ടി.ആര്‍.എഫിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചതിന് പിന്നാലെ ലഷ്‌കര്‍ ആസ്ഥാനം ബവല്‍പ്പൂരിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്
India
ടി.ആര്‍.എഫിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചതിന് പിന്നാലെ ലഷ്‌കര്‍ ആസ്ഥാനം ബവല്‍പ്പൂരിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th July 2025, 10:18 pm

ഇസ്‌ലാമാബാദ്: പഹല്‍ഗാം ആക്രമണത്തിന് പിന്നിലെ സൂത്രധാരായ ടി.ആര്‍.എഫിനെ (ദി റസിസ്റ്റന്‍സ് ഫ്രണ്ട്) അമേരിക്ക ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ ലഷ്‌കര്‍ ഇ ത്വയ്ബയും ടി.ആര്‍.എഫും തങ്ങളുടെ ആസ്ഥാനവും പ്രവര്‍ത്തനകേന്ദ്രങ്ങളും പാകിസ്ഥാനിലെ മുരിദ്‌കെയില്‍ നിന്ന് ബവല്‍പ്പൂരിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്.

പാക് പഞ്ചാബിലെ മുരിദ്‌കേയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയാണ് ബവല്‍പ്പൂര്‍ സ്ഥിതി ചെയ്യുന്നത്. ഭീകരസംഘടനയുടെ ഈ നീക്കത്തെ ഇന്ത്യന്‍ ഇന്‍ലിജന്‍സ് വിഭാഗവും പാക് സൈന്യവും നിരീക്ഷിച്ച് വരികയാണ്. ഓപ്പറേഷന്‍ സിന്ദൂരിന്റെ ഭാഗമായി ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ബവല്‍പ്പൂരിലേയും മുരിദ്‌കെയിലേയും നിരവധി ഭീകരകേന്ദ്രങ്ങള്‍ തകര്‍ന്നിരുന്നു.

ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ടി.ആര്‍.എഫ് ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ടി.ആര്‍.എഫിനെ യു.എസ് ഭീകര സംഘടനയായി പ്രഖ്യാപിച്ചത്. പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ ത്വയ്ബയുടെ നിഴല്‍ സംഘടനയാണ് ടി.ആര്‍.എഫ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെത്തുടര്‍ന്ന് 2019ലാണ് ടി.ആര്‍.എഫ് സ്ഥാപിതമായത്.

തുടക്കത്തില്‍ കശ്മീരിന്റെ വിമോചനത്തിനായി പ്രവര്‍ത്തിക്കുന്ന വിമത സംഘടന എന്ന് രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നതിനാല്‍ ലോകരാജ്യങ്ങളുടെ നിരീക്ഷണങ്ങളില്‍ നിന്നും വിലക്കുകളില്‍ നിന്നും ടി.ആര്‍.എഫ് രക്ഷ നേടിയിരുന്നു.

അന്താരാഷ്ട്ര പരിശോധനയില്‍ നിന്ന് രക്ഷപ്പെടാനായി തീവ്രവാദ സംഘടനകളെ പുനര്‍നാമകരണം ചെയ്ത്, പ്രാദേശിക പ്രതിരോധത്തിന്റെ മറവില്‍ അതിര്‍ത്തി കടന്നുള്ള ഭീകരവാദ തന്ത്രം പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാന്റെ പ്രവര്‍ത്തനരീതിയുടെ ഉദാഹരണമാണ് ടി.ആര്‍.എഫിന്റെ രൂപീകരണമെന്ന് ഇന്ത്യ ആരോപിച്ചിരുന്നു.

പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് നീതി ലഭിക്കണമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആഹ്വാനത്തെത്തുടര്‍ന്നാണ് റസിസ്റ്റന്‍സ് ഫ്രണ്ടിനെ ഭീകര സംഘടന പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞത്‌.

ടി.ആര്‍.എഫിനെ ഭീകരസംഘടനായി പ്രഖ്യാപിച്ച അമേരിക്കയുടെ നടപടിയെ ഇന്ത്യ സ്വാഗതം ചെയ്തിരുന്നു. ഭീകരവാദത്തിനെതിരായ സീറോ ടോളറന്‍സ് തുടരുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ പ്രതികരിച്ചു.

പഹല്‍ഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ദ റെസിസ്റ്റന്റ് ഫ്രണ്ട് പിന്നീട് ഇത് നിഷേധിച്ചിരുന്നു. ടി.ആര്‍.എഫ് തലവന്‍ ഷെയ്ഖ് സജ്ജാദ് ഗുല്‍ ആണ് ആക്രമണത്തിന്റെ സൂത്രധാരനെന്ന് എന്‍.ഐ.എ(ദേശീയ അന്വേഷണ ഏജന്‍സി) കണ്ടെത്തിയിരുന്നു.

Content Highlight: Lashkar headquarters shifted to Bawalpur after TRF was declared a terrorist organization, reports say