ദുബായ്: ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്കുള്ള മത്സരത്തിലേക്ക് യു.എന്‍ മുന്‍ അംബാസഡറായ ലാന നുസൈബെയെ യു.എ.ഇ നാമനിര്‍ദേശം ചെയ്തു. നിലവിലെ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് കാലാവധി പൂര്‍ത്തിയായി സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് ഈ സ്ഥാനത്തേക്കുള്ള മത്സരം. ലാന അടക്കം ഏഴ് സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ട്.

യു.എ.ഇ പൗരത്വമുള്ള സ്ഥാനാര്‍ത്ഥിയാണ് ലാന. ഇവര്‍ക്ക് പുറമെ ടോംഗ, ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ, അര്‍ജന്റീന, കോസ്റ്ററിക്ക, ഉഗാണ്ട, ഗയാന എന്നീ രാജ്യങ്ങള്‍ നാമനിനര്‍ദേശം ചെയ്ത സ്ഥാനാര്‍ത്ഥികളും മത്സര രംഗത്തുണ്ട്. ഇക്വഡോറില്‍ നിന്നുള്ള ഇവോന്‍ ബാകിയെ ടോംഗയും മറിയ ഫെര്‍ണാണ്ടസിനെ ആന്റിഗ്വ ആന്റ് ബാര്‍ബുഡയും നാമനമിര്‍ദേശം ചെയ്തു. അര്‍ജന്റീന റഫേല്‍ ഗ്രോസിയെയും കോസ്റ്ററിക്ക റെബേക്ക ഗ്രിന്‍സ്പാനിനെയും, ഉഗാണ്ട ഒലാര ഒറ്റുനുവിനെയും ഗയാന കരോലിന്‍ റോഡ്രിഗ്രസ് ബിര്‍കെറ്റിനെയും നാമനിര്‍ദേശം ചെയ്തു.

ഈ വര്‍ഷം ഡിസംബര്‍ 31നാണ് യു.എന്‍ സെക്രട്ടറി ജനറല്‍ എന്ന നിലയില്‍ ഗുട്ടേറസിന്റെ കാലാവധി അവസാനിക്കുക. പുതുതായി തെരഞ്ഞെടുക്കുന്ന സെക്രട്ടറി ജനറല്‍ ജനുവരി ഒന്നിന് സ്ഥാനമേല്‍ക്കും.

യു.എ.ഇയുടെ വിദേശ നയത്തിനെതിരെ വിമര്‍ശനം ഉയരുന്നതിനിടെയാണ് അവര്‍ യു.എന്‍ സെക്രട്ടറി ജനറല്‍ തെരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ത്ഥിയെ നാമനിര്‍ദേശം ചെയ്യുന്നത്. വംശഹത്യ നടത്തുന്നവരെ പിന്തുണയ്ക്കുന്നുവെന്ന വിമര്‍ശനമാണ് യു.എ.ഇയ്‌ക്കെതിരെ ഉയരുന്നത്. ഇസ്രഈലിനും സുഡാനിലെ സായുധ വിഭാഗമായ റാപിഡ് സെക്യൂരിറ്റി ഫോഴ്‌സിനും യു.എ.ഇ നല്‍കുന്ന പിന്തുണ ഇത്തരത്തില്‍ വിമര്‍ശിക്കപ്പെടുന്നു.

സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നവരില്‍ ആരും യു.എസിലെ ട്രംപ് ഭരണകൂടത്തിന് പ്രിയപ്പെട്ട സ്ഥാനാര്‍ത്ഥിയായി വിലയിരുത്തപ്പെടുന്നില്ല. ഇതിനാല്‍ യു.എസുമായും യു.എന്‍ രക്ഷാ സമിതിയിലെ മറ്റ് സ്ഥിരാംഗങ്ങളുമായുമുള്ള യു.എ.ഇയുടെ ബന്ധം ലാന നുസൈബക്ക് ട്രംപിന്റെ പിന്തുണ നേടിക്കൊടുത്തേക്കാം.

അതേസമയം ഫലസ്തീനില്‍ നിന്ന് യു.എഇയിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമാണ് ലാന നുസൈബ. ജെറുസലേമില്‍ നിന്ന് അബൂദബിയിലെത്തി യു.എ.ഇ പ്രസിഡന്റിന്റെ സാംസ്‌കാരിക ഉപദേശകനായി മാറിയ സാകി നുസൈബയാണ് ലാനയുടെ പിതാവ്. ലാനയുടെ മുത്തച്ഛനായ അന്‍വര്‍ നുസൈബ ഒരു ഫലസ്തീനിയന്‍ രാഷ്ട്രീയക്കാരനും അഭിഭാഷകനുമായിരുന്നു. ജോര്‍ദാനിലെ ഉന്നത സര്‍ക്കാര്‍ പദവികളും അദ്ദേഹം വഹിച്ചിരുന്നു.

ലണ്ടനിലെ സ്‌കൂള്‍ ഓഫ് ഓറിയന്റല്‍ ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസില്‍ നിന്ന് ലാന ഇസ്രഈലി ആന്‍ഡ് ജ്യൂയിഷ് ഡയസ്പോറ സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം നേടിയിരുന്നു. പത്ത് വര്‍ഷത്തിലധികം ഐക്യരാഷ്ട്രസഭയിലെ യു.എ.ഇ അംബാസഡറായിരുന്നു. യു.എ.ഇ വിദേശകാര്യ സഹമന്ത്രിയാണ് നിലവില്‍.

2023-ല്‍ ഗാസ യുദ്ധം തുടങ്ങിയ സമയത്ത് ഐക്യരാഷ്ട്രസഭയില്‍ സേവനമനുഷ്ഠിച്ചിരുന്ന ലാന, മാനുഷിക സഹായങ്ങള്‍ എത്തിക്കുന്നതിന് വഴിയൊരുക്കുന്ന പ്രമേയം 2720 പാസാക്കിയെടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. രക്ഷാ സമിതി അംഗങ്ങളെ റഫ അതിര്‍ത്തിയിലേക്ക് കൊണ്ടുപോയി അവിടുത്തെ സാഹചര്യം നേരില്‍ കാണാന്‍ അവസരമൊരുക്കിയതിലൂടെയാണ് പ്രമേയത്തിന് താന്‍ പിന്തുണ നേടിയതെന്ന് നുസൈബ പറഞ്ഞിരുന്നു.

യു.എന്‍ സെക്രട്ടറി ജനറല്‍ വിജയിച്ചാല്‍ ഈ സ്ഥാനത്തെത്തുന്ന ആദ്യ സ്ത്രീയായി മാറാന്‍ ലാനയ്ക്ക് കഴിയും. എന്നാല്‍ താന്‍ ഒരു വനിത എന്ന നിലയിലല്ല ഈ സ്ഥാനത്തേക്ക് മത്സരിക്കുന്നതെന്ന് ലാന പറഞ്ഞു.

‘അടുത്ത സെക്രട്ടറി ജനറല്‍ ഒരു സ്ത്രീയാകുന്നത് വളരെ നല്ല കാര്യമായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ ഞാന്‍ ഈ സ്ഥാനത്തേക്ക് മത്സരിക്കുന്നത് ഒരു സ്ത്രീ ആയതുകൊണ്ടല്ല; മറിച്ച്, ഐക്യരാഷ്ട്രസഭയുടെ ഭാവിയെക്കുറിച്ച് എനിക്ക് ഉറച്ച കോണ്‍ഫിഡന്‍സുള്ളതുകൊണ്ടാണ്,’ ലാന ലിങ്ക്ഡ് ഇനില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.

Content Highlight: Lana Nusseibeh of UAE to Compete in Election to find out New UN Secretary General