കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ വ്യൂ പോയിന്റിന് സമീപത്തായി മണ്ണിടിച്ചില്‍. കല്ലും മണ്ണും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. മണ്ണിടിച്ചിനിലിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിട്ടുണ്ട്. ഇന്ന് (ചൊവ്വ) വൈകീട്ട് ഏഴ് മണിയോടെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. നിലവില്‍ ഫയര്‍ ഫോഴ്സ് സംഘങ്ങള്‍ മണ്ണും മരങ്ങളും നീക്കം ചെയ്യുന്നത് തുടരുകയാണ്.
വയനാട്ടിലേക്കുള്ള വാഹനങ്ങള്‍ താമരശ്ശേരിയില്‍ നിന്നും തിരിഞ്ഞ് പോകണമെന്ന് പൊലീസും വയനാട് ജില്ലാ കളക്ടറും അറിയിച്ചു. താമരശ്ശേരി ചുരം കയറേണ്ട വാഹനങ്ങള്‍ താമരശ്ശേരി ചുങ്കത്ത് നിന്നും തിരിഞ്ഞ് പേരാമ്പ്ര-കുറ്റ്യാടി ചുരം വഴി തിരിഞ്ഞുപോകണമെന്നാണ് പൊലീസിന്റെ അറിയിപ്പ്. ചുരത്തില്‍ കാല്‍നട യാത്രയും സാധ്യമല്ലെന്നാണ് വിവരം.