ഭൂമിയേറ്റെടുക്കല്‍ കേസ്; ജസ്റ്റിസ് മിശ്രയുടെ വിധി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍
Land Acquisition
ഭൂമിയേറ്റെടുക്കല്‍ കേസ്; ജസ്റ്റിസ് മിശ്രയുടെ വിധി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍
പി.ബി ജിജീഷ്
Friday, 13th March 2020, 8:31 am
സുപ്രീം കോടതിയുടെ പുതിയ വിധിയിലൂടെ വീണ്ടും സാഹചര്യങ്ങള്‍ മാറിയിരിക്കുന്നു. കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമായിരുന്നു പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കേസിലെ മൂന്നംഗ ബെഞ്ചിന്റെ വിധിയില്‍ സംശയം പ്രകടിപ്പിച്ചത് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ രണ്ടംഗ ബെഞ്ച് ആണ്. തുടര്‍ന്ന് ഈ വിഷയം പരിശോധിച്ച് വിധി റദ്ദു ചെയ്തത് അദ്ദേഹം തന്നെ നേതൃത്വം നല്‍കിയ മൂന്നംഗ ബെഞ്ചാണ്. നിലവിലുള്ള ഒരു വിധിയില്‍ സംശയം പ്രകടിപ്പിക്കുകയും അത് റദ്ദു ചെയ്യുകയും ചെയ്ത ജഡ്ജ് തന്നെ അതേ വിഷയം പിന്നീട് പരിശോധിക്കുന്ന വിശാലബഞ്ചിന്റെ ഭാഗമാകുന്നതില്‍ തെറ്റില്ല (അതായത് അദ്ദേഹം ഈ കേസ് പരിശോധിക്കുന്നതില്‍ തെറ്റില്ല എന്ന) വിധിച്ചതും അദ്ദേഹം തന്നെയാണ്.

34 ജഡ്ജിമാരുള്ള ഇന്ത്യന്‍ സുപ്രീംകോടതിയില്‍ ചെറുബെഞ്ചുകളുടെ ബാഹുല്യം നീതിന്യായ സംവിധാനത്തിന്റെ സ്ഥിരതയെയും അന്തിമ സ്വഭാവത്തെയും ബാധിക്കുന്നത് എങ്ങനെയെന്ന് വ്യക്തമാക്കുന്നതാണ് ഭൂമിയേറ്റെടുക്കല്‍ നിയമവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള വ്യവഹാരങ്ങള്‍. ഒരേ നിയമത്തില്‍ സുപ്രീംകോടതിയുടെ വ്യത്യസ്ത മൂന്നംഗ ബെഞ്ചുകള്‍ രണ്ടുതരത്തില്‍ വ്യാഖ്യാനിക്കുന്നു.

ആദ്യത്തേത് കര്‍ഷകപക്ഷത്തുനിന്ന് രണ്ടാമത്തേത് കോര്‍പ്പറേറ്റ് അനുകൂലം. രണ്ടാമത്തെ വ്യാഖ്യാനം നടത്തിയ ന്യായാധിപന്‍ ആദ്യം രണ്ടംഗ ബഞ്ചിനും പിന്നീട് മൂന്ന് അംഗ ബെഞ്ചിനും പിന്നീട് രൂപീകരിച്ച ഭരണഘടനാ ബെഞ്ചിനും നേതൃത്വം നല്‍കുന്നു. അദ്ദേഹത്തെ മാറ്റണം എന്ന ആവശ്യം ഉയര്‍ന്നുവരുന്നു. അദ്ദേഹം വഴങ്ങുന്നില്ല. ഒടുവില്‍ അദ്ദേഹത്തിന്റെ വ്യാഖ്യാനം തന്നെ ശരി എന്ന അന്തിമ വിധിയും വരുന്നു.

സ്ഥലമേറ്റെടുക്കല്‍-നഷ്ടപരിഹാരം സംബന്ധിച്ച നിയമത്തിലെ സെക്ഷന്‍ 24(2) സംബന്ധിച്ച കേസ് പരമോന്നത നീതിപീഠത്തിന്റെ സമീപകാല ചരിത്രത്തിന്റെ പരിച്ഛേദമാണ്.

യു.പി.എ. ഗവണ്മെന്റിന്റെ ഏറ്റവും ജനകീയമായ നടപടികളില്‍ ഒന്നായിരുന്നു സ്ഥലമേറ്റെടുക്കലും നഷ്ടപരിഹാരവും സംബന്ധിച്ച നിയമം. (Land Acquisition and Resettlement Act 2013 ). ഇത് അനുസരിച്ച് ഏതെങ്കിലും ഒരു പദ്ധതിക്കുവേണ്ടി സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ച് 5 വര്‍ഷത്തിനുള്ളില്‍ സ്ഥലം ഭൗതികമായി ഏറ്റെടുക്കുകയോ ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കുകയോ ചെയ്യാതിരുന്നാല്‍ പ്രസ്തുത നടപടികള്‍ റദ്ദാകും.

പതിറ്റാണ്ടുകളായി പല പ്രോജക്ടുകളുടെയും പേരില്‍ ഭൂമി നഷ്ടപ്പെടുകയും എന്നാല്‍ യാതൊരു നഷ്ടപരിഹാരവും ലഭിക്കാതിരിക്കുകയും ചെയ്ത സാധാരണ മനുഷ്യര്‍ക്ക് ഒരു അനുഗ്രഹമായിരുന്നു ഈ നിയമം. രാജ്യത്തെ വിവിധ ഹൈക്കോടതികളും സുപ്രീംകോടതിയില്‍ ജസ്റ്റിസ് ലോധയുടെ നേതൃത്വത്തില്‍ മൂന്നംഗ ബെഞ്ചും നിയമത്തെ കര്‍ഷകസൗഹൃദമായ തരത്തില്‍ വ്യാഖ്യാനിച്ചു.

എന്നാല്‍ മോഡി ഗവണ്മെന്റ് അധികാരത്തില്‍ വന്നതോടെ ഈ നിയമത്തില്‍ വെള്ളം ചേര്‍ക്കാനുള്ള നടപടികള്‍ ആരംഭിച്ചു. കോര്‍പ്പറേറ്റുകളും ഗവണ്മെന്റും ഒരേപോലെ ഇതിനെ ഒരു അസൗകര്യമായി കാണാന്‍ തുടങ്ങി. നിയമം ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവന്നെങ്കിലും പ്രതിഷേധത്തെത്തുടര്‍ന്നു നിയമം ആക്കാനായില്ല.

അങ്ങനെയിരിക്കെയാണ് നിയമം സംബന്ധിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഒരു കേസ് ഗുജറാത്ത് ഹൈക്കോടതിയില്‍ എത്തുന്നത്. 2005-ല്‍ സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ച് ഇതുവരെ എങ്ങും എത്താതെപോയ പദ്ധതിക്ക് സ്ഥലം കൊടുക്കേണ്ടിയിരുന്ന കര്‍ഷകര്‍ ആണ് സ്ഥലം വിട്ടുകിട്ടാന്‍ കോടതിയെ സമീപിച്ചത്.

ഇതു സംബന്ധിച്ച് 2014 -ല്‍ പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ vs ഹാരിക്ചന്ദ് മിശ്രിവാള്‍ സോളങ്കി കേസില്‍ സുപ്രീംകോടതിയുടെ, ജസ്റ്റിസുമാരായ ആര്‍.എം ലോധ, ആര്‍.എം ലോകുര്‍, കുര്യന്‍ ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചിന്റെ വിധി ഉണ്ടായിരുന്നു. കര്‍ഷകരുടെ സ്വന്തം അക്കൗണ്ടിലോ അല്ലെങ്കില്‍ അവര്‍ക്ക് ഇപ്പോള്‍ വേണമെങ്കിലും പലിശ സഹിതം പിന്‍വലിക്കാന്‍ കഴിയുന്ന തരത്തില്‍ കോടതിയിലോ നഷ്ടപരിഹാര തുക നിക്ഷേപിക്കേണ്ടതുണ്ട് എന്നായിരുന്നു വിധി. ട്രഷറിയില്‍ നിക്ഷേപിച്ചിട്ടുണ്ട് എന്നതുകൊണ്ട് മാത്രം കര്‍ഷകന് നഷ്ടപരിഹാരം നല്‍കിയതായി കണക്കാനാകില്ല എന്ന് കോടതി പറഞ്ഞു.

റിലയന്‍സിന്റെ കേസ് കോടതിയില്‍ നില്‍ക്കുമ്പോഴാണ് മോഡി ഗവണ്മെന്റ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. പണം കര്‍ഷകര്‍ക്ക് നല്‍കേണ്ട, ഏതെങ്കിലും നിയതമായ അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ മതി എന്നായിരുന്നു ഭേദഗതി. (റിലയന്‍സ് തുക സര്‍ക്കാര്‍ അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്നു. മറ്റു നടപടികള്‍ പൂര്‍ത്തിയാക്കി തുക കര്‍ഷകര്‍ക്ക് നല്‍കി സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയിരുന്നില്ല). ഓര്‍ഡിനന്‍സ് പക്ഷെ ലാപ്‌സായി. കടുത്ത എതിര്‍പ്പ് മൂലം പാര്‍ലമെന്റില്‍ നിയമം കൊണ്ടുവരാനുമായില്ല.

റിലയന്‍സ് ഇതേ ആവശ്യം ഗുജറാത്ത് ഹൈക്കോടതിയില്‍ ഉന്നയിച്ചു. സ്ഥലം ഏറ്റെടുക്കല്‍ സര്‍ക്കാരിന്റെ പണിയാണ് എന്നും തങ്ങള്‍ തുക സര്‍ക്കാരില്‍ അടച്ചിട്ടുള്ളതുകൊണ്ട് സ്വകാര്യ കമ്പനി എന്ന നിലയ്ക്ക് ഇതില്‍ ഇനി ബാധ്യതകള്‍ ഒന്നുമില്ല എന്ന വാദം ഹൈക്കോടതി അംഗീകരിച്ചു.

കര്‍ഷകര്‍ സുപ്രീംകോടതിയെ സമീപിച്ചു. കേസ് വന്നത് ജസ്റ്റിസ് അരുണ്‍ മിശ്രയും അമിതാവ് റോയിയും ഉള്ള 2 അംഗ ബെഞ്ചില്‍. 2014-ലെ വിധിയില്‍ സംശയം പ്രകടിപ്പിച്ച ബഞ്ച് കേസ് 3 അംഗ ബെഞ്ചിനു വിട്ടു. ആ ബെഞ്ചും ജസ്റ്റിസ് മിശ്രയുടെ നേതൃത്വത്തില്‍ ആയിരുന്നു. ഇന്‍ഡോര്‍ ഡവലപ്‌മെന്റ് അതോറിറ്റി vs ശൈലിന്ദ്ര കേസില്‍ ജസ്റ്റില്‍ മിശ്രയും ജസ്റ്റിസ് ഗോയലും എഴുതിയ ഭൂരിപക്ഷ വിധി 2014-ലെ വിധി തെറ്റാണ് എന്ന് വിലയിരുത്തി.

അദ്ദേഹം തന്നെ നേതൃത്വം നല്‍കിയ 3 അംഗ ബെഞ്ച് ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിട്ട് അത് അവര്‍ സ്വീകരിക്കാത്തത് ആണെങ്കില്‍ നടപടികള്‍ റദ്ദാകില്ല എന്നു വിധിച്ചു. മോഡി ഗവണ്മെന്റ് കൊണ്ടുവന്ന ഓര്‍ഡിനന്‍സിലെ അതേ വാഗ്ദാനമായിരുന്നു ജസ്റ്റിസ് മിശ്രയുടേതും. എന്നാല്‍ ജസ്റ്റിസ് എം.എം ശാന്തന ഗൗഡര്‍ വിയോജിച്ചു. ഒരേ ആള്‍ബലമുള്ള ബെഞ്ചിന്റെ വിധി റദ്ദാക്കുവാന്‍ കഴിയില്ല എന്ന ശരിയായ നിലപാടെടുത്തു.

ഇത് റിലയന്‍സിന് അനുകൂലമാകുമായിരുന്നു, പക്ഷെ മറ്റൊരു കേസില്‍ ജസ്റ്റിസ് ലോകുര്‍, കുര്യന്‍ ജോസഫ്, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ച്, മേല്‍പ്പറഞ്ഞ വിധി സ്റ്റേ ചെയ്തു. കര്‍ഷകര്‍ക്ക് അനുകൂലമായ ആദ്യ വിധി പറഞ്ഞ ബഞ്ചിന്റെ ഭാഗമായിരുന്നു ജസ്റ്റിസ് ലോകുറും കുര്യന്‍ജോസഫും.

ഒരു മൂന്നംഗ ബെഞ്ചിന്റെ വിധി മറ്റൊരു മൂന്നംഗ ബെഞ്ച് റദ്ദു ചെയ്യുന്നത് ശരിയല്ല എന്നും, അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍, കേസ് മറ്റൊരു വലിയ ബെഞ്ച് പരിഗണിക്കേണ്ടതുണ്ട് എന്നുമുള്ള കൃത്യമായ നിയമെതത്വമാണ് അവര്‍ സ്വീകരിച്ചത്. അങ്ങനെ കേസ് ഒരു ഭരണഘടനാ ബെഞ്ചിന് മുന്നില്‍ എത്തുന്നു.

ഇനിയാണ് ട്വിസ്റ്റ്. ഈ ഭരണഘടനാ ബെഞ്ചും ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തില്‍ ആണ്. തന്റെ തന്നെ വിധിയെക്കുറിച്ച് തീരുമാനം എടുക്കേണ്ടുന്ന വിശാലബെഞ്ചില്‍ ജസ്റ്റിസ് മിശ്ര വരുന്നതിനെക്കുറിച്ച് ആക്ഷേപം ഉയര്‍ന്നു. അദ്ദേഹം പിന്മാറണം എന്ന ആവശ്യം കോടതിയില്‍ ഉയര്‍ന്നു. എന്നാല്‍ അതില്‍ തെറ്റില്ല എന്ന നിലപാടിലായിരുന്നു ജസ്റ്റിസ് മിശ്ര.

ചെറിയ ബെഞ്ചില്‍ വിധി പറഞ്ഞ ന്യായാധിപന്‍ കേസ് വീണ്ടും പരിഗണിക്കുന്ന വിശാലബെഞ്ചില്‍ അംഗമാകുന്നതില്‍ തെറ്റില്ല എന്ന് ജസ്റ്റിസ് മിശ്രയുടെ ബഞ്ച് കഴിഞ്ഞ നവംബറില്‍ വിധി എഴുതി. സുപ്രീംകോടതി വിവിധ ബെഞ്ചുകളായി അല്ലാതെ ഒറ്റ കോടതിയായി വാദം കേട്ടിരുന്ന കാലത്തെ കീഴ്‌വഴക്കങ്ങളും അതേ രീതിയില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്ന ചില വിദേശ കോടതികളുടെയും നടപടിക്രമങ്ങളും ചൂണ്ടി കാണിച്ചായിരുന്നു വിധി.

എന്തായാലും ജസ്റ്റിസ് മിശ്രയുടെ വിധിയിന്മേല്‍ അദ്ദേഹം നയിക്കുന്ന ഭരണഘടനാബഞ്ചു തന്നെ വാദം കേള്‍ക്കുന്ന മുന്‍പ് കേട്ടുകേള്‍വി ഇല്ലാത്ത നടപടിക്രമത്തിന് സുപ്രീംകോടതി സാക്ഷ്യം വഹിച്ചു. ആ കേസില്‍ ആണ് ഇന്ന് വിധിപ്രസ്താവം ഉണ്ടായിരിക്കുന്നത്.

Land Acquisition Act Section 24(2)-ലെ ‘ഓര്‍’ എന്ന വാക്ക് ‘ആന്‍ഡ്’ എന്നു വായിക്കണം എന്നാണ് നിരീക്ഷണം. പ്രസ്തുത വകുപ്പ് പ്രകാരം 1894-ലെ നിയമപ്രകാരം സ്ഥലമെടുപ്പ് നടപടികള്‍ ആരംഭിച്ച് 5 വര്‍ഷത്തിനകം ഭൗതീകമായി സ്ഥലം ഏറ്റെടുക്കാതിരിക്കുകയോ നഷ്ടപരിഹാരം നല്കാതിരിക്കുകയോ ചെയ്താല്‍ സ്ഥലമെടുപ്പ് നടപടികള്‍ റദ്ദാകും. എന്നാല്‍ പുതിയ വ്യഖ്യാനത്തിലൂടെ സ്ഥലം ഏറ്റെടുക്കുകയും നഷ്ടപരിഹാരം കൊടുക്കാതിരിക്കുകയും ചെയ്താല്‍ മാത്രമേ നടപടികള്‍ റദ്ദാകൂ.

അതായത് സ്ഥലം ഏറ്റെടുക്കുകയും നഷ്ടപരിഹാരം ഭൂവുടമയ്ക്ക് ലഭിക്കാതിരിക്കുകയും ചെയ്താലോ നഷ്ടപരിഹാരം ലഭിക്കുകയും ഭൂമി ഏറ്റെടുക്കാന്‍ വൈകുകയും ചെയ്താലോ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ റദ്ദാകില്ല. അതുപോലെ തന്നെ നഷ്ടപരിഹാര തുക ഗവണ്‍മെന്റില്‍ ഒടുക്കിയാല്‍ മതിയാകില്ല. ഭൂവുടമയുടെ അക്കൗണ്ടിലോ കര്‍ഷകന് ഏതുസമയത്തും എടുക്കാന്‍ കഴിയും വിധം കോടതിയിലോ നഷ്ടപരിഹാര തുക എത്തിയാല്‍ മാത്രമേ ഭൂവുടമയ്ക്ക് ലഭിച്ചു എന്ന് കണക്കാക്കാന്‍ കഴിയൂ എന്ന പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കേസിലെ വിധിയും ഫലത്തില്‍ റദ്ദായിരിക്കുന്നു.

വിവിധ പദ്ധതികളുടെ പേരില്‍ ഭൂമി നഷ്ടപ്പെടുകയും, വര്‍ഷങ്ങള്‍ക്ക് ശേഷവും ഏറ്റെടുക്കല്‍ നടപടികളോ നഷ്ടപരിഹാരവിതരണമോ പൂര്‍ത്തിയാകാതെ ദുരിതത്തിലായ സാധാരണ ജനങ്ങള്‍ക്ക് വലിയ ആശ്വാസമായിരുന്നു 2014ലെ ഈ നിയമം. രാജ്യത്തെ വിവിധ ഭരണഘടനാ കോടതികള്‍ ഈ നിയമത്തിന്റെ പരിധിക്കകത്ത് നിന്നുകൊണ്ട് കര്‍ഷകര്‍ക്ക് ആശ്വാസകരമാകും വിധമുള്ള ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു.

എന്നാല്‍ ഗുജറാത്തിലെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കേസ് വന്നതോടുകൂടി ചിത്രമാകെ മാറുകയായിരുന്നു. നിയമത്തെ ഫലത്തില്‍ റദ്ദാക്കാനുള്ള മോഡി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ 2014 ല്‍ കൊണ്ട് വന്ന ഓര്‍ഡിനന്‍സ് കാലാവധി കഴിഞ്ഞതോടെ അവസാനിച്ചതാണ്. പാര്‍ലമെന്റില്‍ പ്രതിപക്ഷം ശക്തമായ പ്രതിരോധം തീര്‍ത്തിരുന്നു.

എന്നാല്‍ സുപ്രീം കോടതിയുടെ പുതിയ വിധിയിലൂടെ വീണ്ടും സാഹചര്യങ്ങള്‍ മാറിയിരിക്കുന്നു. കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമായിരുന്നു പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കേസിലെ മൂന്നംഗ ബെഞ്ചിന്റെ വിധിയില്‍ സംശയം പ്രകടിപ്പിച്ചത് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ രണ്ടംഗ ബെഞ്ച് ആണ്. തുടര്‍ന്ന് ഈ വിഷയം പരിശോധിച്ച് വിധി റദ്ദു ചെയ്തത് അദ്ദേഹം തന്നെ നേതൃത്വം നല്‍കിയ മൂന്നംഗ ബെഞ്ചാണ്. നിലവിലുള്ള ഒരു വിധിയില്‍ സംശയം പ്രകടിപ്പിക്കുകയും അത് റദ്ദു ചെയ്യുകയും ചെയ്ത ജഡ്ജ് തന്നെ അതേ വിഷയം പിന്നീട് പരിശോധിക്കുന്ന വിശാലബഞ്ചിന്റെ ഭാഗമാകുന്നതില്‍ തെറ്റില്ല (അതായത് അദ്ദേഹം ഈ കേസ് പരിശോധിക്കുന്നതില്‍ തെറ്റില്ല എന്ന) വിധിച്ചതും അദ്ദേഹം തന്നെയാണ്.

ഇപ്പോള്‍ ഇതാ ആ തീരുമാനം പരിശോധിച്ച് 2014-ലെ വിധി റദ്ദാക്കിയിരിക്കുന്നതും അദ്ദേഹം ഉള്‍പ്പെടുന്ന അഞ്ചംഗ ബെഞ്ച് തന്നെ. നിയമവ്യാഖ്യാനത്തിന്റെ കാര്യത്തില്‍ മാത്രമല്ല സുപ്രീംകോടതി വിധികളുടെ അന്തിമത്വവും സ്ഥിരതയും നിലനിര്‍ത്തുവാന്‍ വേണ്ട മുന്‍കരുതലുകളും കീഴ് വഴക്കങ്ങളും സംബന്ധിച്ചും ഈ വിധി ദീര്‍ഘകാലം ചര്‍ച്ച ചെയ്യപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല.