സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴ തുടരും; 11 ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Latest weather Updates
സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴ തുടരും; 11 ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th June 2025, 6:36 am

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ അതിശക്തമായ മഴ തുടരും. അതിശക്ത മഴ കണക്കിലെടുത്ത് ഇന്ന് (തിങ്കള്‍) 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

കാസര്‍കോട്, മലപ്പുറം, വയനാട്, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. അതത് ജില്ലാ കളക്ടര്‍മാര്‍ അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ അവധി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ സ്‌കൂളുകള്‍ക്കും അംഗനവാടികള്‍ക്കും മതപഠന സ്ഥാപനങ്ങള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കുമാണ് അവധി. ആലപ്പുഴ ജില്ലയിലെ കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ഇന്ന് അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. ഈ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നതുകൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. കേരളത്തിന് മുകളില്‍ ശക്തമായ പടിഞ്ഞാറന്‍ കാറ്റ് നിലനില്‍ക്കുന്നതിനാലാണ് സംസ്ഥാനത്ത് മഴയും കാറ്റും തുടരുന്നത്.

ഇതിനുപുറമെ കേരള തീരത്ത് 17/06/2025 രാത്രി 11.30 വരെ 3.2 മുതല്‍ 4.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

കൂടാതെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ 19/06/2025 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 19/06/2025 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

Content Highlight: latest weather updates in kerala, Holiday for educational institutions in 11 districts today