| Tuesday, 15th April 2025, 6:05 pm

ലാലേട്ടന്‍, മമ്മൂക്ക, ജയറാമേട്ടന്‍, സുരേഷ് ഗോപി; അവരുടെ പോസ്റ്ററടിച്ച് 100 ദിവസം ആ സിനിമയോടി: ലാല്‍ ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജയരാജ് സംവിധാനം നിര്‍വഹിച്ച് 1997ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ദേശാടനം. സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ചിത്രം താരബാഹുല്യമില്ലാതെ ചുരുങ്ങിയ ചെലവിലായിരുന്നു നിര്‍മിക്കപ്പെട്ടത്.

ഏറെ ജനപ്രീതി നേടിയ സിനിമയില്‍ മിനി നായര്‍, മാസ്റ്റര്‍ കുമാര്‍, വിജയരാഘവന്‍, ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി തുടങ്ങിയവരായിരുന്നു പ്രധാനവേഷത്തില്‍ എത്തിയത്.

ഇപ്പോള്‍ വലിയ സ്റ്റാര്‍ കാസ്റ്റിങ്ങില്ലാതെ ദേശാടനം തിയേറ്ററില്‍ നൂറ് ദിവസമോടിയതിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. തന്റെ യൂട്യൂബ് ചാനലില്‍ സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശാടനം എന്ന പേരില്‍ ജയരാജ് സാര്‍ ഒരു സിനിമ ചെയ്തിരുന്നു. ആ സിനിമയില്‍ വിജയരാഘവന്‍ ചേട്ടന്‍ മാത്രമാണ് അറിയപ്പെടുന്ന ആളായിട്ട് ഉണ്ടായിരുന്നുള്ളൂ. ബാക്കിയെല്ലാവരും പുതിയ ആളുകളായിരുന്നു.

ആ സിനിമയുടെ റിലീസിന് മുമ്പ് സിനിമാക്കാര്‍ക്ക് മാത്രമായി ഒരു ഷോ വെച്ചു. അത് കാണാനായി കുറേ സിനിമാക്കാര്‍ വന്നിരുന്നു. സ്വാഭാവികമായിട്ടും സിദ്ദിഖ്-ലാലും ആ സിനിമ കാണാന്‍ ഉണ്ടായിരുന്നു.

അവര്‍ ജയരാജിന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു. സിനിമ കണ്ട ശേഷം എങ്ങനെ തിയേറ്ററിലേക്ക് ആളെ കയറ്റാമെന്ന ചര്‍ച്ച വന്നു. അന്ന് സിദ്ദീഖും ലാലും ഒരു ബുദ്ധി പറഞ്ഞു കൊടുത്തു.

ആദ്യം മമ്മൂക്കയുടെയും ലാലേട്ടന്റെയും ജയറാമേട്ടന്റെയുമൊക്കെ പെര്‍മിഷന്‍ വാങ്ങി. എന്നിട്ട് അവരുടെ വലിയ മുഖം വെച്ച് പോസ്റ്ററടിച്ചു. അതില്‍ കൊടുത്ത ക്യാപ്ഷന്‍ ‘ഞാന്‍ ഈ സിനിമയില്‍ ഇല്ല. പക്ഷെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചു പോയി’ എന്നായിരുന്നു.

സിനിമയില്‍ അഭിനയിച്ച കുട്ടേട്ടന്റെയൊന്നും (വിജയരാഘവന്‍) പോസ്റ്റര്‍ അധികം ഉണ്ടായിരുന്നില്ല. പകരം ലാലേട്ടന്‍, മമ്മൂക്ക, ജയറാമേട്ടന്‍, സുരേഷ് ഗോപി തുടങ്ങി ആളുകളുടെ പോസ്റ്ററുകളായിരുന്നു ഉപയോഗിച്ചത്.

ആ ക്യാമ്പെയിന്‍ അന്ന് വളരെ നന്നായി എഫക്ടീവായി. ആളുകളെല്ലാം സിനിമ കാണാന്‍ വന്നു. അങ്ങനെ ദേശാടനം നൂറ് ദിവസം തിയേറ്ററില്‍ ഓടുകയും വലിയ വിജയമാകുകയും ചെയ്തു. അത്രയും പ്രാക്ടിക്കലായ ഗംഭീര ബ്രില്യന്‍സുള്ള ആളുകളായിരുന്നു സിദ്ദിഖും ലാലും,’ ലാല്‍ ജോസ് പറയുന്നു.


Content Highlight: Lal Jose Talks About Desadanam Movie And Siddique-Lal

We use cookies to give you the best possible experience. Learn more