കള്ളന്‍ കാമുകനായാല്‍ എങ്ങനെ ഉണ്ടാകും എന്ന കുസൃതി ചിന്തയില്‍ നിന്നാണ് മീശമാധവന്‍ ഉണ്ടായത്: ലാല്‍ ജോസ്
Malayalam Cinema
കള്ളന്‍ കാമുകനായാല്‍ എങ്ങനെ ഉണ്ടാകും എന്ന കുസൃതി ചിന്തയില്‍ നിന്നാണ് മീശമാധവന്‍ ഉണ്ടായത്: ലാല്‍ ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 11th July 2025, 1:27 pm

 

മലയാളത്തില്‍ വലിയ വിജയമായി മാറിയ ചിത്രമായിരുന്നു ലാല്‍ജോസ് സംവിധാനം ചെയ്ത 2002ല്‍ പുറത്തിറങ്ങിയ മീശമാധവന്‍. ദിലീപ്, കാവ്യ മാധവന്‍, ജഗതി ശ്രീകുമാര്‍, ഇന്ദ്രജിത്ത് തുടങ്ങി വമ്പന്‍ താരനിര ഒന്നിച്ച സിനിമയുടെ കഥ ഒരുക്കിയത് രഞ്ജന്‍ പ്രമോദ് ആയിരുന്നു. ഇറങ്ങി 20 വര്‍ഷങ്ങള്‍ക്കിപ്പുറവും റിപ്പീറ്റ് വാല്യുവുള്ള ചിത്രമാണ് ഇത്. ഇപ്പോള്‍ മീശമാധവന്‍ എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ലാല്‍ ജോസ്.

താന്‍ മീശമാധവന്‍ ചെയ്യുന്ന സമയം വരെയും കള്ളന്‍ എന്നാല്‍ ആളുകള്‍ക്ക് പേടിയുളള ഒരു വ്യക്തിയാണെന്നും കള്ളനെ ആരും സ്‌നേഹിക്കുകയില്ലെന്നും ലാല്‍ ജോസ് പറയുന്നു. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്നരീതിയില്‍ ഒരു കള്ളനെ സൃഷ്ടിക്കണമെന്നാണ് താന്‍ വിചാരിച്ചതെന്നും ഒരു കള്ളന്‍ കാമുകനായാല്‍ എങ്ങനെ ഉണ്ടാകുമെന്ന തന്റെ കുസൃതി ചിന്തയില്‍ നിന്നാണ് മീശ മാധവന്‍ എന്ന സിനിമയുണ്ടായതെന്നും അദ്ദേഹം പറയുന്നു.

സ്വന്തം വീട്ടില്‍ മോഷ്ടിക്കുന്ന ഒരു കള്ളനോട് മറ്റുള്ളവര്‍ക്ക് എങ്ങനെ സ്‌നേഹമുണ്ടാകുമെന്നും അതിനുള്ള ന്യായീകരണങ്ങളായാണ് സിനിമയില്‍ മറ്റ് കാര്യങ്ങള്‍ കാണിച്ചതെന്നും ലാല്‍ ജോസ് പറഞ്ഞു. ജിഞ്ചര്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മീശ മാധവന്‍ ചെയ്യുന്ന സമയത്ത് ഈ കള്ളന്‍ എന്ന് പറയുന്നത് ആളുകള്‍ക്ക് പേടിയുള്ള ഒരാളാണ്. കള്ളനെ ആരും സ്‌നേഹിക്കില്ല. ഒരു കള്ളനെ ആരും പ്രേമിക്കില്ല. അത്തരത്തില്‍ ലൈക്കബിളായിട്ടൊരു കള്ളനെ എങ്ങനെ ഉണ്ടാക്കാം എന്നാണ് ഞാന്‍ ചിന്തിച്ചത്. കാമുകന്മാരൊക്കെ കള്ളന്മാര് തന്നെയാണ്. പക്ഷേ ഒരു കള്ളന്‍ കാമുകനാകുമ്പോള്‍ എങ്ങനെ ഉണ്ടാകും എന്നുള്ള കുസൃതി ചിന്തകളില്‍ നിന്നാണ് മീശമാധവന്‍ ഉണ്ടാകുന്നത്.

സ്വന്തം വീട്ടില്‍ നിന്ന് മോഷ്ടിക്കുന്ന ഒരുത്തനോട് ആളുകള്‍ക്ക് എങ്ങനെ സ്‌നേഹമുണ്ടാകും. അതിനെന്തൊക്കെ ന്യായീകരണങ്ങള്‍ വേണമെന്നാണ് നമ്മള്‍ അതില്‍ ആലോചിച്ചത്. മീശമാധവന്‍ ഒരു വെസ്റ്റേണ്‍ സിനിമകളുടെ പാറ്റേണില്‍ ഉള്ള ഒരു സിനിമയാണ്. കൗബോയ് ഫിലിംസിന്റെയൊക്കെ പാറ്റേണിലാണ് സിനിമ ചെയ്തിരിക്കുന്നത്,’ ലാല്‍ ജോസ് പറയുന്നു.

Content Highlight: Lal jose  talks  about Meesha madhavan movie