മിമിക്രിയിൽ നിന്ന് സിനിമയിലേക്കെത്തിയ നടന്മാരിൽ പ്രധാനിയാണ് ലാൽ. സംവിധായകനായാണ് ലാൽ തുടക്കകാലത്ത് സിനിമയിൽ തിളങ്ങിയത്. സിദ്ദിഖിനൊപ്പം ഒരുപിടി മികച്ച സിനിമകൾ സംവിധാനം ചെയ്ത ലാൽ ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തിലൂടെയാണ് അഭിനയരംഗത്തേക്ക് ചുവടുവെച്ചത്. തുടർന്ന് മലയാളത്തിലും തെലുങ്കിലും തമിഴിലും ഹിന്ദിയിലും മികച്ച വേഷങ്ങൾ ചെയ്യാൻ ലാലിന് സാധിച്ചു.
ജാൻ.എ.മൻ എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ ലാൽ. ചിദംബരം സംവിധാനം ചെയ്ത ചിത്രത്തിൽ ലാലും ഒരു പ്രധാനവേഷത്തിൽ അഭിനയിച്ചിരുന്നു. സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ ജാൻ.എ.മൻ എന്ന പേര് മാറ്റണമെന്ന് താൻ ചിദംബരത്തോട് പറഞ്ഞിട്ടുണ്ടെന്ന് ലാൽ പറയുന്നു. എഫ്.ടി.ക്യൂ വിത്ത് രേഖ മേനോൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ജാൻ.എ.മൻ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ ആ സിനിമയുടെ പേര് മാറ്റാൻ ഞാൻ ചിദംബരത്തോട് പറഞ്ഞു. നിങ്ങളെന്തിനാണ് ആള് കയറരുത് എന്ന് ആഗ്രഹിക്കുന്നത്, ഞാനാണെങ്കിൽ അങ്ങനെ ഒരു പേര് കേട്ടാൽ സിനിമയ്ക്ക് കയറില്ല എന്നെല്ലാം ഞാൻ പറഞ്ഞു. പേരുമാറ്റാൻ ഞാൻ പറയുമ്പോൾ മാറ്റാം എന്നെല്ലാം പറഞ്ഞ് ചിദംബരം ഒഴിഞ്ഞു മാറിക്കളിച്ചു.
പിന്നീട് സിനിമ ഇറങ്ങി കഴിഞ്ഞപ്പോൾ അവൻ ഉദ്ദേശിച്ചത് കൃത്യമാണെന്ന് തെളിയിച്ചു. അതാണ് പറയുന്നത് നമ്മൾ നിൽക്കേണ്ടടുത്ത് നിൽക്കണം എന്ന്. നമ്മൾ ഒരു സ്ഥലത്ത് ഫിറ്റ് അല്ല എന്ന് കാണുകയാണെങ്കിൽ അവിടെ മിണ്ടാതെ നിൽക്കണം അല്ലെങ്കിൽ ഒഴിഞ്ഞുമാറണം.
അതുകൊണ്ടുതന്നെ ഇപ്പോൾ ഞാൻ അഭിനയിക്കുന്ന സിനിമകളിലൊന്നും വലിയ രീതിയിൽ അഭിപ്രായം പറയാനും മറ്റു കാര്യങ്ങൾക്കൊന്നും പോകാറില്ല. എന്തെങ്കിലും തോന്നിയാൽ തന്നെ അത് വളരെ സോഫ്റ്റ് ആയ രീതിയിൽ ഇങ്ങനെ ഒരു അഭിപ്രായം ഉണ്ടെന്ന രീതിയിൽ അറിയിക്കും,’ ലാൽ പറയുന്നു.