മുരളി കൊല്ലപ്പെടുന്ന സീനില്‍ നരേന് പകരം മറ്റൊരാള്‍; അല്ലെങ്കില്‍ സിനിമ പൊളിയും: ലാല്‍ ജോസ്
Malayalam Cinema
മുരളി കൊല്ലപ്പെടുന്ന സീനില്‍ നരേന് പകരം മറ്റൊരാള്‍; അല്ലെങ്കില്‍ സിനിമ പൊളിയും: ലാല്‍ ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 12th July 2025, 8:46 am

2006ല്‍ ലാല്‍ ജോസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ക്ലാസ്‌മേറ്റ്‌സ്. ക്യാമ്പസിന്റെ പശ്ചാത്തലത്തിലുള്ള കഥയായിരുന്നു ഈ സിനിമ പറഞ്ഞത്. ജെയിംസ് ആല്‍ബര്‍ട്ട് കഥയും തിരക്കഥയും രചിച്ച ക്ലാസ്‌മേറ്റ്‌സ് അന്നത്തെ യുവത്വത്തിന്റെ പള്‍സറിഞ്ഞ് പുറത്തിറങ്ങിയ ചിത്രമായിരുന്നു.

പൃഥ്വിരാജ് സുകുമാരന്‍, കാവ്യ മാധവന്‍, രാധിക, നരേന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജയസൂര്യ തുടങ്ങിയ വലിയൊരു താരനിര തന്നെ ഈ സിനിമക്കായി ഒന്നിച്ചിരുന്നു. ചിത്രത്തില്‍ നരേന്‍ മുരളി എന്ന കഥാപാത്രമായിട്ടാണ് അഭിനയിച്ചിരുന്നത്.

ആ കഥാപാത്രം ഇടയ്ക്ക് വെച്ച് കൊല്ലപ്പെടുന്ന സീനുമുണ്ട്. ആ സീനില്‍ അഭിനയിച്ചിരുന്നത് നരേന്‍ ആയിരുന്നില്ല. ഇപ്പോള്‍ മൂവിവേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ എന്തുകൊണ്ടായിരുന്നു ആ സീനില്‍ നരേനെ ഉപയോഗിക്കാതിരുന്നതെന്ന് പറയുകയാണ് സംവിധായകന്‍ ലാല്‍ ജോസ്.

ക്ലാസ്‌മേറ്റ്‌സ് സിനിമയില്‍ മുരളിയെ കൊല്ലുന്ന സീനുണ്ടല്ലോ, അതില്‍ അഭിനയിച്ചത് നരേന്‍ അല്ല. എളുപ്പത്തിന് വേണ്ടി നരേനെ അവിടെ വെച്ച് ചെയ്യാവുന്നതേയുള്ളൂ. പക്ഷെ അങ്ങനെ ചെയ്യാതിരുന്നതിന് കാരണമുണ്ട്.

നരേനെ അവിടെ കൊണ്ടുവന്നാല്‍ ആ സീന്‍ കാണുന്ന ആളുകള്‍ക്ക് പെട്ടെന്ന് കാര്യം മനസിലാകും. അതുകൊണ്ട് നരേന്റെ ഫ്രെയിമും ഹെയര്‍ സ്റ്റൈലുമുള്ള ഒരാളെയാണ് ഇവിടെ കൊണ്ടുവന്നത്. ഇവിടെ അയാളുടെ നിഴല്‍ മാത്രമാണ് കാണിക്കുന്നത്.

നരേന്‍ ആകാം, അല്ലാതെയുമിരിക്കാം എന്ന കണ്‍ഫ്യൂഷന്‍ അവിടെ ഉണ്ടായില്ലെങ്കില്‍ ചിലപ്പോള്‍ സിനിമ അപ്പോള്‍ തന്നെ പൊളിഞ്ഞു പോകാന്‍ സാധ്യതയുണ്ട്. സസ്‌പെന്‍സ് പൊളിഞ്ഞു പോകില്ലേ. അതുകൊണ്ടാണ് നരേന് പകരം മറ്റൊരാളെ വെച്ച് ആ സീന്‍ ചെയ്തത്,’ ലാല്‍ ജോസ് പറയുന്നു.

ക്ലാസ്മേറ്റ്സ് സിനിമ ചെയ്യുമ്പോള്‍ അതില്‍ 90കളിലെ ക്യാമ്പസില്‍ നടക്കുന്ന കാര്യങ്ങളാണ് പറഞ്ഞതെന്നും അതുകൊണ്ട് 90കളിലെ ഡ്രസിങ് പാറ്റേണായിരുന്നു വേണ്ടതെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു. അത് മനസിലാക്കാന്‍ വേണ്ടി ആ കാലത്ത് ഇറങ്ങിയ സിനിമകളാണ് താന്‍ കണ്ടതെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

ചില സിനിമകളൊക്കെ റെഫറന്‍സ് മെറ്റീരിയല്‍ കൂടിയാണെന്നും ഒരു കാലഘട്ടത്തെയാണ് സിനിമയിലൂടെ കാണിക്കുന്നതെന്നും ലാല്‍ ജോസ് പറഞ്ഞു. ആ കാലത്തെ സ്ഥലത്തിന്റെ ജോഗ്രഫി ഉള്‍പ്പെടെ ചില സിനിമയില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നു.


Content Highlight: Lal Jose Talks About Naren’s Scene In Classmates Movie