തിരുവനന്തപുരം: സംസ്ഥാനത്ത് അതി തീവ്ര മഴയിലും കാറ്റിലും കനത്ത നാശനഷ്ടം. മഴ കനക്കുന്നതിടെ കോഴിക്കോട് വിലങ്ങാട് ഉരുട്ടി ഭാഗത്ത് വൻ ചുഴലിക്കാറ്റ് ഉണ്ടായി. നിരവധി മരങ്ങൾ കടപുഴകി വീണു. വീടുകൾക്കും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. നാദാപുരം മാത്രം പതിനഞ്ചോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
പാറക്കടവ്, വാണിമേൽ, മൊകേരി, നാദാപുരം ഭാഗങ്ങളിലൊക്കെ ഇന്ന് പുലർച്ചെ ശക്തമായ കാറ്റ് വീശി. മാക്കൂട്ടം ചുരത്തിൽ മരം വീണ് ഗതാഗതം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. കുയിലൂരിൽ നിർത്തിയിട്ട വാഹനത്തിന് മുകളിലേക്ക് മരം വീണു.
കണ്ണൂർ ആറളം പുനരധിവാസ മേഖലയിലെ 11 , 13 ബ്ലോക്കുകളിൽ വെള്ളം കയറിയിട്ടുണ്ട്. കേരളത്തിൽ ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടും രണ്ടിടങ്ങളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇടുക്കി, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട് കക്കയം ഡാമിന്റെ ഷട്ടറുകൾ ഇന്ന് പത്ത് മണിയോടെ തുറക്കുമെന്നും നിർദേശം നൽകിയിട്ടുണ്ട്.
കേരളത്തില്‍ അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്കന്‍ ആന്ധ്രാപ്രദേശിന്റെയും തെക്കന്‍ ഒഡീഷ തീരത്തിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. 24 മണിക്കൂറിനുള്ളില്‍ ഇത് ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത.
ഇതിനെത്തുടർന്ന് കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വ്യാപകമഴയിൽ സംസ്ഥാനത്തെ നദികളിലും ഡാമുകളിലും ജലനിരപ്പ് ഉയരുകയാണ്. മൂന്ന് ദിവസത്തേക്ക് കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വയനാട്ടിൽ ശക്തമായ മഴ തുടരുന്നു. തവിഞ്ഞാൽ തലപ്പുഴ പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായി. മക്കിമലയിൽ കാട്ടിൽ മണ്ണിടിച്ചിൽ ഉണ്ടായതായാണ് സംശയം. പ്രദേശവാസികൾ അതീവ ജാഗ്രത പുലർത്താൻ ജില്ലാ ഭരണകൂടം നിർദേശം നൽകി.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ ട്യൂഷൻ സെന്ററുകൾക്കും, മതപഠന ക്ലാസുകൾക്കും, സ്പെഷ്യൽ ക്ലാസുകൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബാണാസുര സാഗർ അണക്കെട്ടിന്റെ വ്യഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാല്‍ ഇന്ന് രാവിലെ എട്ടിന് സ്പില്‍വെ ഷട്ടറുകള്‍ ഉയർത്തും. ഷട്ടറുകൾ 75 സെന്റീമീറ്ററായി ഉയര്‍ത്തി 61 ക്യുമെക്‌സ് വെള്ളം ഒഴുകി വിടുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.