തിരക്കഥാകൃത്ത്, സംവിധായകന്‍, ചലച്ചിത്ര നിര്‍മാതാവ് എന്നീ നിലകളില്‍ മലയാളികള്‍ക്ക് ഏറെ പരിചിതനാണ് കെ.ആര്‍. സച്ചിദാനന്ദന്‍ എന്ന സച്ചി. ഇപ്പോള്‍ സച്ചിയെ താന്‍ ആദ്യമായി കണ്ടതിനെ കുറിച്ചും മീശമാധവന്‍ സിനിമയും സച്ചിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചും പറയുകയാണ് സംവിധായകന്‍ ലാല്‍ ജോസ്.
സച്ചിയെ താന്‍ ആദ്യമായി കാണുന്നത് മീശമാധവന്‍ ചെയ്യുന്നതിന് മുമ്പാണെന്നും രണ്ടാംഭാവം കഴിഞ്ഞിരിക്കുന്ന സമയമായിരുന്നു അതെന്നും അദ്ദേഹം പറയുന്നു. അപ്പോള്‍ മീശമാധവന്റെ ചര്‍ച്ചകള്‍ നടക്കുകയായിരുന്നെന്നും സംവിധായകന്‍ പറഞ്ഞു.
‘മീശമാധവന്റെ നിര്‍മാതാക്കളായ സുബൈറും സുധീഷുമാണ് രണ്ട് വക്കീലന്മാര്‍ എന്നോട് കഥ പറയാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന കാര്യം പറയുന്നത്. അങ്ങനെ അവര്‍ എന്നെ കാണാന്‍ വന്നു. ഒരാളുടെ പേര് സച്ചിദാനന്ദന്‍ എന്നായിരുന്നു, കൂടെയുള്ള ആള്‍ സേതു.
സച്ചിയും സേതുവും ഒരു ക്രൈം ത്രില്ലര്‍ കഥയായിരുന്നു എന്നോട് പറഞ്ഞത്. അന്ന് ഇന്നത്തെ പോലെ ക്രൈം ത്രില്ലറുകളുടെ കാലമായിരുന്നില്ല. അവരുടെ ആദ്യ സ്‌ക്രിപ്റ്റായിരുന്നു അതെന്നാണ് എനിക്ക് തോന്നുന്നത്,’ ലാല്‍ ജോസ് പറയുന്നു.
തനിക്ക് ആ കഥയില്‍ കുറേ കാര്യങ്ങള്‍ ഇഷ്ടമായിരുന്നെങ്കിലും ചില കാര്യങ്ങള്‍ ഇഷ്ടമായിരുന്നില്ലെന്നും അതില്‍ തന്റേതായ രീതിയിലുള്ള പ്രശ്‌നങ്ങള്‍ താന്‍ അവരോട് പറഞ്ഞുവെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. നിങ്ങള്‍ അതില്‍ വീണ്ടും വര്‍ക്ക് ചെയ്യൂവെന്നായിരുന്നു താന്‍ നല്‍കിയ മറുപടിയെന്നും ലാല്‍ ജോസ് പറയുന്നു. തന്റെ യൂട്യൂബ് ചാനലില്‍ സച്ചിയെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പിന്നീടാണ് മീശമാധവന്‍ സിനിമ നടക്കുന്നത്. ആ സിനിമയുടെ പ്രൊഡക്ഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കൊക്കെ സുബൈര്‍ സച്ചിയുമായിട്ടായിരുന്നു ഡിസ്‌ക്കസ് ചെയ്തിരുന്നത്. എന്നാല്‍ ആ കാര്യം എനിക്ക് അറിയില്ലായിരുന്നു എന്നതാണ് സത്യം.
പിന്നീട് മീശമാധവന്റെ ടൈറ്റില്‍ ലിസ്റ്റ് പ്രിപ്പേര്‍ ചെയ്യുന്ന സമയത്താണ് ഞാന്‍ ആ കാര്യം അറിയുന്നത്. പ്രൊഡ്യൂസറിന്റെ ഭാഗത്ത് നിന്ന് കൊണ്ടുവന്ന കാര്‍ഡുകളില്‍ ഒന്നില്‍ ലീഗല്‍ അഡൈ്വസര്‍ സച്ചിദാനന്ദന്‍ എന്ന് കാണുകയായിരുന്നു ഞാന്‍,’ ലാല്‍ ജോസ് പറഞ്ഞു.
ആരാണ് ഇയാളെന്ന് താന്‍ സുബൈറിനോട് ചോദിച്ചപ്പോഴാണ് തന്നോട് മുമ്പ് കഥ പറയാന്‍ വന്ന സച്ചിയാണ് അതെന്ന് മനസിലായതെന്ന് സംവിധായകന്‍ പറയുന്നു. പിന്നീട് സംവിധായകനായും തിരക്കഥാകൃത്തായുമൊക്കെ സച്ചി പ്രസിദ്ധനായി. എന്നാല്‍ സച്ചിയുടെ പേര് ആദ്യമായി ഒരു സിനിമയില്‍ എഴുതി കാണിക്കുന്നത് മീശമാധവനില്‍ ആണെന്നും ആര്‍ക്കും അതിനെ കുറിച്ചൊന്നും അറിയില്ലെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു.