹൈടെന്‍ഷന്‍ പോസ്റ്റുകളും 2,505 ലോ ടെന്‍ഷന്‍ പോസ്റ്റുകളും തകര്‍ന്നതായാണ് വിവരം.

വിതരണമേഖലയില്‍ ഏകദേശം 26 കോടി 89 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നതെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. 7,12,679 ഉപഭോക്താക്കള്‍ വൈദ്യുതി തടസം നേരിട്ടു. ഇതില്‍ 5,39,976 ഉപഭോക്താക്കള്‍ക്ക് ഇതിനോടകം വൈദ്യുതി ബന്ധം പുനസ്ഥാപിച്ച് നല്‍കിയെന്നും കെ.എസ്.ഇ.ബി പറഞ്ഞു.

അതേസമയം ഇന്നലെ (മെയ് 24) സംസ്ഥാനത്ത് കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചിരുന്നു. സാധാരണയിലും എട്ട് ദിവസം മുമ്പേ എത്തിയ കാലവര്‍ഷം, 2009ന് ശേഷം (മെയ് 23) ഏറ്റവും നേരത്തെ എത്തിയ കാലവര്‍ഷം കൂടിയാണ്. 1975ന് ശേഷം ഏറ്റവും നേരത്തെ കേരളത്തില്‍ കാലവര്‍ഷം എത്തിയത് 1990 (മെയ് 19) ആയിരുന്നു.

Content Highlight: latest weather updates in kerala, red alert in five districts