റഷ്യന്‍ ഭാഷക്കെതിരായ വിവേചനത്തിനെതിരെ നയം പാസാക്കി പുടിന്‍
Trending
റഷ്യന്‍ ഭാഷക്കെതിരായ വിവേചനത്തിനെതിരെ നയം പാസാക്കി പുടിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th July 2025, 9:45 pm

മോസ്‌കോ: റഷ്യന്‍ ഭാഷക്കെതിരായ വിവേചനമവസാനിപ്പിക്കാന്‍ ഭാഷാ നയം പാസാക്കി പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. റഷ്യന്‍ ഭാഷക്കെതിരായ വിവേചനത്തെ എതിര്‍ക്കുന്നതും റഷ്യന്‍ സംസ്‌കാരം റദ്ദാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കുമെതിരെയാണ് പുടിന്റെ നയം.

ദേശീയ ഐക്യം ശക്തിപ്പെടുത്തുക, റഷ്യയേയും വിവിധ വംശീയ വിഭാഗങ്ങളുടെ ഭാഷകളെയും സംരക്ഷിക്കുക, റഷ്യന്‍ ഭാഷയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഭാഷാ നയത്തിന്റെ ലക്ഷ്യം.

അന്താരാഷ്ട്ര തലത്തില്‍ റഷ്യന്‍ മാധ്യമങ്ങള്‍ നേരിടുന്ന വിവേചനങ്ങള്‍ക്കെതിരെ രാജ്യം ശക്തമായി പോരാടുമെന്നും നയത്തില്‍ പറയുന്നു. റഷ്യന്‍ ഭാഷയെ നിയന്ത്രിക്കാനുള്ള വിദേശ രാജ്യങ്ങളുടെ ശ്രമങ്ങള്‍ മോസ്‌കോ നേരിടുന്ന വലിയ വെല്ലുവിളിയാണ്. തുല്യമായ റഷ്യന്‍ വാക്കുകള്‍ ഉള്ളപ്പോള്‍ വിദേശ പദങ്ങളുടെ അടിസ്ഥാനരഹിതമായ ഉപയോഗം രാജ്യത്ത് വ്യാപകമാണെന്നും നയം ചൂണ്ടിക്കാട്ടി.

വിദേശ രാജ്യങ്ങളില്‍ റഷ്യന്‍ ഭാഷയോടുള്ള താത്പര്യം വര്‍ധിപ്പിക്കുക എന്നതും പുടിന്‍ നയത്തിന്റെ ലക്ഷ്യത്തില്‍ ഉള്‍പ്പെടുന്നു. ഇന്റര്‍നെറ്റില്‍ റഷ്യന്‍ ഭാഷയുടെ വ്യക്തമായ സാന്നിധ്യമുണ്ടായിരിക്കണമെന്നും നയത്തില്‍ പറയുന്നുണ്ട്.

ഇതിനുപുറമെ വിദേശ പൗരന്മാര്‍ക്ക് റഷ്യന്‍ ഭാഷ പഠിക്കാനുള്ള ഓണ്‍ലൈന്‍ ഉറവിടങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനും പുടിന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. റഷ്യന്‍ സംസ്‌കാരത്തെ കുറിച്ചറിയാനുള്ള ഉറവിടങ്ങളുടെ വ്യാപനവും ഇതില്‍ ഉള്‍പ്പെടുന്നു.

ഉക്രൈനെതിരെ ആക്രമണം ശക്തമാക്കിയതോടെ നിരവധി രാജ്യങ്ങള്‍ റഷ്യന്‍ ഭാഷ പൂര്‍ണമായും ഭാഗികമായും തിരസ്‌കരിച്ചിരുന്നു. 2022 ഫെബ്രുവരിയിലാണ് ഉക്രൈനെതിരായ ആക്രമണം റഷ്യ ശക്തിപ്പെടുത്തുന്നത്.

റഷ്യന്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്നവര്‍ക്കെതിരെ ബാള്‍ട്ടിക് രാജ്യങ്ങള്‍ നടപടിയെടുത്തതായി ആര്‍.ടി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭാഷാ പരീക്ഷയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് നൂറുക്കണക്കിന് ആളുകളെ ലാത്വിയ നാടുകടത്തിയതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ മാസം അന്താരാഷ്ട്ര തലത്തിലെ റഷ്യയുടെ ഭാഷയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന സഹപ്രവര്‍ത്തകരുടെ നിര്‍ദേശത്തെ പ്രസിഡന്റ് പുടിന്‍ പിന്തുണച്ചിരുന്നു. ഇതിനുപിന്നാലെയാണ് റഷ്യന്‍ സര്‍ക്കാര്‍ പുതിയ ഭാഷാ നയത്തിന് അംഗീകാരം നല്‍കിയത്.

Content Highlight: Putin passes policy against discrimination against the Russian language