മലയാള സിനിമയ്ക്ക് മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ലാല്‍ ജോസ്. കമലിനൊപ്പം പതിനാലോളം സിനിമകളില്‍ സഹായിയായി പ്രവര്‍ത്തിച്ച ലാല്‍ ജോസ് ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനായത്. പിന്നീട് മീശമാധവന്‍, അറബിക്കഥ, ക്ലാസ്‌മേറ്റ്‌സ്, ഡയമണ്ട് നെക്ലെയ്‌സ് തുടങ്ങി ഒരുപിടി മികച്ച സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിക്കാന്‍ ലാല്‍ ജോസിന് സാധിച്ചു.
ലാല്‍ ജോസിന്റെ സംവിധാനത്തില്‍ 2012ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അയാളും ഞാനും തമ്മില്‍. പൃഥ്വിരാജ് സംവൃത സുനില്‍, പ്രതാപ് പോത്തന്‍, തുടങ്ങിയവര്‍ പ്രധാനവേഷത്തില്‍ എത്തിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ബോബി-സഞ്ജയ് ആണ്.
സിനിമയിലെ ഏറ്റവും ഇമോഷണലായ രംഗമാണ് പൃഥ്വിരാജ് ക്ഷമാപണം എന്ന പോലെ കുട്ടിയുടെ കാലില്‍ തൊടുന്ന സീന്‍. ആ രംഗത്തില്‍ തുള്ളിമഞ്ഞിനുള്ളില്‍ എന്ന ഗാനത്തിന്റെ ബാക്ഗ്രൗണ്ട് മ്യൂസിക്ക് കൂടി വരുന്നുണ്ട്. ഈ സീനിനെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ ലാല്‍ ജോസ്. ആ സീന്‍ പ്ലാന്‍ഡാണെന്നും തിരക്കഥയില്‍ ഉള്ളതാണെന്നും അദ്ദേഹം പറയുന്നു.
കഥയില്‍ ആ പര്‍ട്ടിക്കുലര്‍ സീനുള്ളതുകൊണ്ടാണ് സിനിമ ചെയ്യാന്‍ താന്‍ തീരുമാനിച്ചതെന്നും കുട്ടിയെ ചികിത്സിക്കാന്‍ കഴിയില്ലെന്ന് പറയുന്ന അവസ്ഥയിലേക്ക് ഒരു ഡോക്ടറെ എത്തിച്ച സംഭവം എന്താണെന്നുള്ളത് കൗതുകം ജനിപ്പിക്കുന്നതാണെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അത് പ്ലാന്‍ഡാണ്. അത് സ്‌ക്രിപ്റ്റിലുള്ളതാണ്. സിനിമ ഞാന്‍ ചെയ്യാമെന്ന് തീരുമാനിക്കുന്നത് തന്നെ കഥയില്‍ ആ മൊമന്റ് എനിക്ക് ഇഷ്ടമായതുകൊണ്ടാണ്. ഒരു ഡോക്ടര്‍ കുഞ്ഞിനെ ചികിത്സിക്കാന്‍ കഴിയില്ല എന്ന് പറയുന്ന അത്രയും ക്രൂരനാകുന്ന ഒരു സാഹചര്യം. എന്തുകൊണ്ട് അയാള്‍ ആ അവസ്ഥയിലേക്കെത്തി എന്നത് കൗതുകമുള്ള കാര്യമാണ്. പിന്നെ അയാള്‍ കുഞ്ഞിന്റെ കാല് തൊട്ട് മനസില്‍ മാപ്പ് പറയുന്ന നിമിഷം. അത് രണ്ടും സ്‌ക്രിപ്റ്റില്‍ ഉണ്ടായിരുന്നതാണ്,’ ലാല്‍ ജോസ് പറയുന്നു.
Content highlight: Lal Jose says that he made the film Ayalum Njanum Thammil because he liked a particular scene in the script.