വര്‍ഷങ്ങളോളം ആട്ടും തൂപ്പം കേട്ട് അസിസ്റ്റന്റായി നിന്നാല്‍ മാത്രമേ നന്നായി സിനിമ ചെയ്യാനാകൂ: ചര്‍ച്ചയായി ലാല്‍ ജോസിന്റെ പ്രസ്താവന
Malayalam Cinema
വര്‍ഷങ്ങളോളം ആട്ടും തൂപ്പം കേട്ട് അസിസ്റ്റന്റായി നിന്നാല്‍ മാത്രമേ നന്നായി സിനിമ ചെയ്യാനാകൂ: ചര്‍ച്ചയായി ലാല്‍ ജോസിന്റെ പ്രസ്താവന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 11th August 2025, 7:11 pm

കമല്‍, ലോഹിതദാസ്, തമ്പി കണ്ണന്താനം, വിനയന്‍ തുടങ്ങിയവരുടെ അസിസ്റ്റന്റായി സിനിമാലോകത്തേക്കെത്തിയ ആളാണ് ലാല്‍ ജോസ്. മമ്മൂട്ടിയെ നായകനാക്കി ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയായിരുന്നു ലാല്‍ ജോസ് സ്വതന്ത്ര സംവിധായകനായത്. മീശമാധവന്‍, ക്ലാസ്‌മേറ്റ്‌സ്, അയാളും ഞാനും തമ്മില്‍ തുടങ്ങി നിരവധി ഹിറ്റുകള്‍ സിനിമാപ്രേമികള്‍ക്ക് അദ്ദേഹം സമ്മാനിച്ചു.

എന്നാല്‍ അടുത്തിടെ ലാല്‍ ജോസ് നടത്തിയ ഒരു പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. സിനിമ ചെയ്യുന്നതിന് മുമ്പ് ആരുടെയെങ്കിലും അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്യേണ്ടത് അത്യാവശ്യമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ അത് പറഞ്ഞ രീതിയാണ് സോഷ്യല്‍ മീഡിയയില്‍ കീറിമുറിക്കപ്പെടുന്നത്.

ഒരു സെമിനാറിനിടെ സദസിലിരുന്ന ഒരാള്‍ വെക്കേഷന്‍ സമയത്ത് സിനിമാ സെറ്റില്‍ വന്ന് ഷൂട്ടിങ് കണ്ട് പഠിച്ചോളാമെന്നും അതിന് അനുവദിക്കാമോ എന്നും ചോദിച്ചു. പൈസയോ ഭക്ഷണമോ ആവശ്യമില്ലെന്നും അയാള്‍ പറഞ്ഞു. എന്നാല്‍ ഇത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നായിരുന്നു ലാല്‍ ജോസിന്റെ മറുപടി.

‘ആയിരക്കണക്കിന് ആളുകള്‍ വര്‍ഷങ്ങള്‍ കത്തിച്ചു കളഞ്ഞിട്ട് ലൈഫ് ബെറ്റ് ചെയ്ത് ആളുകളുടെ ആട്ടും തുപ്പും കൊണ്ട് അപമാനിതരായി നടന്നു കഷ്ടപ്പെട്ടിട്ട് ചെയ്യുന്ന പരിപാടി ആണിത്. അതങ്ങനെ സൂത്രത്തില്‍ നിന്ന് പഠിക്കാന്‍ നോക്കിയാ അത് നടക്കൂല. അതങ്ങ് പള്ളിയില്‍ പോയി പറഞ്ഞാ മതി.

എനിക്ക് ഹാര്‍ട്ട് സര്‍ജറി ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ, നാല് വര്‍ഷം എം.ബി.ബി.എസിന് പഠിക്കാനൊന്നും താത്പര്യമില്ല. ഒരുതവണ സര്‍ജറി ചെയ്യുന്നത് കാണിച്ച് തന്നാല്‍ ഞാന്‍ അതുപോലെ ചെയ്യുമെന്ന് പറയുന്നതുപോലെയാണ് അയാള്‍ ഇപ്പോള്‍ പറഞ്ഞത്. സിനിമയും വളരെ സൂക്ഷ്മതയോടെ പഠിക്കേണ്ട കാര്യമാണ്. വര്‍ഷങ്ങളോളം അസിസ്റ്റന്റായി നിന്ന് ആട്ടും തൂപ്പം കേട്ടിട്ടല്ലാതെ നിങ്ങള്‍ക്ക് നല്ല സിനിമയെടുക്കുന്നത് പഠിക്കാനാകില്ല,’ ലാല്‍ ജോസ് പറയുന്നു.

എന്നാല്‍ ടെക്‌നോളജി ഇത്രയും വളര്‍ന്ന കാലത്ത് അസിസ്റ്റന്റായി നിന്ന് ആട്ടും തൂപ്പം കേട്ടാല്‍ മാത്രമേ നല്ല സംവിധായകനാന്‍ കഴിയൂ എന്നത് അമ്മാവന്‍ ചിന്താഗതിയാണെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ലോകപ്രശസ്ത സംവിധായകന്‍ ക്വിന്റണ്‍ ടാറന്റിനോ ആരുടെയും അസിസ്റ്റന്റായിട്ടില്ലെന്നും അയാളുടെ സിനിമകള്‍ ക്ലാസിക്കുകളാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ ഈ വിഷയത്തില്‍ ലാല്‍ ജോസിനെ അനുകൂലിച്ചും ചിലര്‍ രംഗത്തെത്തി. യാതൊരു എഫര്‍ട്ടുമിടാതെ നോക്കി നിന്ന് തങ്ങളുടെ സ്‌കില്‍ മോഷ്ടിച്ചുകൊണ്ട് പോകുന്നത് ആര്‍ക്കായാലും അംഗീകരിക്കാനാകാത്തതാണെന്നും അതുകൊണ്ടാണ് ലാല്‍ ജോസ് അങ്ങനെ പറഞ്ഞതെന്നും അനുകൂലിക്കുന്നവര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ അതിന് അദ്ദേഹം ഉപയോഗിച്ച വാക്കുകള്‍ പ്രശ്‌നമുള്ളതാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. 15 വര്‍ഷം അസിസ്റ്റന്റായി നിന്ന അനുഭവത്തിലാണ് ലാല്‍ ജോസ് അങ്ങനെ പറഞ്ഞതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Content Highlight: Lal Jose’s statement about assistant director viral in social media