ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറിനെ പ്രശംസിച്ച് ബാഴ്‌സലോണ യുവതാരം ലാമിന്‍ യമാല്‍. ഫുട്‌ബോളില്‍ നെയ്മര്‍ തന്നെ ഒരുപാട് പ്രചോദിപ്പിച്ചിട്ടുണ്ടെന്നാണ് സ്പാനിഷ് താരം പറഞ്ഞത്. 2026 ലോകകപ്പില്‍ നെയ്മര്‍ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും യമാല്‍ പറഞ്ഞു. പി.എസ്.ജിക്കെതിരെയുള്ള ബാഴ്‌സലോണയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവില്‍ നെയ്മര്‍ നടത്തിയ മാസ്മരികമായ പ്രകടനങ്ങളെക്കുറിച്ചും യമാല്‍ ഓര്‍മിച്ചു.
‘പി.എസ്.ജിക്കെതിരെയുള്ള ബാഴ്‌സയുടെ 6-1ന്റെ മത്സരം ഞാന്‍ പല തവണ കണ്ടിട്ടുണ്ട്. ആ മത്സരം ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. നെയ്മര്‍ എന്റെ കുട്ടിക്കാലത്തെ ജീവിതത്തിന്റെ ഒരു വലിയ ഭാഗമായിരുന്നു. അദ്ദേഹം എന്റെ ആരാധനാപാത്രമാണ്. അദ്ദേഹം ഫുട്‌ബോളിന് നല്‍കിയ എല്ലാ കാര്യങ്ങളിലും ഞാന്‍ നന്ദിയുള്ളവനായിരിക്കും. അദ്ദേഹം എല്ലാവരെയും പ്രചോദിപ്പിച്ചു. ലോകകപ്പില്‍ അദ്ദേഹത്തിന് പങ്കെടുക്കാന്‍ സാധിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’, ലാമിന്‍ യമാല്‍ ബാഴ്സ ബ്രൂഗനക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ബ്രസീലിന് വേണ്ടി 128 മത്സരങ്ങളില്‍ നിന്ന് 79 ഗോളുകള്‍ നേടിയിട്ടുള്ള താരമാണ് നെയ്മര്‍. ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരന്‍ എന്ന നേട്ടവും താരത്തിനുണ്ട്. കോപ്പ അമേരിക്ക, കോണ്‍ഫെഡറേഷന്‍ കപ്പ്, ഒളിമ്പിക് ഗോള്‍ഡ് എന്നീ കിരീടങ്ങള്‍ നെയ്മര്‍ സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും നെയ്മറിന് ലോകകപ്പ് നേടാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ഫിറ്റ്നസാണ് താരത്തിന് നിലവില്‍ വെല്ലുവിളിയായിരിക്കുന്നത്.
2023 ഒക്ടോബറില്‍ ബ്രസീലിനായി അന്താരാഷ്ട്ര മത്സരത്തില്‍ കളിക്കുമ്പോഴാണ് നെയ്മറിന് പരിക്ക് പറ്റിയത്. ഇതിന് ശസ്ത്രക്രിയ ആവശ്യമായിരുന്നു. അല്‍ഹിലാലില്‍ നിന്ന് ജനുവരിയില്‍ സാന്റോസിലേക്ക് താരം എത്തിയെങ്കിലും സീസണിലുടനീളം പരിക്കുകളും ഫിറ്റ്നസ് പ്രശ്നങ്ങളും നെയ്മറിന് തിരിച്ചടിയായി.
ചരിത്രത്തിലെ ആറാം ലോക കിരീടം ലക്ഷ്യം വെച്ചാണ് ബ്രസീല്‍ ഇത്തവണ ഇറങ്ങുന്നത്. ഇതിഹാസ പരിശീലകന്‍ ആന്‍സലോട്ടിയിലാണ് ബ്രസീലിന്റെ എല്ലാ പ്രതീക്ഷകളും. ബ്രസീലിന്റെ ഫുട്‌ബോള്‍ ചരിത്രത്തിലെ ആദ്യ വിദേശ പരിശീലകനാണ് ആന്‍സലോട്ടി.
2022ലാണ് ബ്രസീല്‍ അവസാനമായി ലോകകപ്പ് നേടിയത്. നീണ്ട 24 വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രസീല്‍ ലോകത്തിന്റെ നെറുകയിലെത്തുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ലോകകപ്പില്‍ ഗ്രൂപ്പ് സി.യിലാണ് ബ്രസില്‍ ഇടം നേടിയിരിക്കുന്നത്. ഹെയ്തി, മൊറാക്കോ, സ്‌കോട്‌ലാന്‍ഡ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.
Content Highlight: Lamine Yamal Talks Neymar will play 2026 fifa world cup