ഡെറാഡൂണ്‍: കേദാര്‍നാഥില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മരണം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേദാര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള ട്രെക്കിങ്ങ് റൂട്ടിലാണ് മണ്ണിടിച്ചിലുണ്ടായത്.
രാവിലെ 11.20ന് രുദ്രപ്രയാഗ് ജില്ലയിലെ ജംഗിള്‍ചാട്ടി ഘട്ടിന് സമീപത്തായാണ് അപകടം നടന്നത്. തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് മുകളില്‍ നിന്ന് വലിയ പാറകള്‍ ഉരുണ്ടുവീഴുകയായിരുന്നു. അപകടത്തില്‍പ്പെട്ട മൂന്ന് പേരുടെ പരിക്കുകള്‍ ഗുരുതരമാണെന്നാണ് വിവരം.
മണ്ണിടിച്ചിലിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ട് ഒരാള്‍ കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് അക്ഷയ് പ്രഹ്‌ലാദ് കൊണ്ടെ പറഞ്ഞു. മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും തീര്‍ത്ഥാടകര്‍ അത് അവഗണിച്ചുവെന്നും പൊലീസ് പറഞ്ഞു. ഇപ്പോള്‍ പൊലീസിന്റെ സംരക്ഷണത്തിലാണ് തീര്‍ത്ഥാടകര്‍ സഞ്ചരിക്കുന്നതെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.
നിലവില്‍ പൊലീസും എസ്.ഡി.ആര്‍.എഫ് സംഘവും സംഭവസ്ഥലത്ത് തിരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടരുകയാണ്. രണ്ട് പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടുവെന്നും ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തനത്തിനെത്തിയ നാട്ടുകാര്‍ പ്രതികരിച്ചു.
പരിക്കേറ്റവര്‍ ഗൗരികുണ്ടിലെ ഒരു ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണ്. അപകടത്തില്‍ മരണപ്പെട്ടവരെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ഐഡന്റിറ്റി വിവരങ്ങള്‍ പരിശോധിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം ഏഴ് പേരുടെ മരണത്തിനിടയാക്കിയ ഹെലിക്കോപ്റ്റര്‍ അപകടത്തിന് പിന്നാലെയാണ് കേദാര്‍നാഥില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്. കേദാര്‍നാഥ് ക്ഷേത്രത്തില്‍ നിന്ന് ഉത്തരാഖണ്ഡിലെ ഗുപ്തകാശിയിലേക്ക് പറന്ന ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. അപകടത്തില്‍ പൈലറ്റ് ഉള്‍പ്പടെയാണ് മരണപ്പെട്ടത്.
സംഭവത്തില്‍ ഇന്നലെ (ചൊവ്വ) ആര്യന്‍ ഏവിയേഷന്‍ കമ്പനിക്കെതിരെ കേസെടുത്തിരുന്നു. ഓപ്പറേഷന്‍ മാനേജറടക്കം രണ്ട് പേര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. കൗശിക് പഥക്, വികാസ് തോമര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. ബി.എന്‍.എസ് സെക്ഷന്‍ 105, വിമാന നിയമത്തിലെ സെക്ഷന്‍ 10 എന്നിവ പ്രകാരമാണ് എഫ്.ഐ.ആര്‍.
അപകടത്തെ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഹെലികോപ്റ്റര്‍ കമ്പനിക്ക് ഗുരുതരമായ വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തിയിരുന്നു. നിശ്ചയിച്ച് നല്‍കിയതിലും 50 മിനിട്ട് മുമ്പ് ഹെലികോപ്റ്റര്‍ ടേക്ക് ഓഫ് ചെയ്തു, കാലാവസ്ഥ പ്രതികൂലമാണെന്ന് അറിഞ്ഞിട്ടും സര്‍വീസ് നടത്തി തുടങ്ങിയ വീഴ്ചകളാണ് ഉണ്ടായത്.
Content Highlight: Landslide in Kedarnath; Two pilgrims dead, rescue operation continues