ഓടും കുതിര ചാടും കുതിര; മാത്യുവിലെ ഹരിനാരായണന്‍ എഫക്ട്
Malayalam Cinema
ഓടും കുതിര ചാടും കുതിര; മാത്യുവിലെ ഹരിനാരായണന്‍ എഫക്ട്
ഐറിന്‍ മരിയ ആന്റണി
Thursday, 11th September 2025, 3:47 pm
ചിലപ്പോഴൊക്ക വണ്‍മാന്‍ ഷോയിലെ ഹരിനാരായണനെ  ഓര്‍മിപ്പിക്കുന്നതായിരുന്നു. ഓടും കുതിര ചാടും കുതിരയിലെ മാത്യു. കണ്ണടച്ച് തലകുലുക്കി കൊണ്ട് മകന്റെ വിവാഹം സ്വപ്‌നം കാണുന്ന സിനിമയിലെ ക്ലോസപ്പ് ഷോട്ടിലെല്ലാം എവിടെയോ ആ പഴയ ഹരിനാരായണന്‍ മിന്നി മറഞ്ഞ് പോയത് കാണാം.

‘ഇന്നലെ വരെ എനിക്കൊരു ചോദ്യചിഹ്നമായിരുന്നവന്‍ ഇപ്പോള്‍ എനിക്കൊരു കോമയാണ്’കുതിരപ്പുറത്ത് നിന്ന് തലയിടിച്ച് വീണ് ആശുപത്രിയില്‍ കോമയില്‍ കിടക്കുന്ന മകന്‍ എബിയെ പറ്റി ലാല്‍ അവതരിപ്പിച്ച മാത്യു പറയുന്ന ഡയലോഗ് ആണിത്.

റിയാലിറ്റിയുടെയും സ്വപ്നത്തിന്റെയും ഇടയില്‍ കുരുങ്ങിപ്പോകുന്ന എബിയുടെയും നിധിയുടെയും കഥ പറയുന്ന ഓടും കുതിര ചാടും കുതിര  പ്രേക്ഷകരിലേക്ക് അത്ര കണ്ട് ഓടിയെത്തുന്നില്ലെങ്കിലും പടത്തില്‍ തന്റെ അന്യായ പ്രകടനം കൊണ്ട് കാണികളെ പിടിച്ചിരുത്തിയത് ലാല്‍ അവതരിപ്പിച്ച മാത്യുവെന്ന കഥാപാത്രമാണ്.

കഴിഞ്ഞമാസം 28നാണ് അല്‍ത്താഫ് സലീം ഒരുക്കിയ ഓടും കുതിര ചാടും കുതിര തീയേറ്ററുകള്‍ എത്തിയത്. ഫഹദ് ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍, ലാല്‍, സുരേഷ് കൃഷ്ണ എന്നിങ്ങനെ വന്‍ താരനിര അണിനിരന്ന ചിത്രം അത്രകണ്ട് ബോക്‌സ് ഓഫീസില്‍ ഇടം നേടിയില്ല.

പക്ഷേ സിനിമയുടെ ആദ്യ ഷോട്ട് മുതല്‍ അവസാനം വരെ എല്ലാവരെയും കുടു കുടെ ചിരിപ്പിച്ചത് ലാലാണ്. ഫഹദിന്റെയും കല്യാണിയുടെയും കോമഡികള്‍ സിനിമയില്‍ പലപ്പോഴായും പാളി പോയപ്പോഴും തന്റെ കൗണ്ടറുകള്‍ കൊണ്ടും ഡയലോഗ് ഡെലിവറി കൊണ്ടും ലാല്‍ പ്രേക്ഷകരെ പിടിച്ചിരുത്തി.

ചിലപ്പോഴൊക്ക വണ്‍മാന്‍ ഷോയിലെ ഹരിനാരായണനെ ഓര്‍മിപ്പിക്കുന്നതായിരുന്നുഓടും കുതിര ചാടും കുതിരയിലെ മാത്യു. കണ്ണടച്ച് തലകുലുക്കി കൊണ്ട് മകന്റെ വിവാഹം സ്വപ്നം കാണുന്ന സിനിമയിലെ ക്ലോസപ്പ് ഷോട്ടിലെല്ലാം എവിടെയോ ആ പഴയ ഹരിനാരായണന്‍ മിന്നി മറഞ്ഞ് പോയത് കാണാം.

വളരെ എക്‌സെന്ററിക് ആയ ഓവറെന്ന് തോന്നിക്കുന്നതാണ് സിനിമയിലെ എല്ലാ കഥാപാത്രങ്ങളും. അവിടെയാണ് ലാല്‍ അവതരിപ്പിച്ച മാത്യുവെന്ന കഥാപാത്രം വിജയിച്ചത്. മറ്റാര് ചെയ്താലും പാളിപോകുന്ന സംഗതികള്‍ ലാലിന്റെ കയ്യില്‍ ഭദ്രമായിരുന്നു.

കോമഡി വേഷങ്ങള്‍ ചെയ്യുന്ന ലാലിനെ നമ്മള്‍ മുമ്പും കണ്ടിട്ടുണ്ട്. ഒരുപാട് നാളുകള്‍ക്കു ശേഷം സിനിമയില്‍ അത്തരമൊരു വേഷം കിട്ടിയപ്പോള്‍ അദ്ദേഹം അങ്ങ് അഴിഞ്ഞാടി എന്ന് തന്നെ പറയാം. കളര്‍ഫുള്‍ ആയി ഒരു ഫ്രഷ് ഫീലോടെ പോകുന്ന ആദ്യപകുതി ആയിരുന്നു ഓടും കുതിര ചാടും കുതിരയുടേത്. എന്നാല്‍ രണ്ടാം പകുതിയില്‍ ഒരു ഒതുക്കമില്ലാതെ, കഥ പല വഴിക്കായി ചിതറിപ്പോയി.

പക്ഷേ സ്‌ക്രീനില്‍ ഉടനീളം ലാലിന്റെ പെര്‍ഫോമന്‍സ് ചിരിക്ക് വകയുള്ളതായിരുന്നു. ഓരോ തവണ അദ്ദേഹം സ്‌ക്രീനില്‍ വരുമ്പോഴും നമുക്ക് അറിയാതെ ചിരി പൊട്ടും. മറ്റാര് ചെയ്താലും വെറുപ്പിക്കലോ ചളിയോ ആയി മാറാവുന്ന ഡയലോഗുകള്‍ തന്റെ സ്വതസിദ്ധമായ ശൈലി കൊണ്ട് അദ്ദേഹം ഭംഗിയായി അവതരിപ്പിച്ചു.

Content highlight:  Lal’s performance in the movie  odum Kuthira Chaadum Kuthira   reminds Harinarayanan in one-man show

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.