സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്
Weather Updates
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th July 2025, 3:43 pm

കോഴിക്കോട്: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. പുതിയ റിപ്പോർട്ട് പ്രകാരം എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിൽ നാളെ യെല്ലോ അലേർട്ടാണ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

അടുത്ത രണ്ട് മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും (5-15 mm/h) മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശ പ്രകാരം മാറിത്താമസിക്കണമെന്നും മലയോര മേഖലകളിലേക്ക് യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിർദേശമുണ്ട്

നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത കണക്കിലെടുത്ത് മാറണമെന്നും അധികൃതർ അറിയിച്ചു.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കേരള -കർണാടക ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. ഈ മാസം 19 വരെയാണ് മത്സബന്ധനത്തിന് വിലക്ക്.

വെള്ളിയാഴ്‌ച വരെ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചിലപ്പോൾ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.

Content Highlight: Latest weather update in kerala