എനിക്ക് സ്വന്തം ഐഡന്റിറ്റി വേണം, അദ്ദേഹവുമായി താരതമ്യം ചെയ്യരുത്; തുറന്ന് പറഞ്ഞ് ലാമിന്‍ യമാല്‍
Sports News
എനിക്ക് സ്വന്തം ഐഡന്റിറ്റി വേണം, അദ്ദേഹവുമായി താരതമ്യം ചെയ്യരുത്; തുറന്ന് പറഞ്ഞ് ലാമിന്‍ യമാല്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 16th May 2025, 9:44 pm

ഫുട്‌ബോള്‍ ലോകം ഇന്ന് ഏറെ ചര്‍ച്ച ചെയ്യുന്ന കൗമാരക്കാരനാണ് ബാഴ്‌സലോണയുടെ സ്പാനിഷ് യുവതാരം ലാമിന്‍ യമാല്‍. ബാഴ്‌സലോണ ലാ മാസിയയിലൂടെ വളര്‍ത്തിയെടുത്ത ലാ റോജയുടെ കുട്ടിപ്പടയാളി ഇന്ന് ഏറെ മൂല്യമുള്ള ടോപ് ഗണ്‍ ഫുട്‌ബോളറാണ്.

17ാം വയസില്‍ തന്നെ യുവേഫ ചാമ്പ്യന്‍സ് ട്രോഫിയിലും ലാലിഗയിലുമടക്കം താരം ഇതിനോടകം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കളി ശൈലി കൊണ്ടും മൈതാനത്ത് കാണിക്കുന്ന മികവ് കൊണ്ടും വലിയ പ്രശംസകള്‍ താരം ഏറ്റുവാങ്ങിയിരുന്നു. ഈ സീസണില്‍ ബാഴ്‌സലോണയുടെ മുന്നേറ്റങ്ങളില്‍ നിര്‍ണായക സാന്നിധ്യമാണ് ഈ കൗമാര താരം.

അടുത്ത കാലത്തായി ഇതിഹാസതാരം ലയണല്‍ മെസിയുമായി താരത്തെ താരതമ്യപ്പെടുത്തുന്നത് ഫുട്‌ബോള്‍ ലോകത്തെ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. മെസിയുടെ പിന്‍ഗാമിയെന്നും മെസിയേക്കാള്‍ കേമനെന്നും യമാലിനെ പലരും വിശേഷിപ്പിച്ചു. എന്നാല്‍ ഇപ്പോള്‍ തന്നെ മെസിയുമായി താരതമ്യം ചെയ്യരുതെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ലാമിന്‍.

തന്നെ ഒരിക്കലും മെസിയുമായി താരതമ്യപ്പെടുത്തരുതെന്നും മെസി ലോകത്തിലെ മികച്ച കളിക്കാരനാണെന്നും യമാല്‍ പറഞ്ഞു. മാത്രമല്ല തനിക്ക് സ്വന്തം ഐഡന്റിറ്റിയും ശൈലിയും അങ്ങനെയെല്ലാം വേണമെന്നും യുവ താരം പറഞ്ഞു. മാത്രമല്ല താന്‍ ആരെപ്പോലെയും ആകാന്‍ ശ്രമിക്കുന്നില്ലെന്നും ലാമിന്‍ യമാല്‍ തുറന്ന് പറഞ്ഞു.

‘എന്നെ ഒരിക്കലും മെസിയുമായി എന്നെ താരതമ്യം ചെയ്യരുത്, അദ്ദേഹം എക്കാലത്തെയും മികച്ച കളിക്കാരനാണ്. എനിക്ക് ഞാനാകണം, എനിക്ക് എന്റെ സ്വന്തം കഥ വേണം. എനിക്ക് എന്റെ സ്വന്തം ഐഡന്റിറ്റി, എന്റെ പ്രകടനത്തില്‍ സ്ഥിരത, എന്റെ സ്വന്തം കളി ശൈലി അങ്ങനെ എല്ലാം വേണം. മറ്റാരെയും പോലെയാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,’ ഒരു പത്രക്കുറിപ്പില്‍ യമാല്‍ പറഞ്ഞു.

ബാഴ്‌സസലോണക്കായി ഈ സീസണില്‍ മിന്നും പ്രകടനമാണ് യമാല്‍ കാഴ്ച വെക്കുന്നത്. പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളില്‍ ടീമിന്റെ വിജയങ്ങളില്‍ യമാല്‍ നിര്‍ണായകമായ പങ്കാണ് വഹിച്ചത്. 51 മത്സരങ്ങളില്‍ നിന്ന് 15 ഗോളുകളും 24 അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്.

Content Highlight: Lamin  Yamal has come out and said that he should not be compared to Lionel Messi