പൃഥ്വിരാജിനൊപ്പമുള്ള ആ സീന്‍ ചെയ്യുമ്പോള്‍ മണിക്ക് താന്‍ പഴയ ആളാണല്ലോയെന്ന തോന്നലുണ്ടായി: ലാല്‍ ജോസ്
Malayalam Cinema
പൃഥ്വിരാജിനൊപ്പമുള്ള ആ സീന്‍ ചെയ്യുമ്പോള്‍ മണിക്ക് താന്‍ പഴയ ആളാണല്ലോയെന്ന തോന്നലുണ്ടായി: ലാല്‍ ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 6th July 2025, 8:49 am

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് ലാല്‍ ജോസ്. അദ്ദേഹത്തിന്റെ സംവിധാനത്തില്‍ എത്തിയ സിനിമകളില്‍ ഏറെ മികച്ച ഒന്നാണ് അയാളും ഞാനും തമ്മില്‍. 

പൃഥ്വിരാജ് സുകുമാരന്‍ നായകനായി എത്തിയ ചിത്രത്തില്‍ കലാഭവന്‍ മണിയും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ഇപ്പോള്‍ മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഈ ചിത്രത്തെ കുറിച്ചും കലാഭവന്‍ മണിയെ കുറിച്ചും പറയുകയാണ് ലാല്‍ ജോസ്.

അയാളും ഞാനും തമ്മില്‍ എന്ന സിനിമയില്‍ കലാഭവന്‍ മണി പൃഥ്വിരാജിന്റെ കാല് പിടിക്കുന്ന സീനുണ്ട്. ഹോസ്പിറ്റലില്‍ വെച്ചുള്ള സീനായിരുന്നു അത്. ആ സീന്‍ ചെയ്താല്‍ വളരെ ഓവറായിരിക്കുമെന്ന് മണി പറഞ്ഞിരുന്നു.

കാരണം ഇപ്പോഴുള്ള ന്യൂ ജനറേഷന്‍ ആളുകളൊക്കെ വളരെ സട്ടിലായ ആക്ടിങ്ങിന്റെ ആളുകളാണല്ലോ. എന്നാല്‍ ഈ സീന്‍ വന്നാല്‍ വലിയ ഡ്രാമ ആയിരിക്കുമെന്നും ഓവറാകുമെന്നും മണി പറഞ്ഞു.

താന്‍ പഴയ ആളാണല്ലോയെന്ന തോന്നല്‍ മണിക്ക് ആ സമയത്ത് ഉണ്ടായിരുന്നു. അതുകൊണ്ട് പഴയ രീതിയിലാണോ ചെയ്യുന്നത് എന്ന സംശയവും ഉണ്ടായിരുന്നു. അത് വളരെ സ്വാഭാവികമായ തോന്നലായിരുന്നു.

അഭിനേതാക്കള്‍ക്ക് എപ്പോഴും സംശയങ്ങളുണ്ടാകും. അവരെ കൊണ്ട് റോങ്ങായ കാര്യങ്ങളാണോ ചെയ്യിക്കുന്നതെന്ന തോന്നല്‍ എപ്പോഴും അവര്‍ക്ക് വരും. അത് അവര്‍ ഇടയ്ക്കിടെ വെരിഫൈ ചെയ്യും. അല്ലെങ്കില്‍ അവര് തന്നെയാണല്ലോ കുഴപ്പത്തില്‍ ആകുന്നത്.

ഞാന്‍ അന്ന് മണിയോട് ആ സീന്‍ അങ്ങനെ തന്നെ വേണമെന്ന് പറഞ്ഞു. കാരണം ഞാനാണ് ആ സിനിമയുടെ സംവിധായകന്‍. അത് എന്റെ സിനിമയാണ്. പുതിയ ജനറേഷന് ഇഷ്ടമായില്ലെങ്കിലും എനിക്ക് കുഴപ്പമില്ലായിരുന്നു. എനിക്ക് ആ സീന്‍ ഇഷ്ടമാകും (ചിരി),’ ലാല്‍ ജോസ് പറയുന്നു.

അയാളും ഞാനും തമ്മില്‍ (2012):

ബോബി – സഞ്ജയ്മാരുടെ തിരക്കഥയില്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് അയാളും ഞാനും തമ്മില്‍. പൃഥ്വിരാജ് സുകുമാരന്‍ നായകനായി എത്തിയ സിനിമയില്‍ സംവൃത സുനില്‍, നരേന്‍, പ്രതാപ് പോത്തന്‍, കലാഭവന്‍ മണി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളായി അഭിനയിച്ചത്.

പൃഥ്വിരാജിന് ആ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും ലാല്‍ ജോസിന് മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും ആ ചിത്രത്തിലൂടെ ലഭിച്ചിരുന്നു. ആ വര്‍ഷത്തെ ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കിയതും അയാളും ഞാനും തമ്മിലായിരുന്നു.


Content Highlight: Lal Jose Talks About Kalabhavan Mani