ലാന്‍ഡ് റോവര്‍ പുതിയ ഡിസ്‌കവറി സ്‌പോര്‍ട്ട് ഇന്ത്യയില്‍ പുറത്തിറക്കി
Land Rover
ലാന്‍ഡ് റോവര്‍ പുതിയ ഡിസ്‌കവറി സ്‌പോര്‍ട്ട് ഇന്ത്യയില്‍ പുറത്തിറക്കി
ന്യൂസ് ഡെസ്‌ക്
Wednesday, 12th December 2018, 4:42 pm

ടാറ്റ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കളായ ലാന്‍ഡ് റോവര്‍ പുതിയ ഡിസ്‌കവറി സ്‌പോര്‍ട്ട് ഇന്ത്യയില്‍ പുറത്തിറക്കി. എന്നാല്‍, രൂപത്തില്‍ കാര്യമായ മാറ്റം വരുത്താതെ എന്‍ജിനില്‍ മാറ്റം വരുത്തിയാണ് പുതിയ ഡിസ്‌കവറി സ്‌പോര്‍ട്ട് ഇറക്കുന്നത്. കൂടുതല്‍ കരുത്ത് പകരുന്ന എന്‍ജിനാണ് പുതിയ ഡിസ്‌കവറി സ്പോര്‍ട്ടിലെ പ്രധാനമാറ്റം.

പുതിയ ഡിസ്‌കവറി സ്പോര്‍ട്ടിന്റെ പ്രധാനപ്പെട്ട മാറ്റം ഇന്റീരിയറില്‍ ഒരുക്കിയിട്ടുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ്. ഡിസ്‌കവറിയുടെ ലക്ഷ്വറി വേരിയന്റായ എച്ച്.എസില്‍ ടച്ച് പ്രോ സംവിധാനത്തിലുള്ള പുതിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് നല്‍കിയിട്ടുള്ളത്.


എച്ച്.എസ് വേരിയന്റിന്റെ പുറമെയുമുണ്ട് മാറ്റങ്ങള്‍. ബോഡി സ്റ്റൈലിങ് കിറ്റ്, ക്രോം ടെയില്‍പൈപ്പ് ഫിനീഷര്‍, ബ്ലാക്ക് ഫിനീഷിങ് ഗ്രില്‍, സവിശേഷ ബ്ലാക്ക് റിയര്‍ ലൈസന്‍സ് പ്ലേറ്റ് പ്ലിന്ത്, റെഡ് നിറത്തിലുള്ള “സ്പോര്‍ട്ട്” ബാഡ്ജ് തുടങ്ങിയവയാണ് പ്രധാന കൂട്ടിച്ചേര്‍ക്കലുകള്‍.

മുമ്പുണ്ടായിരുന്ന ഡിസ്‌കവറി മോഡലിന് കരുത്ത് നല്‍കിയിരുന്ന 2.0 ലിറ്റര്‍ ഇന്‍ജീനിയം ഡീസല്‍ എന്‍ജിന്‍ തന്നെയാണ് പുതിയ പതിപ്പിലും നല്‍കിയിട്ടുള്ളത്. എന്നാല്‍, ഈ എന്‍ജിന്‍ 177 ബി.എച്ച്.പി പവറാണ് ഉത്പാദിപ്പിക്കുന്നത്.


എന്നാല്‍, പെട്രോള്‍ മോഡലിന് മാറ്റം വരുത്തിയിട്ടില്ല. 237 ബി.എച്ച്.പി പവര്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 2.0 ലിറ്റര്‍ ഇന്‍ജിനീയം പെട്രോള്‍ എന്‍ജിനാണ് ഈ മോഡലില്‍ പ്രവര്‍ത്തിക്കുന്നത്. പെട്രോള്‍ ഡീസല്‍ മോഡലുകളില്‍ ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് നല്‍കിയിരിക്കുന്നത്.

ഡിസ്‌കവറി സ്പോര്‍ട്ടിന് 44.68 ലക്ഷം രൂപ മുതലാണ് ദല്‍ഹിയിലെ എക്സ്ഷോറൂം വില. രാജ്യത്തെ 27 കേന്ദ്രങ്ങളിലൂടെയാണ് ഈ വാഹനം നിരത്തിലെത്തുന്നത്.