പതഞ്ജലിക്ക് നിയമവിരുദ്ധമായി ഭൂമി നല്‍കി; നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിക്കെതിരെ അഴിമതിക്കുറ്റം
World News
പതഞ്ജലിക്ക് നിയമവിരുദ്ധമായി ഭൂമി നല്‍കി; നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിക്കെതിരെ അഴിമതിക്കുറ്റം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th June 2025, 8:42 am

കാഠ്മണ്ഡു: ബാബ രാംദേവിന്റെ പതഞ്ജലി യോഗപീഠയുമായി നടത്തിയ ഭൂമി ഇടപാടിന്റെ പേരില്‍ നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി മാധവ് കുമാര്‍ നേപ്പാളിന്റെ പേരില്‍ അഴിമതിക്കുറ്റം. 15 വര്‍ഷം മുമ്പ് മാധവ് കുമാര്‍ പ്രധാനമന്ത്രിയായി ഇരുന്ന കാലയാളവില്‍ പതഞ്ജലിക്ക് ആശുപത്രി തുടങ്ങാനും മരുന്ന് ചെടികളുടെ കൃഷിക്കും സംസ്‌കരണത്തിനുമായി ഭൂമി അനുവദിച്ചിരുന്നു.

എന്നാല്‍ നിയമപരമായി ഉള്ളതിനേക്കാള്‍ കൂടുതല്‍ ഭൂമി പതഞ്ജലിക്ക് മാധവ് കുമാറ് നല്കിയെന്ന് അന്വേഷണ ഏജന്‍സിയായ സി.ഐ.എ.എ കണ്ടെത്തി. നേപ്പാളിലെ അഴിമതി വിരുദ്ധ ഏജന്‍സിയാണ് കമ്മിഷന്‍ ഫോര്‍ ദ ഇന്‍വെസ്റ്റിഗേഷന്‍ ഓഫ് അബ്യൂസ് ഓഫ് അതോറിറ്റി (സി.ഐ.എ.എ).

മാധവ് നേപ്പാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം ഭൂപരിധി നിയമം ഒഴിവാക്കിയാണ് പതഞ്ജലിക്ക് ഭൂമി അനുവദിച്ചതെന്നും അതിന് പുറമെ ഭൂമിയുടെ വാണിജ്യ വില്‍പ്പനയ്ക്ക് അനുമതി നല്‍കിയെന്നുമാണ് സി.ഐ.എ.എയുടെ കുറ്റപത്രത്തില്‍ പറയുന്നത്. ഇത് സംസ്ഥാനത്തിന് വലിയ നഷ്ടമുണ്ടാക്കിയതായി സി.ഐ.എ.എ ആരോപിച്ചു. ഇതിന് പകരമായി 186 മില്യണ്‍ രൂപ (18.585 കോടി നേപ്പാളി രൂപ) പിഴയടയ്ക്കാനും സി.ഐ.എ.എ മാധവ് കുമാറിനോട് ആവശ്യപ്പെട്ടു.

കുറ്റപത്രം സമര്‍പ്പിച്ചതോടെ മാധവ് നേപ്പാളിന് പാര്‍ലമെന്ററിയന്‍ സ്ഥാനം നഷ്ടപ്പെട്ടു. രാജ്യത്തെ നിയമപ്രകാരം അഴിമതി കുറ്റം ചുമത്തപ്പെട്ട എല്ലാ പൊതുപ്രവര്‍ത്തകരും കേസ് തെളിയിക്കപ്പെടുന്നത് വരെ സ്ഥാനഭ്രഷ്ടനാവും.

അതേസമയം തനിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണം മാധവ് കുമാര്‍ തള്ളി. തന്നെ തകര്‍ക്കാന് പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി ഗൂഢാലോചന നടത്തുകയാണെന്നും തന്നെ രാഷ്ട്രീയപരമായി ഇല്ലാതാക്കാനാണ് അദ്ദേഹത്തിന്റെ പദ്ധതിയെന്നും മാധവ് ആരോപിച്ചു.

മാധവിനൊപ്പം മുന്‍ നിയമമന്ത്രി പ്രേം ബഹുദൂര്‍സിങ്, ഭൂപരിഷ്‌ക്കരണ മന്ത്രി ദംബേര്‍ ശ്രേഷ്ഠ, മുന്‍ ചീഫ് സെക്രട്ടറി മാധവ് പ്രസാദ് ഘിമിരെ എന്നിവരുടെ പേരും കുറ്റപത്രത്തിലുണ്ട്. എന്നാല്‍ ദംബേര്‍ ശ്രേഷ്ഠ ഇപ്പോള്‍ ജീവിച്ചിരുപ്പില്ല.

 പതഞ്ജലി മേധാവിയായ ബാബ രാംദേവ്, ആചാര്യ ബാലകൃഷ്ണ എന്നിവരുടെ പേര് കുറ്റപത്രത്തിലില്ല. എന്നാല്‍ പതഞ്ജലി നേപ്പാള്‍ സ്ഥാപക ഡയറക്ടര്‍മാരായ സാലിഗ്രാം സിങ്ങിന്റെ പേരുണ്ട്. മാധവ് കുമാര്‍ നേപ്പാളിനും മറ്റ് 93 പേര്‍ക്കുമെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

Content Highlight: Land scam case filed-against former Nepal PM Madhav Kuamar Nepal related to Patanjali