കാസര്‍ഗോഡ് ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം; ഇതരസംസ്ഥാന തൊഴിലാളി മരിച്ചു
Kerala News
കാസര്‍ഗോഡ് ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം; ഇതരസംസ്ഥാന തൊഴിലാളി മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th May 2025, 11:58 am

കാസര്‍ഗോഡ്: കാസര്‍ഗോഡ് മട്ടലായിലില്‍ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ദേശീയപാത നിര്‍മാണ പ്രവര്‍ത്തനത്തിനിടെയാണ് അപകടമുണ്ടായത്. ഇതരസംസ്ഥാന തൊഴിലാളിയാണ് മരണപ്പെട്ടത്.

ഹനുമാനമ്പലം ഭാഗത്തെ ദേശീയപാത നിര്‍മാണത്തിനിടെയാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 10.30 ഓടെ ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് റോഡിന് സമീപത്തുള്ള മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.

കുന്ന് ഇടിഞ്ഞുവീണ് നാല് പേര്‍ അപകടത്തില്‍പെടുന്ന സാഹചര്യമുണ്ടാവുകയായിരുന്നു. മൂന്ന് പേരെ പെട്ടെന്ന് തന്നെ സ്ഥലത്ത് നിന്നും രക്ഷപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഒരാളെ സ്ഥലത്ത് നിന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

പിന്നാലെ ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി ഏകദേശം അരമണിക്കൂര്‍ സമയമെടുത്ത് നടത്തിയ പരിശോധനയിലാണ് മണ്ണിനടിയില്‍പെട്ട ഇതരസംസ്ഥാന തൊഴിലാളിയെ കണ്ടെത്തിയത്.

ഉടന്‍ തന്നെ സമീപത്തുള്ള ചെറുവത്തൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. മരിച്ചയാളുടെ പേരോ മറ്റ് വിവരങ്ങളോ ഇതുവരെ ലഭ്യമായിട്ടല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Landslide during Kasaragod National Highway construction; Interstate worker dies