ഭൂമി തട്ടിപ്പ്: അദാനി ഗ്രൂപ്പിനെ അപകീര്‍ത്തിപ്പെടുത്തി; രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഗുജറാത്ത് കോടതിയുടെ നോട്ടീസ്
ഗാന്ധിനഗര്‍: അദാനി ഗ്രൂപ്പിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ രണ്ട് നവമാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഗാന്ധിനഗര്‍ കോടതി നോട്ടീസയച്ചു.
അഭിസാര്‍ ശര്‍മ, രാജു പറുലേക്കര്‍ എന്നിവര്‍ക്കാണ് കോടതിയുടെ നോട്ടീസ്. ഐ.പി.സി സെക്ഷന്‍ 499,500,501 എന്നിവയ്ക്ക് തുല്യമായ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 356(1,2,3) എന്നിവ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയെന്ന് അദാനി ഗ്രൂപ്പ് പുറത്തുവിട്ട കുറിപ്പില്‍ പറഞ്ഞു.
ഇരുവരും സെപ്റ്റംബര്‍ 20ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് നോട്ടീസില്‍ നിര്‍ദേശിച്ചു. ഗാന്ധിനഗര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെതാണ് ഇടപെടല്‍.

തെറ്റായതും അവഹേളിക്കുന്നതുമായ ഉള്ളടക്കത്തിലൂടെ യൂട്യൂബറായ ശര്‍മയും ബ്ലോഗറായ പറുലേക്കറും തങ്ങളുടെ സല്‍പ്പേരിന് കളങ്കം വരുത്തിയെന്നാണ് അദാനി ഗ്രൂപ്പിന്റെ പരാതിയില്‍ പറയുന്നത്.
കുറ്റം സമ്മതിച്ചാല്‍ ഈ കേസ് വിചാരണയ്ക്കായി കോടതിയിലേക്ക് പോകാമെന്നും ഇരുവര്‍ക്കും രണ്ട് വര്‍ഷം തടവും പിഴയും ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
അസമിലെ ആയിരക്കണക്കിന് ബിഗാസ് ഭൂമി രാഷ്ട്രീയ ചായ്‌വിന്റെ പേരില്‍ അദാനി ഗ്രൂപ്പിന് അനധികൃതമായി അനുവദിച്ചെന്ന് ആരോപിച്ച് 2025 ഓഗസ്റ്റ് 18ന് ശര്‍മ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത വീഡിയോയാണ് കേസിനാധാരം.
അദാനി ഗ്രൂപ്പ് ഭൂമി കുംഭകോണം നടത്തിയെന്നും അനധികൃതമായി ഭൂമി പിടിച്ചടക്കിയെന്നുമായിരുന്നു വീഡിയോയില്‍ ആരോപിച്ചിരുന്നത്. സമാനമായ വിഷയം ആരോപിച്ചു പാറുലേക്കര്‍ നിരവധി ട്വീറ്റുകളും റീ-ട്വീറ്റുകളും ചെയ്‌തെന്നും കമ്പനി പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറഞ്ഞു.
എന്നാല്‍, 2025 ഓഗസ്റ്റ് 12ന് പുറത്തുവന്ന ഗുവാഹത്തി ഹൈക്കോടതിയുടെ ഉത്തരവ് തങ്ങള്‍ക്ക് എതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ തള്ളിക്കളയുന്നതാണെന്ന് അദാനി ഗ്രൂപ്പ് പറഞ്ഞു.
കേസില്‍ പ്രതിപാദിച്ചിരുന്ന മഹാബല്‍ സിമന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി അദാനി ഗ്രൂപ്പിന് ഒരുതരത്തിലുള്ള ബന്ധമില്ലെന്ന് വ്യക്തമായതാണെന്നും അദാനി ഗ്രൂപ്പ് വിശദീകരിച്ചു.
Content Highlight: Land scam: Gujarat court issues notice to two journalists for defaming Adani Group