അട്ടപ്പാടിയിൽ ഭൂപരിഷ്‌ക്കരണ നിയമം അട്ടിമറിച്ച് ഭൂമി വില്പന; വില്പന റവന്യു രജിസ്‌ട്രേഷൻ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ
Kerala News
അട്ടപ്പാടിയിൽ ഭൂപരിഷ്‌ക്കരണ നിയമം അട്ടിമറിച്ച് ഭൂമി വില്പന; വില്പന റവന്യു രജിസ്‌ട്രേഷൻ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th May 2025, 9:43 am

അട്ടപ്പാടി: അട്ടപ്പാടിയിൽ ഭൂപരിഷ്‌ക്കരണ നിയമം അട്ടിമറിച്ച് വ്യാപക ഭൂമി വില്പന നടത്തുന്നതായി പരാതി. റവന്യു രജിസ്‌ട്രേഷൻ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഭൂമി വില്പന നടത്തിയതെന്ന് ന്യൂസ് മലയാളം റിപ്പോർട്ട് ചെയ്തു.

അട്ടപ്പാടിയിൽ ഭൂപരിഷ്‌ക്കരണ നിയം പ്രകാരം ഏറ്റെടുക്കേണ്ട ഭൂമി വൻ തോതിൽ വില്പന നടത്തുന്നുവെന്ന പരാതി ഉയർന്നതിന് പിന്നാലെയാണ് സംഭവം അന്വേഷിക്കാൻ രജിസ്‌ട്രേഷൻ വകുപ്പ് ഡെപ്യുട്ടി ഐ.ജിയെ ചുമതലപ്പെടുത്തിയത്. മണ്ണാർക്കാട് ജന്മിയായിരുന്ന മൂപ്പിൽ നായരുടെ തണ്ടപ്പേരിലുള്ള കോട്ടത്തറ വില്ലേജിലെ ഭൂമിയാണ് കുടുംബാംഗങ്ങൾ വില്പന നടത്തിയത്.

ഭൂപരിഷ്ക്കരണ നിയമം പാലിക്കാതെയാണ് വില്പനയെന്ന് ആധാരം എഴുത്തുകാരുടെ സംഘടന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. എന്നാൽ അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് തന്നെ ഇതേ റവന്യു രജിസ്‌ട്രേഷൻ ഉദ്യോഗസ്ഥരുടെ ഒത്താശയിൽ ഇതേ തണ്ടപ്പേരിലുള്ള ഭൂമി വില്പന തുടരുകയാണ്.

അന്വേഷണം ഒരു ഭാഗത്ത് നടക്കുന്നുണ്ടെങ്കിലും അതിന് ഒരു വിലയും കൽപ്പിക്കാതെ അവർ മറുഭാഗത്ത് വില്പന തുടരുകയാണെന്ന് പരാതിക്കാർ പറയുന്നു. ഇതിന് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും പരാതിക്കാർ വിമർശിക്കുന്നു.

അഗളി സബ് രജിസ്ട്രാർ ഓഫിസിൽ ഏപ്രിൽ 29ന് 19 ആധാരങ്ങളും മെയ് രണ്ടിന് 22 ആധാരങ്ങളും രജിസ്റ്റർ ചെയ്തു. 30 ഓളം ആധാരങ്ങളുടെ രജിസ്‌ട്രേഷൻ ഇന്നലെയും നടന്നു. കോട്ടത്തറ വില്ലേജിലെ സർവേ നമ്പർ 1819, 762, 524, 404, 1275 എന്നിവയിൽ ഉൾപ്പെട്ട സ്ഥലമാണ് വില്പന നടത്തിയിട്ടുള്ളത്.

അന്വേഷണം പൂർത്തിയാവുന്നത് വരെ മൂപ്പിൽ നായരുടെ തണ്ടപ്പേരിലുള്ള ഭൂമി വില്പന മരവിപ്പിക്കാൻ ആശികൃതർ തയാറാകുന്നില്ല. ഏതാണ്ട് 500 ഓളം ഏക്കർ സ്ഥലം മൂപ്പിൽ നായർക്കുണ്ടെന്നാണ് പറയുന്നത്. 1970 ജനുവരി ഒന്നിന് ഭൂപരിഷ്‌ക്കരണ നിയമം നടപ്പായ സംസ്ഥാനമാണ് കേരളമെന്നും അതിന് ശേഷം മൂപ്പിൽ നായർക്ക് ഇത്രയേറെ ഭൂമിയുണ്ടെന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ല. എന്നാൽ പെട്ടന്നാണ് മൂപ്പിൽ നായരുടെ ഭൂമിയെന്ന പേരിൽ ഭൂമി വില്പന നടക്കുന്നത്. ഇത് സംശയം ഉയർത്തിയെന്നും പിന്നാലെയാണ് പരാതി നൽകിയതെന്നും പരാതിക്കാർ പറയുന്നു.

ഭൂപരിഷ്‌ക്കരണ നിയമപ്രകാരം ഒരു കുടുംബത്തിന് പരമാവധി 15 ഏക്കർ ഭൂമിയാണ് കൈവശം വെക്കാൻ സാധിക്കുകയുള്ളു. എന്നാൽ മൂപ്പിൽ നായരുടെ കുടുംബത്തിന് അട്ടപ്പാടിയിൽ നൂറുകണക്കിന് ഏക്കർ ഭൂമിയിൽ അവകാശമുണ്ടെന്നും അതിന് കോടതിയുടെ ഉത്തരവ് ഉണ്ടെന്നും പറഞ്ഞാണ് വില്പന നടക്കുന്നത്.

 

Content Highlight: Land sale in Attappadi, violating the Land Reforms Act; sale with the connivance of Revenue Registration officials